കൈയിലിരുന്ന കളി കൈവിട്ടു, ഇനി എളുപ്പമല്ല; മെല്‍ബണിൽ ഇന്ത്യക്ക് പിന്തുടര്‍ന്ന് ജയിക്കേണ്ടത് റെക്കോര്‍ഡ് സ്കോർ
മെല്‍ബണില്‍ ആകെ 34 തവണയാണ് നാലാം ഇന്നിംഗ്സില്‍ ടീമുകള്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ളത്. ഇതില്‍ 21 തവണയും ജയിച്ചത് ഓസ്ട്രേലിയയണ്. എട്ട് തവണ ഇംഗ്ലണ്ടും ജയിച്ചു.
മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ 105 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയശേഷം ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ 91-6ലേക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ വിജയപ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാല്‍ ആദ്യം മാര്‍നസ് ലാബുഷെയ്നും പാറ്റ് കമിന്‍സും ചേര്‍ന്ന 57 റൺസ് കൂട്ടുകെട്ടും അവസാന വിക്കറ്റില്‍ നഥാന്‍ ലിയോണും സ്കോട് ബോളണ്ടും ചേര്‍ന്ന് നേടിയ 55 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടും ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 333 റണ്‍സിന്‍റെ ലീഡാണ് ഓസീസിനുള്ളത്. അവസാന ദിനം 90 ഓവറില്‍ 350ന് അടുത്ത വിജയലക്ഷ്യമാകും ഓസീസ് ഇന്ത്യക്ക് മുന്നില്‍വെക്കുക.
അപ്രതീക്ഷിത ബൗണ്‍സുമായി പ്രവചനാതീത സ്വഭാവം കാണിക്കുന്ന മെൽബണിലെ പിച്ചില്‍ 350 റണ്‍സ് അടിച്ചെടുക്കുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമല്ല. മെല്‍ബണിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസിന്‍റെ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്‍റെ പേരിലാണ്. 332 റണ്‍സായിരുന്നു ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയിച്ചത്. എന്നാലത് 1928ലായിരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് ഓസ്ട്രേലിയയുടെ പേരിലാണ്. 2013ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 231 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പിന്തുടര്‍ന്ന് ജയിച്ചു. 2008ല്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക 183 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചേസ് ചെയ്ത് ജയിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടില്‍ സന്ദര്‍ശക ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസും ഇതുതന്നെയാണ്.
പിടിച്ചുനിന്ന് ലാബുഷെയ്നും കമിന്‍സും, കൈവിട്ടു കളിച്ച് ജയ്സ്വാള്‍, ഓസീസ് ലീഡ് 200 കടന്നു
മെല്‍ബണില്‍ ആകെ 34 തവണയാണ് നാലാം ഇന്നിംഗ്സില്‍ ടീമുകള്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ളത്. ഇതില്‍ 21 തവണയും ജയിച്ചത് ഓസ്ട്രേലിയയണ്. എട്ട് തവണ ഇംഗ്ലണ്ടും ജയിച്ചു. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ഒരേയൊരു ഏഷ്യന്‍ ടീം മാത്രമാണ് മെല്‍ബണില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത്. അത് ഇന്ത്യയാണ്. പക്ഷെ 2020ല്‍ ഇന്ത്യക്ക് മുന്നിലെ വിജയലക്ഷ്യം 70 റണ്‍സ് മാത്രമായിരുന്നു. അന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.
ഇത്തവണ ഇന്ത്യക്ക് മുന്നിലുള്ള വിജയലക്ഷ്യം 330നും മുകളിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയും. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷഭ് പന്തും വിരാട് കോലിയുമൊന്നും പതിവ് ഫോമിലേക്ക് ഉയരാത്ത പരമ്പരയില്‍ ഇത്രയും വലിയ ലക്ഷ്യം ഇന്ത്യക്ക് അടിച്ചെടുക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അത് സാധിച്ചാല്‍ സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിന് മുമ്പ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താം. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക