ബുമ്രയുടെ പന്തിൽ വീണിട്ടും വീഴാതെ ലിയോൺ, ഓസ്ട്രേലിയയുടെ അവസാന വിക്കറ്റ് വീഴ്ത്താൻ വഴിയറിയാതെ വിയര്‍ത്ത് ഇന്ത്യ

രണ്ടാംന്യൂബോളിലെ തന്‍റെ ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബുമ്ര നഥാന്‍ ലിയോണിനെ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചതായിരുന്നു.

Heart Break For India and Jasprit Bumrah, Nathan Lyon Survives in a no ball, After KL Rahul's Spectacular Catch

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ആദ്യം കൈവിട്ടത് യശസ്വി ജയ്സ്വാളാണ്. ഓസ്ട്രേലിയയുടെ മൂന്ന് അനായാസ ക്യാച്ചുകളാണ് ജയ്സ്വാള്‍ ഇന്ന് കൈവിട്ടത്. ആദ്യം ഉസ്മാന്‍ ഖവാജയെ കൈവിട്ട ജയ്സ്വാള്‍ പിന്നീട് മാര്‍നസ് ലാബുഷെയ്നിനെയും പാറ്റ് കമിന്‍സിനെയും കൈവിട്ടു. നാലാം ദിനം ചായക്ക് ശേഷം ലാബുഷെയ്നും സ്റ്റാര്‍ക്കും കമിന്‍സും വീഴുമ്പോള്‍ ഓസ്ട്രേലിയന്‍ സ്കോര്‍ 173 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. ആകെ ലീഡ് 279 റണ്‍സും.

എന്നാല്‍ അവസാന വിക്കറ്റില്‍ അപ്രതീക്ഷിത ചെറുത്തുനില്‍പ്പുമായി ക്രീസില്‍ നിന്ന നഥാന്‍ ലിയോണും സ്കോട് ബോളണ്ടും ചേര്‍ന്ന് 55 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തകര്‍ക്കുന്ന കാഴ്ചയാണ് മെല്‍ബണില്‍ അവസാന മണിക്കൂറില്‍ കണ്ടത്. ഓസീസ് വാലറ്റക്കാരെ വീഴ്ത്താന്‍ വഴിയറിയാതെ വിയര്‍ത്ത ഇന്ത്യ തന്ത്രങ്ങളില്ലാതെ വലഞ്ഞു. രണ്ടാം ന്യൂബോളിലായി പിന്നീട് ഇന്ത്യയുടെ ഏക പ്രതീക്ഷ. ഇതിനിടെ ഓസീസ് ലീഡ് 300ഉം കടന്ന് കുതിച്ചിരുന്നു.

സ്റ്റീവ് സ്മിത്ത് വീണത് വിരാട് കോലി ഒരുക്കിയ കെണിയില്‍, പിന്നാലെ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ

ഒടുവില്‍ കാത്തിരിപ്പിനൊടുവില്‍ രണ്ടാം ന്യൂബോള്‍ എടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പക്ഷെ ഇത്തവണയും ഭാഗ്യം തുണച്ചില്ല.ആകാശ്ദീപിന്‍റെ പന്തില്‍ സ്കോട് ബോളണ്ടിനെതിരെ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നിഷേധിച്ചപ്പോള്‍ റിവ്യു എടുത്തെങ്കിലും റിവ്യു നഷ്ടമായി. മൂന്ന് റിവ്യുകളും നഷ്ടമായതിന് പിന്നാലെ രണ്ടാംന്യൂബോളിലെ തന്‍റെ ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബുമ്ര നഥാന്‍ ലിയോണിനെ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചതായിരുന്നു. കൈവിട്ട ക്യാച്ച് കെ എല്‍ രാഹുല്‍ കാലുകള്‍ക്കിടയില്‍ ഒതുക്കിയപ്പോള്‍ ഇന്ത്യ സമാധാനിച്ചെങ്കിലും പിന്നാലെ അമ്പയര്‍ നോ ബോള്‍ വിളിച്ചു.

അവസാന വിക്കറ്റ് വീഴ്ത്താന്‍ വഴിയറിയാതെ വിയര്‍ത്ത ഇന്ത്യക്കുള്ള ഇരുട്ടടിയായി ആ നോ ബോള്‍. പിന്നീട് ബുമ്രയെ ബൗണ്ടറി കടത്തിയ ലിയോണ്‍ ഓസീസിന് മുന്‍തൂക്കം നല്‍കുകയും ചെയ്തു. നേരത്തെ മുഹമ്മദ് സിറാജ് സ്വന്തം ബൗളിംഗില്‍ ലിയോണിനെ കൈവിട്ടിരുന്നു. നാലാം ദിനം ഓസീസിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ട് നേടിയ മുന്‍തൂക്കം അവസാന മണിക്കൂറില്‍ ഇന്ത്യ കൈവിടുന്ന കാഴ്ചയാണ് മെല്‍ബണില്‍ കണ്ടത്. 54 പന്ത് നേരിട്ട ലിയോണ്‍ 41 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ 65 പന്ത് നേരിട്ട ബോളണ്ട് 10 റണ്‍സുമായി ക്രീസിലുണ്ട്. 56 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രക്ക് അഞ്ച് വിക്കറ്റ് തികയ്ക്കാനുള്ള സുവര്‍ണാവസരമാണ് ലിയോണിനെ പുറത്താക്കിയ പന്ത് നോ ബോളായതിലൂടെ നഷ്ടമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios