അവനൊക്കെ ശരിക്കും ഓവര്‍റേറ്റഡ് ആണ്, ഇന്ത്യൻ താരത്തിനെതിരെ തുറന്നടിച്ച് മുന്‍ ചീഫ് സെലക്ടര്‍
ഞാൻ എല്ലായ്പ്പോഴും പറയാറുള്ള കാര്യമാണ്, ഗില്‍ ഓവര്‍ റേറ്റഡ് കളിക്കാരനാണെന്ന്, പക്ഷെ ആരും കേട്ടില്ല.
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ യശശ്വി ജയ്സ്വാള്‍ ഒഴികെയുള്ള ഇന്ത്യൻ ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയെങ്കിലും കൂടുതല്‍ വിമര്‍ശനം നേരിട്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമാണ്. റിഷഭ് പന്തും രവീന്ദ്ര ജഡേജയുമെല്ലാം ബാറ്റിംഗില്‍ നിരാശപ്പെടുത്തിയവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ പ്രധാന താരങ്ങളൊക്കെ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും അധികം വിമര്‍ശനം ഏല്‍ക്കാത്ത താരം ശുഭ്മാന്‍ ഗില്ലാണ്. ഓസ്ട്രേലിയക്കെതിരെ കളിച്ച മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിംഗ്സുകളില്‍ 31, 28, 1, 20, 13 എന്നിങ്ങനെയായിരുന്നു ഗില്ലിന്‍റെ സ്കോര്‍.
ആദ്യ ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന ഗില്ലിന് മൂന്നാം ടെസ്റ്റിലും ടീമിലിടം കിട്ടിയിരുന്നില്ല. എന്നാല്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ ഒറ്റ അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിന്‍റെ രാജകുമാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗില്ലിന് തന്‍റെ പ്രതിഭക്കൊത്തെ പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിനെതിരെ തുറന്നടിട്ട് രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യൻ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ശുഭ്മാന്‍ ഗില്‍ ശരിക്കും ഓവര്‍റേറ്റഡ് കളിക്കാരനാണെന്നും അര്‍ഹിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഗില്ലിനെപ്പോലെയുള്ള താരങ്ങളെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അനാവശ്യമായി പിന്താങ്ങുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.
ഞാൻ എല്ലായ്പ്പോഴും പറയാറുള്ള കാര്യമാണ്, ഗില്‍ ഓവര്‍ റേറ്റഡ് കളിക്കാരനാണെന്ന്, പക്ഷെ ആരും കേട്ടില്ല. ഇത്രയും അവസരം ഗില്ലിന് കിട്ടുമ്പോള്‍ സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ള താരങ്ങള്‍ക്കും ടെസ്റ്റില്‍ അവസരം നല്‍കാവുന്നതല്ലെ ഏന്നാരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. സൂര്യകുമാര്‍ യാദവിനൊപ്പം റുതുരാജ് ഗെയ്ക്‌വാദിനെയും സായ് സുദര്‍ശനെയുമെല്ലാം ടോപ് ഓര്‍ഡറില്‍ ഗില്ലിന് പകരം സെലക്ടര്‍മാര്‍ പരിഗണിക്കണമെന്നും ഇവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി മികവ് കാട്ടുന്നുണ്ടെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.
സൂര്യകുമാര്‍ യാദവിന് ടെസ്റ്റില്‍ നല്ല തുടക്കമിടാനായിട്ടുണ്ടാവില്ല. പക്ഷെ അവന് മികച്ച ടെസ്റ്റ് ക്രിക്കറ്ററാവാനുള്ള പ്രതിഭയുണ്ട്. എന്നാല്‍ ഏതാനും ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ അവനെ വൈറ്റ് ബോള്‍ സ്പെഷലിസ്റ്റായി മുദ്രകുത്തി ടെസ്റ്റിലേക്ക് പരിഗണിക്കാതെയായി. അതുപോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടും റുതുരാജ് ഗെയ്ക്‌വാദിനെ ടീമിലേക്ക് പരിഗണിക്കുന്നതേയില്ല.അതുപോലെ എ ടീമിന്‍റെ പരമ്പരകളിലെല്ലാം തിളങ്ങിയിട്ടും സായ് സുദര്‍ശനെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ല. ഇത്തരം പ്രതിഭകള്‍ക്ക് അവസരം നല്‍കുന്നതിന് പകരം സെലക്ഷന്‍ കമ്മിറ്റി ഗില്ലിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക