'മെല്‍ബണ്‍ എന്‍റെ ഹോം ഗ്രൗണ്ട്'; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പേസര്‍
ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മെല്‍ബണില്‍ എന്നെ നേരിടുക ഇന്ത്യക്ക് എളുപ്പമാവില്ല. ഇന്ത്യെ മെല്‍ബണില്‍ നേരിടാന്‍ കഴിയുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മെല്‍ബണിലെ പരിചയസമ്പത്ത് തനിക്ക് ഗുണം ചെയ്യുമെന്നും ഹാരിസ് റൗഫ് പറഞ്ഞു.
കറാച്ചി: ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ്. ഓസ്ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ താരമാണ് റൗഫ്. മെല്‍ബണ്‍ സ്റ്റാര്‍സിന് കളിക്കുന്നതിനാല്‍ മെല്‍ബണ്‍ തന്‍റെ ഹോം ഗ്രൗണ്ടാണെന്ന് റൗഫ് പറഞ്ഞു. മെല്‍ബണിലെ സാഹചര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരെ എങ്ങനെ പന്തെറിയണമെന്നതിനെക്കുറിച്ച് ഞാനിപ്പോഴെ പ്ലാനിംഗ് തുടങ്ങിക്കഴിഞ്ഞു.
ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മെല്‍ബണില്‍ എന്നെ നേരിടുക ഇന്ത്യക്ക് എളുപ്പമാവില്ല. ഇന്ത്യെ മെല്‍ബണില്‍ നേരിടാന്‍ കഴിയുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മെല്‍ബണിലെ പരിചയസമ്പത്ത് തനിക്ക് ഗുണം ചെയ്യുമെന്നും ഹാരിസ് റൗഫ് പറഞ്ഞു.\
ആർത്തുവിളിച്ച് കേരളം! തിരക്ക് മാറ്റി വീഡിയോ കോളിലെ ആളെ കാട്ടി കോലി, പിന്നെ പറയാനുണ്ടോ; കയ്യടിമേളം
ടി20 ലോകകപ്പില്‍ അടുത്ത മാസം 23നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഇന്ത്യാ-പാക് പോരാട്ടങ്ങള്‍ എല്ലായ്പ്പോഴും സമ്മര്‍ദ്ദം നിറഞ്ഞതാണെന്നും റൗഫ് പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ നേരിട്ടപ്പോള്‍ അതിന്‍റെ സമ്മര്‍ദ്ദം ഞാന്‍ അനുഭവിച്ചതാണ്. എന്നാല്‍ കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയെ നേരിട്ടപ്പോള്‍ വലിയ സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നില്ലെന്നും റൗഫ് വ്യക്തമാക്കി.
ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും നേടാനാവാഞ്ഞ റൗഫ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രോഹിത് ശര്‍മയുടെ വിക്കറ്റെടുത്തിരുന്നു. ഏഷ്യാ കപ്പില്‍ ആറ് കളികളില്‍ എട്ടു വിക്കറ്റെടുത്ത റൗഫ് ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ അഞ്ച് കളികളില്‍ 10 വിക്കറ്റുമായി മികച്ച ഫോമിലാണ്.
ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ 23നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. 90000 പേര്‍ക്കിരിക്കാവുന്ന മെല്‍ബണ്‍ സ്റ്റേഡിയത്തിലെ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പ്പനക്കെത്തി മിനിറ്റുകള്‍ക്കകം വിറ്റുപോയിരുന്നു. പാക്കിസ്ഥാന് പുറമെ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളും യോഗ്യതാ മത്സരം ജയിച്ചെത്തുന്ന രണ്ട് ടീമുകളുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.