പന്തെറിഞ്ഞ് തിരിച്ചെത്തി ഹാര്‍ദിക് പാണ്ഡ്യ! മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; വൈകാതെ ഇഷാന്‍ കിഷനും ബാറ്റെടുക്കും
ബിപിസിഎല്ലിനെതിരെ മൂന്ന് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്താനും ഹാര്‍ദിക്കിനായി. ബാറ്റിംഗിനെത്തിയപ്പോള്‍ നാല് പന്തില്‍ മൂന്ന് റണ്‍സുമായി താരം പുറത്താവാതെ നിന്നു.
മുംബൈ: നാല് മാസങ്ങള്‍ക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യ വീണ്ടും ക്രിക്കറ്റ് കളത്തില്‍. ഒക്ടോബര്‍ 19ന് ബംഗ്ലാദേശിനെതിരെ നടന്ന ലോകകപ്പ് മത്സരത്തില്‍ പരിക്കേറ്റതിന് ശേഷമാണ് പാണ്ഡ്യ ഗ്രൗണ്ടില്‍ തിരിച്ചെത്തുന്നത്. ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ പാണ്ഡ്യ ഇന്ന് കളിച്ചിരുന്നു. റിലയന്‍സ് 1ന്റെ നായകനായിട്ടാണ് പാണ്ഡ്യ തിരിച്ചെത്തിയത്. ബിപിസിഎല്ലിനെതിരെ മത്സരത്തില്‍ ടീമിനെ നയിച്ചത് പാണ്ഡ്യയായിരുന്നു. ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇഷാന്‍ കിഷനും ടൂര്‍ണമെന്റിന്റെ ഭാഗമാണ്. 16 ടീമുകള്‍ ഉള്‍പ്പെടുന്ന ആര്‍ബിഐ ടീമിന്റെ താരമാണ് കിഷന്‍.
ബിപിസിഎല്ലിനെതിരെ മൂന്ന് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്താനും ഹാര്‍ദിക്കിനായി. ബാറ്റിംഗിനെത്തിയപ്പോള്‍ നാല് പന്തില്‍ മൂന്ന് റണ്‍സുമായി താരം പുറത്താവാതെ നിന്നു. അവസാനക്കാരനായിട്ടാണ് പാണ്ഡ്യ ബാറ്റിംഗിനെത്തിയത്. താന്‍ പൂര്‍ണ കായികക്ഷമത തെളിയിച്ചുവെന്നുള്ള സൂചനയാണ് പാണ്ഡ്യ നല്‍കുന്നത്. ഇത് മുംബൈ ഇന്ത്യന്‍സിനും ഇന്ത്യന്‍ ടീമിനും ഗുണം ചെയ്യും. വരുന്ന ഐപിഎല്‍ സീസണില്‍ മുംബൈയെ നയിക്കേണ്ടത് ഹാര്‍ദിക്കാണ്.
ലോകകപ്പില്‍ ഇന്ത്യയുടെ ലീഗ് മത്സരത്തിനിടെ ഹാര്‍ദിക്കിന്റെ കണങ്കാലിനാണ് പരിക്കേല്‍ക്കുന്നത്. അതിന് ശേഷമുള്ള താരത്തിന്റെ ആദ്യ മത്സരമാണിത്. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ഹോം മത്സരങ്ങള്‍ ഉള്‍പ്പെടെ നിരവധി വൈറ്റ്-ബോള്‍ പരമ്പരകള്‍ അദ്ദേഹത്തിന് നഷ്ടമായി. അടുത്തിടെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയ അദ്ദേഹം എന്‍സിഎയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.
ആശാനെ മറികടന്ന് ജയ്‌സ്വാള്‍! കോലിയുടെ നേട്ടവും പഴങ്കഥയാവും; ഗവാസ്‌ക്കറെ തൊടുമോ എന്ന് കണ്ടറിയണം
അതേയസമയം, ഇഷാന്‍ കിഷന്‍ ആര്‍ബിഐ ടീമില്‍ ടീമില്‍ കളിക്കും. കിഷന്‍ ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റില്‍ കളിക്കുമെന്ന നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പാണ്ഡ്യ സഹോദരങ്ങളായ ഹാര്‍ദിക്, ക്രുനാല്‍ എന്നിവര്‍ക്കൊപ്പം ഐപിഎല്ലിനായി താരം തയ്യാറെടുത്തിരുന്നു. രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ പ്രതിനിധീകരിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചെങ്കിലും താരം അവഗണിക്കുകയായിരുന്നു.