കോലി എല്ലാം കരുതിവെച്ചിരിക്കുന്നത് ഫൈനലിന് വേണ്ടി, ഫോമില്‍ ആശങ്കയില്ലെന്ന് രോഹിത്തും ദ്രാവിഡും
എന്നാല്‍ കോലിയുടെ ഫോമില്‍ യാതൊരു ആശങ്കയുമില്ലെന്നും ഏറ്റവും മികച്ച പ്രകടനം കോലി ഫൈനലിനായി കരുതിവെച്ചിരിക്കുകയാണെന്നും ദ്രാവിഡും രോഹിത്തും ഒരേസ്വരത്തില്‍ വ്യക്തമാക്കി.
ബാര്‍ബഡോസ്: ടി20 ലോകകപ്പ് സെമിയില്‍ വിരാട് കോലി ആദ്യമായി നിരാശപ്പെടുത്തിയെങ്കിലും കോലിയുടെ ഫോമില്‍ ആശങ്കയില്ലെന്ന് തുറന്നു പറഞ്ഞ് ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ. കരിയറില്‍ ഇതുവരെ കളിച്ച നാല് ടി20 സെമി ഫൈനലുകളില്‍ മൂന്നിലും അര്‍ധസെഞ്ചുറി നേടിയിരുന്ന കോലി ആദ്യമായാണ് ഇന്നലെ രണ്ടക്കം കടക്കാതെ പുറത്തായത്.
നേരിട്ട രണ്ടാം പന്തിൽ തന്നെ റീസ് ടോപ്‌ലിയെ സിക്സിന് പറത്തി നയം വ്യക്തമാക്കിയ കോലിയെ രണ്ട് പന്തിനിപ്പുറം വീഴ്ത്തി ആർസിബിയിലെ സഹതാരം കൂടിയായ ടോപ്‍ലി ഞെട്ടിച്ചിരുന്നു. ഔട്ടായശേഷം ഡഗ് ഔട്ടില്‍ നിരാശയോടെ ഇരിക്കുന്ന കോലിയെ ആശ്വസിപ്പിക്കാൻ മുഖ്യപരിശീലകൻ രാഹുല്‍ ദ്രാവിഡ് തന്നെ ശ്രമിക്കുന്നതും കാണാമായിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ കളിച്ച ഏഴ് കളികളില്‍ 75 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഉയര്‍ന്ന സ്കോറാകട്ടെ 37 റണ്‍സും.
എന്നാല്‍ കോലിയുടെ ഫോമില്‍ യാതൊരു ആശങ്കയുമില്ലെന്നും ഏറ്റവും മികച്ച പ്രകടനം കോലി ഫൈനലിനായി കരുതിവെച്ചിരിക്കുകയാണെന്നും ദ്രാവിഡും രോഹിത്തും ഒരേസ്വരത്തില്‍ വ്യക്തമാക്കി. വലിയ മത്സരങ്ങളില്‍ വിരാട് കോലിയുടെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ടീമിന് വ്യക്തമായി അറിയാമെന്നു 15 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്ന ഒരു കളിക്കാരന്‍റെ ഫോമിന് അത്രമാത്രം പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും രോഹിത് പറഞ്ഞു. കുറച്ചു സമയമെ ക്രീസിലുണ്ടായിരുന്നുള്ളുവെങ്കിലും കോലി നല്ല ടച്ചിലായിരുന്നു, കോലി ഒരുപക്ഷെ തന്‍റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് മാറ്റിവെച്ചിരിക്കുകയാവും. ഫൈനലില്‍ മികവ് കാട്ടാന്‍ കോലിയെ പൂര്‍ണമായും പിന്തുണക്കുമെന്നും രോഹിത് പറഞ്ഞു.
സെമിയില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 16.4 ഓവറില്‍ 103 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക