ഗില്ലും റിഷഭ് പന്തുമുണ്ടായിരുന്നു, എന്നിട്ടും എന്തുകൊണ്ട് ബുമ്ര വൈസ് ക്യാപ്റ്റനായി? കാരണമുണ്ട് ആ തീരുമാനത്തിന്
ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ജസ്പ്രിത് ബുമ്രയെ നിയമിച്ചത് ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് വൈസ് ക്യാപ്റ്റന്‍ ഉണ്ടായിരുന്നില്ല.
മുംബൈ: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച അതേ ടീമുമായിട്ടാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. ആകെ വന്ന ഒരു മാറ്റം, യഷ് ദയാലിന് സ്ഥാനം നഷ്ടമായി എന്നുള്ളതാണ്. പരിക്കില്‍ നിന്നും പൂര്‍ണ മുക്തനല്ലാത്ത മുഹമ്മദ് ഷമി ഇനിയും കാത്തിരിക്കണം. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ മൂന്ന് ടെസ്റ്റുകളാണ് കളിക്കുന്നത്. അതില്‍ ആദ്യത്തേത് ഒക്ടോബര്‍ 16ന് ബെംഗളൂരുവില്‍ ആരംഭിക്കും. പിന്നാലെ പൂനെയിലും മുംബൈയിലുമാണ് രണ്ടും മൂന്നും ടെസ്റ്റുകള്‍.
ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ജസ്പ്രിത് ബുമ്രയെ നിയമിച്ചത് ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് വൈസ് ക്യാപ്റ്റന്‍ ഉണ്ടായിരുന്നില്ല. ഭാവി മുന്നില്‍കണ്ട് ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കിവീസിനെതിരായ പരമ്പരയില്‍ ബുമ്രയാണ് വൈസ് ക്യാപ്റ്റനായത്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. പരിചയസമ്പത്ത് മുന്‍നിര്‍ത്തിയാണ് ബുമ്രയെ വൈസ് ക്യാപ്റ്റനാക്കിയത്. മാത്രമല്ല, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്. അങ്ങനെ വരുമ്പോള്‍ നയിക്കാന്‍ പ്രാപ്തനായ ഒരാള്‍ വേണമെന്ന നിലപാടിലാണ് ടീം മാനേജ്‌മെന്റ്. ശുഭ്മാന്‍ ഗില്ലിന് അതിനുള്ള പ്രാപ്തിയായിട്ടില്ലെന്ന ചിന്തയും വന്നിരിക്കാം.
2022 മാര്‍ച്ചില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് ഹോം പരമ്പരയില്‍ ബുമ്ര വൈസ് ക്യാപ്റ്റനായിട്ടുണ്ട്. 2023-24 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റിലും തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. 2022ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തിലും ബുമ്ര ഇന്ത്യയെ നയിക്കുകയും ചെയ്തു.
ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ് , ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍).
ട്രാവലിംഗ് റിസര്‍വ് : ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ് കൃഷ്ണ.