ടി20 ലോകകപ്പില്‍ ബുമ്രക്കൊപ്പം പന്തെറിയേണ്ട പേസറുടെ പേരുമായി ഹര്‍ഭജന്‍ സിംഗ്; ആളൊരു പുലിതന്നെ
യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നും 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ താരത്തിനാകുമെന്നും ഭാജി
മുംബൈ: ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പില്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം (Jasprit Bumrah) ജോഡിയായി വരേണ്ടത് അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കെന്ന് (Umran Malik) ഇന്ത്യന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). ജമ്മു കശ്‌മീരില്‍ നിന്നെത്തി ഐപിഎല്ലില്‍ (IPL 2022) വേഗം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഉമ്രാന്‍ യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നും 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ താരത്തിനാകുമെന്നും ഭാജി പറഞ്ഞു.
'ഉമ്രാന്‍ മാലിക് എന്‍റെ ഫേവറൈറ്റ് താരമാണ്. അദേഹത്തെ ഇന്ത്യന്‍ ടീമില്‍ കാണാനാഗ്രഹിക്കുന്നു. എന്തൊരു ബൗളറാണ് ഉമ്രാന്‍. 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുകയും എന്നാല്‍ ഇന്ത്യന്‍ ടീമിലിടമില്ലാത്തതുമായ ബൗളറാണ് അദേഹം. ഉമ്രാനെ പോലൊരു ബൗളര്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ഐപിഎല്ലിലെ ഉമ്രാന്‍റെ പ്രകടനം ഏറെ യുവതാരങ്ങള്‍ക്ക് പ്രചോദനമാകും. ഉമ്രാനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ, ഞാന്‍ സെലക്‌ഷന്‍ കമ്മിറ്റിയിലുണ്ടെങ്കില്‍ എന്തായാലും ഉമ്രാന്‍റെ പേര് നിര്‍ദേശിക്കും. ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുമ്പോള്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം പന്തെറിയേണ്ടത് ഉമ്രാന്‍ മാലിക്കാണ്' എന്നും ഒരു പരിപാടിക്കിടെ ഹര്‍ഭജന്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉമ്രാന്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കും: ഹര്‍ഭജന്‍
'ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഉമ്രാന്‍ മാലിക്കിന് പന്തെറിയാനാകും. ഫ്ലാറ്റ് വിക്കറ്റ് നല്‍കിയാലും ആരുടെയെങ്കിലും ഹെല്‍മറ്റ് തകര്‍ക്കാന്‍ ഉമ്രാനാകും. രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ സമ്മര്‍ദമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഐപിഎല്ലില്‍ ലോകോത്തര താരങ്ങള്‍ക്കെതിരെ ആവശ്യത്തിന് മത്സരങ്ങള്‍ ഉമ്രാന്‍ കളിച്ചിട്ടുണ്ട്. ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന് എതിരെയും ഓസ്‌ട്രേലിയക്കെതിരെയും കളിച്ചാല്‍ സമ്മര്‍ദമുണ്ടാകും. ഉമ്രാന്‍ ഏറെക്കാര്യങ്ങള്‍ പഠിച്ചുകഴിഞ്ഞതായി വിശ്വസിക്കുന്നു. ടീമിന് വലിയ വാഗ്‌ദാനമായ ഉമ്രാന്‍ ഇന്ത്യന്‍ ജേഴ്‌സിയണിയും എന്നാണ് പ്രതീക്ഷ' എന്നും ഹര്‍ഭജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ വേഗം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്. റണ്‍ വഴങ്ങുന്നുണ്ടെങ്കിലും 13 മത്സരങ്ങളില്‍ ഉമ്രാന്‍ മാലിക് 17 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ഈ സീസണിലെ വേഗമാര്‍ന്ന അഞ്ച് പന്തുകളും ഉമ്രാന്‍റെ പേരിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 157 കിലോമീറ്ററിലേറെ വേഗത്തിലെറിഞ്ഞ പന്താണ് ഇവയില്‍ മുന്നില്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25 റണ്‍സിന് അഞ്ചും പഞ്ചാബ് കിംഗ്‌സിനെതിരെ 28 റണ്‍സിന് നാലും വിക്കറ്റ് നേടിയതാണ് ഈ സീസണ്‍ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍.