രോഹിത്തിനെയും കോലിയെയുമൊന്നും ഒഴിവാക്കാൻ ഗംഭീര്‍ കൂട്ടിയാല്‍ കൂടില്ല, വീണ്ടും തുറന്നടിച്ച് മനോജ് തിവാരി
സിഡ്നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിട്ടു നിന്നത് സ്വന്തം തീരുമാനപ്രകാരം ആയിരുന്നുവെന്നും രോഹിത്തിനെയോ കോലിയെയോ ഒന്നും ഒഴിവാക്കാൻ ഗംഭീറിനാവില്ലെന്നും മനോജ് തിവാരി
കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ വീണ്ടും ആരോപണങ്ങളുമായി മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയോ വിരാട് കോലിയെയോ ഒഴിവാക്കാന്‍ ഗൗതം ഗംഭീറിനെക്കൊണ്ടാവില്ലെന്ന് മനോജ് തിവാരി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിഡ്നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിട്ടു നിന്നത് സ്വന്തം തീരുമാനപ്രകാരം ആയിരുന്നുവെന്നും രോഹിത്തിനെയോ കോലിയെയോ ഒന്നും ഒഴിവാക്കാൻ ഗംഭീറിനാവില്ലെന്നും മനോജ് തിവാരി പറഞ്ഞു. അത് രോഹിത്തിന്‍റെ മാത്രം തീരുമാനമാണ്. എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ രോഹിത് സിഡ്നിയില്‍ കളിക്കണമായിരുന്നു, കാരണം, അയാള്‍ ഇന്ത്യൻ ക്യാപ്റ്റനാണ്. റണ്‍സടിക്കുന്നില്ല എന്ന കാരണത്താലാണ് രോഹിത് മാറി നിന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മറ്റുള്ളവരും റണ്‍സടിച്ചിട്ടില്ലല്ലോ. ചിലസമയം, നമ്മള്‍ക്ക് നമ്മുടെ കഴിവിലുള്ള വിശ്വാസം നഷ്ടമാകും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം മാറി നില്‍ക്കാന്‍ ചിലര്‍ തീരുമാനിക്കും. അതൊരിക്കലും ഒരു ക്യാപ്റ്റന്‍ ചെയ്യരുത്. പ്രത്യേകിച്ച് രോഹിത്തിനെപ്പോലെ ഇത്രയും മികച്ചൊരു ക്യാപ്റ്റന്‍.
ബാറ്റര്‍മാര്‍ മാത്രമല്ല, ബുമ്രയൊഴികെയുള്ള ബൗളര്‍മാരും മോശം പ്രകടനമാണ് നടത്തിയത്. അതുപോലെ തന്നെയാണ് പരിശീലകരുടെ കാര്യവും. രോഹിത് ചെയ്തത് ടീമിനുവേണ്ടി മാത്രമാണ്. രവിചന്ദ്ര അശ്വിന്‍ രണ്ടാം ടെസ്റ്റിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ടാണ് തനുഷ് കൊടിയാനെ ടീമിലെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള 38കാരനായ ജലജ് സക്സേനയെ എന്തുകൊണ്ട് ടീമിലേക്ക് പരിഗണിച്ചില്ല. ജലജ് ആയിരുന്നു ഇന്ത്യൻ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്ന താരം. അശ്വിന്‍ വിരമിച്ചപ്പോള്‍ പോലും ജലജിനെപ്പോലുള്ള താരങ്ങളെ പരിഗണിക്കുന്നില്ല. തനുഷ് കൊടിയാനൊക്കെ എങ്ങനെയാണ് ടീമിലെത്തിയത്.
ഗൗതം ഗംഭീര്‍ കപടനാട്യക്കാരൻ, തുറന്നടിച്ച് മുൻ സഹതാരം; മറുപടിയുമായി ഇന്ത്യൻ താരങ്ങള്‍
ഇതൊക്കെ അര്‍ഹിക്കുന്നവര്‍ പലപ്പോഴും പിന്തള്ളപ്പെടുന്നുവെന്നതിന്‍റെയും ചിലര്‍ക്ക് അനര്‍ഹമായ പരിഗണന ലഭിക്കുന്നുവെന്നതിന്‍റെയും തെളിവാണ്. കളിക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും കിട്ടിയിട്ടും എല്ലാതരത്തിലുള്ള സാമ്പത്തിക സുരക്ഷിതത്വും ലഭിച്ചിട്ടും എന്തുകൊണ്ടാണ് നമ്മള്‍ ഒരു ഐസിസി കിരീടം നേടാന്‍ 11 വര്‍ഷം കാത്തിരിക്കേണ്ടിവന്നത്. അടുത്തൊരു കിരീടത്തെക്കുറിച്ച് ചിന്തിക്കാത്തത് എന്തുകൊണ്ടാണ്. ഇത്തരം കാര്യങ്ങള്‍ കൂടി ബിസിസിഐ പരിശോധിച്ചാല്‍ ഇന്ത്യ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഐസിസി കിരീടങ്ങള്‍ നേടുമെന്നും മനോജ് തിവാരി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക