സൂര്യ നയിക്കണമെന്ന് ശഠിച്ചത് ഗംഭീര്‍! ക്യാപ്റ്റന്‍സി ചര്‍ച്ചകള്‍ക്കിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഹാര്‍ദിക്
ട്വന്റി 20യില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് നായകപദവിയില്‍ എത്താതിരിക്കാന്‍ ബിസിസിഐക്കുള്ളില്‍ ചരടുവലികള്‍ നടക്കുന്നുണ്ട്.
മുംബൈ: കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലമുണ്ടാകുമെന്ന് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ട്വന്റി 20യില്‍ രോഹിതിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി താരം രംഗത്തെത്തുന്നത്. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ താരം ഇന്ത്യയുടെ ഹീറോ ആയി മാറി. എന്നാല്‍ ലോകകപ്പിന് മുന്‍പുള്ള ആറ് മാസം ഹാര്‍ദിക് പാണ്ഡ്യ മറക്കാനാഗ്രഹിക്കുകയാണ്.
ഏകദിന ലോകകപ്പില്‍ പരിക്കേറ്റ് പിന്മാറേണ്ടി വന്നു. ഐപിഎല്ലില്‍ രോഹിതിനെ മാറ്റി ഹാര്‍ദിക് മുബൈയുടെ നായക സ്ഥാനം ഏറ്റെടുത്തോതോടെ ആരാധക രോഷമുയര്‍ന്നു. ഒപ്പം കുടുംബ വിഷയങ്ങളും താരത്തെ അലട്ടി. ഇതില്‍ നിന്നൊക്കെ താന്‍ എങ്ങനെ തിരിച്ചെത്തി എന്ന് വ്യക്തമാക്കുന്നതാണ് ഹാര്‍ദികിന്റെ പുതിയ പോസ്റ്റ്. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ താന്‍ ശാരീരികക്ഷമത വീണ്ടെടുത്തത് കഠിനാധ്വാനത്തിലൂടെയാണ്. അത് ഒരിക്കലും വെറുതെയാകില്ലെന്ന് തനിക്കുറപ്പുണ്ടായിരുന്നു. ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് ഹാര്‍ദികിന്റെ ഇന്‍സ്റ്റ പോസ്റ്റ്.
ട്വന്റി 20യില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് നായകപദവിയില്‍ എത്താതിരിക്കാന്‍ ബിസിസിഐക്കുള്ളില്‍ ചരടുവലികള്‍ നടക്കുന്നുണ്ട്. കോച്ച് ഗൗതം ഗംഭീര്‍ താരത്തിന് പതിവായി പരിക്കേല്‍ക്കുന്നത് ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ഹാര്‍ദിക് തന്റെ മസ്സില്‍ കാണിച്ചുള്ള പോസ്റ്റ് പങ്കുവെക്കുന്നത്.
സഞ്ജുവിനെ ടി20 ടീമില്‍ നിലനിര്‍ത്തുക തന്നെ വേണം! കാരണം വ്യക്തമാക്കി പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം
അതേസമയം, ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഇന്നുണ്ടാകും. ടീം പ്രഖ്യാപിക്കാനായി ഇന്നലെ ചേരാനിരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഓണ്‍ലൈനായി ഇന്ന് ചേരുന്ന യോഗത്തിലാകും ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. ഈ മാസം 27 ന് തുടങ്ങുന്ന പര്യടനത്തില്‍ 3 വീതം ഏകദിനങ്ങളും ട്വന്റി 20 യുമാണ് ഉള്ളത്. ടി20 ടീം നായക പദവിയില്‍ ആരെത്തുമെന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ്. 2026 ലെ ലോകകപ്പ് കണക്കിലെടുത്ത് സൂര്യകുമാര്‍ യാദവിനെ നായകനാക്കണമെന്ന നിര്‍ദ്ദേശം പരിശീലകന്‍ ഗൗതം ഗംഭീര്‍ മുന്നോട്ട് വച്ചിരുന്നു.