ടി20 ലോകകപ്പ്: ടൂര്‍ണമെന്‍റിലെ താരത്തെ തെരഞ്ഞെടുത്ത് ഗൗതം ഗംഭീര്‍
പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെപ്പോലെയുള്ള കളിക്കാരൊക്കെ മുമ്പും ഇന്ത്യക്കുണ്ടായിട്ടുണ്ട്. പക്ഷെ സൂര്യകുമാര്‍ യാദവ് തീര്‍ത്തും വ്യത്യസ്തനാണ്. കാണുക, ആശ്വദിക്കുക എന്നേ പറയാനുള്ളു. കാരണം, ഇത്തരം കളിക്കാരെ വളരെ അപൂര്‍വമായെ കിട്ടു.
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. വിരാട് കോലിയെയും രോഹിത് ശര്‍മയെയും പോലുള്ള കളിക്കാര്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടെങ്കിലും സൂര്യകുമാര്‍ യാദവിനെപ്പോലെ നാലാം നമ്പറിലിറങ്ങി ഇത്തരമൊരു മാസ്മരിക ഇന്നിംഗ്സ് കളിക്കാന്‍ കഴിയുന്നൊരു കളിക്കാരന്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു. സൂര്യകുമാര്‍ യാദവാകും ലോകകപ്പിന്‍റെ താരമെന്നും ഗംഭീര്‍ വ്യക്തമാക്കി.
പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെപ്പോലെയുള്ള കളിക്കാരൊക്കെ മുമ്പും ഇന്ത്യക്കുണ്ടായിട്ടുണ്ട്. പക്ഷെ സൂര്യകുമാര്‍ യാദവ് തീര്‍ത്തും വ്യത്യസ്തനാണ്. കാണുക, ആസ്വദിക്കുക എന്നേ പറയാനുള്ളു. കാരണം, ഇത്തരം കളിക്കാരെ വളരെ അപൂര്‍വമായെ കിട്ടു. ഇന്ത്യക്കാണെങ്കില്‍ ഇതിന് മുമ്പ് ഇത്തരമൊരു കളിക്കാരനെ ഇല്ലായിരുന്നു. പ്രത്യേകിച്ച് നാലാം നമ്പറില്‍. പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന കളിക്കാര്‍ ടീമിന് സ്ഥിരത നല്‍കും. പക്ഷെ സൂര്യകുമാറിന്‍റെ പ്രഹരശേഷി നോക്കു, 180നും 200നും അടുത്താണ് അത്. ഈ ലോകകപ്പില്‍ തന്നെ മൂന്ന് അര്‍ധസെഞ്ചുറികളായി. ഇന്ത്യ ലോകകപ്പ് നേടിയില്ലെങ്കിലും ഈ ടൂര്‍ണമെന്‍റിലെ താരം അയാള്‍ തന്നെയാണ്. കാരണം, ഓരോ കളിയിലും അയാള്‍ ചെലുത്തുന്ന സ്വാധീനം തന്നെ.
അയാള്‍ അന്യഗ്രഹ മനുഷ്യന്‍, സൂര്യയെ വാഴ്ത്തി പാക് ഇതിഹാസം
പവര്‍ പ്ലേയിലെ ആദ്യ ആറോവറില്‍ കളിക്കാനുള്ള ആഡംബരമൊന്നും അയാള്‍ക്ക് കിട്ടാറില്ല. അയാള്‍ നാലാം നമ്പറിലാണ് ഇറങ്ങുന്നത്. എന്നിട്ടും 175-180 സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്തുക എന്നത് അയാളെപ്പോലെ കളിയില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു കളിക്കാരനില്ലെന്നതിന്‍റെ തെളിവാണെന്നും ഗംഭീര്‍ പറഞ്ഞു.
സിംബാബ്‌വെക്കെതിരായ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ 71 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് മുന്നേറിയപ്പോള്‍ നിര്‍ണായകമായത് സൂര്യകുമാര്‍ യാദവിന്‍റെ ഇന്നിംഗ്സായിരുന്നു. 25 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യയാണ് 150ല്‍ താഴെ ഒതുങ്ങുമെന്ന് കരുതിയ ഇന്ത്യന്‍ ഇന്നിംഗ്സിനെ 186ല്‍ എത്തിച്ചത്. ആറ് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.