കോലിയും ഹാര്‍ദ്ദിക്കുമില്ല, ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ആദ്യ സംഘം അമേരിക്കയിലേക്ക് തിരിച്ചു
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശിവം ദുബെ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, സൂര്യകുമാര്‍ യാദവ് എന്നിവരുണ്ടെങ്കിലും ബിസിസിഐ പങ്കുവെച്ച ചിത്രത്തില്‍ ഹാര്‍ദ്ദിക്കില്ല.
മുംബൈ: അടുത്ത മാസം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ ആദ്യ സംഘം ഇന്നലെ അമേരിക്കയിലേക്ക് തിരിച്ചു. ഐപിഎൽ പ്ലേ ഓഫിൽ കളിക്കാത്ത താരങ്ങളാണ് ആദ്യ സംഘത്തിലുള്ളത്. അതേസമയം, വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പ്ലേ ഓഫ് കളിച്ച ആര്‍സിബി ടീമിലെ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഒപ്പം അമേരിക്കയിലേക്ക് തിരിച്ച ആദ്യ സംഘത്തിലില്ല.
വിരാട് കോലിക്ക് യാത്രാ രേഖകള്‍ ശരിയാവാനുള്ളതിനാലാണ് ഇന്നലെ യാത്രതിരിച്ച ആദ്യ സംഘത്തോടൊപ്പം അമേരിക്കയിലേക്ക് പോകാന്‍ കഴിയാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സ് ടീം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രോഹിത്തിനം സംഘത്തിനുമൊപ്പം പോവാതിരുന്നതിന്‍റെ കാരണം വ്യക്തമല്ല. ഹാര്‍ദ്ദിക്കും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇരുവരും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശിവം ദുബെ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, സൂര്യകുമാര്‍ യാദവ് എന്നിവരുണ്ടെങ്കിലും ബിസിസിഐ പങ്കുവെച്ച ചിത്രത്തില്‍ ഹാര്‍ദ്ദിക്കില്ല. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ തിങ്കളാഴ്ചയാണ് അമേരിക്കയിലേക്ക് പുറപ്പെടുക.
The wait is over.
— BCCI (@BCCI) May 25, 2024
We are back!
Let's show your support for #TeamIndia 🇮🇳 pic.twitter.com/yc69JiclP8
ഇന്ന് ചെന്നൈയില്‍ നടക്കുന്ന ഐപിഎൽ ഫൈനലിൽ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുള്ള ആരും കളിക്കുന്നില്ല. ജൂൺ രണ്ടിനാണ് ലോകകപ്പിന് തുടക്കമാവുക. അഞ്ചിന് അയർലൻഡുമായാണ് ആദ്യമത്സരം. ഒൻപതിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ജൂണ്‍ ഒന്നിന് ഇന്ത്യ, ബംഗ്ലാദേശുമായി സന്നാഹ മത്സരം കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക