മസില്‍ പെരുപ്പിച്ച് ഗുല്‍ബാദിന്‍ നയിബ്; മൈറ്റി ഓസീസിനെ മലര്‍ത്തിയടിച്ച ബോഡി ബില്‍ഡര്‍

മൈതാനത്തിന് നടുവിൽ ഗുൽബാദിൻ മസിൽ പെരുപ്പിച്ച് നിന്നപ്പോൾ ലോകം കൈയ്യടിച്ചു. എന്തൊരു ഹീറോയിസം.

Gulbadin Naib the body builder in Afghanistan team who destroys Mighty Australia Single-handedly

ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിരിക്കുന്നു. നാലു വിക്കറ്റുകൾ വീഴ്ത്തിയ ഗുൽബാദിൻ നയിബ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടിയിരിക്കുന്നു. എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാമോ!.16 വർഷങ്ങൾക്കുമുമ്പ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിനെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി പുറത്തിറങ്ങിയിരുന്നു. ''ഔട്ട് ഓഫ് ദ ആഷസ്'' എന്നായിരുന്നു അതിന്‍റെ പേര്. അക്കാലത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് അതിന്‍റെ പാരമ്യത്തിലായിരുന്നു. തുടർച്ചയായി മൂന്ന് ഏകദിന ലോകകപ്പുകൾ ജയിച്ച കംഗാരുപ്പട ചരിത്രം സൃഷ്ടിച്ചിരുന്നു!!

ആ ഡോക്യുമെന്‍ററിയിൽ ഒരു കൊച്ചുപയ്യൻ മുഖംകാണിച്ചിരുന്നു. അവന് ബോഡി ബിൽഡിങ്ങിൽ അതീവ താത്പര്യം ഉണ്ടായിരുന്നു. ആ കൗമാരക്കാരന്‍റെ പേര് ഗുൽബാദിൻ നയിബ് എന്നായിരുന്നു. അന്ന് ലോകം അവനെ കാര്യമായി ശ്രദ്ധിച്ചില്ല.വർഷങ്ങൾ കൊഴിഞ്ഞു വീണു. പഴയ ആ ബോഡി ബിൽഡർ സാക്ഷാൽ ഓസീസിനെ അടിയറവ് പറയിച്ചു. മൈതാനത്തിന് നടുവിൽ ഗുൽബാദിൻ മസിൽ പെരുപ്പിച്ച് നിന്നപ്പോൾ ലോകം കൈയ്യടിച്ചു. എന്തൊരു ഹീറോയിസം. ഒരു പഴയ അഭിമുഖത്തിൽ ഗുൽബാദിൻ പറഞ്ഞിരുന്നു-''അഫ്ഗാനികൾക്ക് ഒരു സവിശേഷതയുണ്ട്. ഒരു കാര്യം നേടാൻ ഞങ്ങൾ തീരുമാനിച്ചാൽ ഞങ്ങൾ അത് നേടിയിരിക്കും. ആർക്കും ഞങ്ങളെ തടയാനാവില്ല".

Gulbadin Naib the body builder in Afghanistan team who destroys Mighty Australia Single-handedly

2023-ലെ ഏകദിന ലോകകപ്പിൽ അഫ്ഗാൻ ഓസീസിനെ പരാജയപ്പെടുത്തേണ്ടതായിരുന്നു. ഗ്ലെൻ മാക്സ്‌വെല്ലിന്‍റെ ഡബിൾ സെഞ്ച്വറി ഇല്ലായിരുന്നുവെങ്കിൽ അഫ്ഗാനികൾ കഴിഞ്ഞ വർഷം തന്നെ അത്ഭുതം കാട്ടുമായിരുന്നു. ഏകദിന ലോകകപ്പിൽ തീർക്കാൻ ബാക്കിവെച്ച കണക്കുകൾ അഫ്ഗാനികൾ ടി-20 ലോകകപ്പിലൂടെ വീട്ടിയിരിക്കുന്നു. ഈ മനോഭാവത്തെക്കുറിച്ചാണ് ഗുൽബാദിൻ സംസാരിച്ചത്. നേടാനുള്ളതെല്ലാം എന്ത് വില കൊടുത്തും നേടുന്ന അഫ്ഗാൻ പോരാട്ടവീര്യം.

കുഞ്ഞുനാളിൽ ഗുൽബാദിൻ ഒരു അഭയാർത്ഥിയായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ഭയന്ന ഗുൽബാദിന്‍റെ കുടുംബം പാക്കിസ്ഥാനിലേയ്ക്ക് ചേക്കേറിയതായിരുന്നു. പാക്കിസ്ഥാനിൽ വളർന്ന ഗുൽബാദിൻ എന്ന ബാലന് സ്വന്തം രാജ്യമായ അഫ്ഗാനിസ്ഥാനെക്കുറിച്ച് യാതൊരു ധാരണകളും ഇല്ലായിരുന്നു.  തിരിച്ചറിവ് വന്നപ്പോൾ ഗുൽബാദിൻ പിതാവിനോട് ചോദിച്ചു-''നമുക്ക് അഫ്ഗാനിസ്ഥാനിലേയ്ക്ക് തിരിച്ചുപോകണ്ടേ? വാപ്പയുടെ അവിടത്തെ പഴയ തുണി വ്യവസായം വീണ്ടും തുടങ്ങിക്കൂടേ?"എന്നാൽ ഗുൽബാദിന്‍റെ പിതാവ് അതിന് വഴങ്ങിയില്ല. സ്വന്തം മണ്ണിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ അദ്ദേഹം പണ്ടേ ഉപേക്ഷിച്ചിരുന്നു.ഗുൽബാദിൻ ടേപ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചുതുടങ്ങി.

Gulbadin Naib the body builder in Afghanistan team who destroys Mighty Australia Single-handedly

ആ കാലഘട്ടത്തെക്കുറിച്ചുള്ള ഗുൽബാദിന്‍റെ ഓർമ്മകൾ ഇങ്ങനെയാണ്-''ആളുകൾക്ക് ഞങ്ങളെ ഭയമായിരുന്നു. ഞങ്ങൾ തീവ്രവാദികളാണെന്ന് പലരും വിചാരിച്ചു. സഹകളിക്കാർ പോലും ഞങ്ങളോട് അകലം പാലിച്ചു''.പക്ഷേ ഗുൽബാദിൻ തോറ്റുകൊടുത്തില്ല. അയാൾ ലോകം അറിയുന്ന ക്രിക്കറ്ററായി വളർന്നു. അഫ്ഗാനിസ്ഥാനിലേയ്ക്ക് താമസം മാറ്റി.സ്വന്തം മണ്ണ് കൈവിട്ടുപോയി എന്ന് ഉറപ്പിച്ച ഗുൽബാദിന്‍റെ പിതാവും ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ജീവിക്കുന്നുണ്ട്. അദ്ദേഹം കാബൂളിൽ വസ്ത്ര വ്യാപാരം ചെയ്യുകയാണ്. ഗുൽബാദിന്‍റെ കൈവശം ഇരിക്കുന്ന പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് കാണുമ്പോൾ ആ പിതാവിന് അഭിമാനമുണ്ടാകും! ഒരിറ്റ് ആനന്ദക്കണ്ണീരും.!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios