അയാള്‍ ഇന്ത്യക്ക് ഒറ്റക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള താരമെന്ന് ഷെയ്ന്‍ വാട്സണ്‍
ഹാര്‍ദ്ദിക് പ്രതിഭാധനനായ കളിക്കാരനാണ്. ബൗള്‍ ചെയ്യുമ്പോള്‍ 140 കിലോ മീറ്ററിലേറെ വേഗം കണ്ടെത്തുന്ന പാണ്ഡ്യക്ക് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനാവും. അതുപോലെ ബാറ്റിംഗിലാണെങ്കില്‍ അദ്ദേഹം പുതിയ ഉയരങ്ങളിലേക്ക് പോകുകയാണ്.
മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 യോഗ്യതാ പോരാട്ടങ്ങള്‍ നാളെ അവസാനിക്കുകയാണ്. സൂപ്പര്‍ 12വിലെ അവസാന രണ്ട് ടീമുകള്‍ ആരൊക്കെയെന്ന് നാളെ അറിയാം. ശനിയാഴ്ച ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ഞായറാഴ്ച നടക്കുന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമാകും ലോകപ്പിന്‍റെ ആവേശം പരകോടിയിലെത്തിക്കുക.
ടി20 ലോകകപ്പിലെ രണ്ടാം കിരീടം തേടിയിറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയുമില്ലെങ്കിലും ഇന്ത്യക്ക് ഒറ്റക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ഒരു കളിക്കാരനുണ്ടെന്ന് തുറന്നു പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍. മറ്റാരുമല്ല ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ. 140 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിയുകയും 151.38 പ്രഹരശേഷിയില്‍ ബാറ്റുചെയ്യുകയും ചെയ്യുന്ന പാണ്ഡ്യയാണ് ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണായക കളിക്കാരനെന്നും ഷെയ്ന്‍ വാട്സണ്‍ പറഞ്ഞു.
ഹാര്‍ദ്ദിക് പ്രതിഭാധനനായ കളിക്കാരനാണ്. ബൗള്‍ ചെയ്യുമ്പോള്‍ 140 കിലോ മീറ്ററിലേറെ വേഗം കണ്ടെത്തുന്ന പാണ്ഡ്യക്ക് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനാവും. അതുപോലെ ബാറ്റിംഗിലാണെങ്കില്‍ അദ്ദേഹം പുതിയ ഉയരങ്ങളിലേക്ക് പോകുകയാണ്. ഫിനിഷര്‍ മാത്രമല്ല മികച്ച പവര്‍ ഹിറ്റര്‍ കൂടിയാണ് അദ്ദേഹം. എല്ലാ പ്രതിഭയും ഒത്തുചേര്‍ന്ന പാണ്ഡ്യയുടെ മികവ് കഴിഞ്ഞ ഐപിഎല്ലില്‍ നമ്മളെല്ലാം കണ്ടതാണ്.
അതുകൊണ്ടുതന്നെ ഈ ലോകകപ്പില്‍ ഒറ്റക്ക് ഇന്ത്യക്ക് കിരീടം സമ്മാനിക്കാന്‍ കെല്‍പ്പുള്ള കളിക്കാരനാണ് അയാള്‍. യഥാര്‍ത്ഥ മാച്ച് വിന്നര്‍-ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വാട്സണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനുശേഷം ഏഴ് മാസത്തെ വിശ്രമം കഴിഞ്ഞാണ് പാണ്ഡ്യ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ഇറങ്ങിയത്. ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച പാണ്ഡ്യ നാല് അര്‍ധസെഞ്ചുറി അടക്കം 487 റണ്‍സും 7.28 ഇക്കോണമിയില്‍ എട്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. ഐപിഎല്ലിന്‍റെ മികവിന്‍റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി പാണ്ഡ്യ ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയാണ്.