റിഷഭ് പന്തിന് പകരം കാര്‍ത്തിക്കിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നിനെതിരെ മുന്നറിയപ്പുമായി ഗംഭീര്‍
10 പന്ത് മാത്രം കളിക്കാനായി ഒരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ എടുക്കുന്നതിനെക്കാള്‍ നല്ലത് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ കഴിയുന്നൊരു കളിക്കാരനെ എടുക്കുന്നതാണ്.
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള ടീം മാനേജ്മെന്‍റിന്‍റെ നീക്കത്തിനെതിരെയാണ് ഗംഭീറിന്‍റെ മുന്നറിയിപ്പ്. ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചാല്‍ ഫിനിഷറായി മാത്രമെ ഉപയോഗിക്കാനാവൂ എന്നും മറുവശത്ത് റിഷഭ് പന്ത് ആണെങ്കില്‍ ഏത് സാഹചര്യത്തില്‍ ബാറ്റിംഗിന് അയക്കാവുന്ന ബാറ്ററാണെന്നും ഗംഭീര്‍ പറഞ്ഞു.
ബാറ്ററെന്ന നിലയില്‍ കൂടുതല്‍ വ്യത്യസ്തകള്‍ ഉള്ളതും റിഷഭ് പന്തിനാണ്. മാത്രമല്ല, കാര്‍ത്തിക്കിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിംഗ് സാധ്യതകളെ പരിമിതപ്പെടുത്തുമെന്നും ഗംഭീര്‍ പറഞ്ഞു. തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടാല്‍ കാര്‍ത്തിക് ആണ് പ്ലേയിംഗ് ഇലവനിലെങ്കില്‍ ഇന്ത്യക്ക് ഒരുപാട് പരിമിതികളുണ്ടാകും. കാരണം, കാര്‍ത്തിക്കിന് സ്ലോഗ് ഓവറുകളില്‍ മാത്രമെ ബാറ്റ് ചെയ്യാനാവു. എന്‍റെ പ്ലേയിംഗ് ഇലവനില്‍ റിഷഭ് പന്ത് അഞ്ചാമതും ഹാര്‍ദ്ദിക് പാണ്ഡ്യ ആറാമതും അക്സര്‍ പട്ടേല്‍ ഏഴാമതുമാണ് ഇറങ്ങുക.
10 പന്ത് മാത്രം കളിക്കാനായി ഒരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ എടുക്കുന്നതിനെക്കാള്‍ നല്ലത് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ കഴിയുന്നൊരു കളിക്കാരനെ എടുക്കുന്നതാണ്. ദിനേശ് കാര്‍ത്തിക്ക് അതിനുള്ള മുന്‍കൈയെടുക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. രണ്ടോ മൂന്നോ ഓവര്‍ മാത്രം ബാറ്റ് ചെയ്യാനായിട്ട് ഇറങ്ങുന്നതായിട്ടാണ് തോന്നിയത്. പക്ഷെ അത് ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ അപകടകരമാകാനിടയുണ്ട്. കാരണം, തുടക്കത്തിലെ മൂന്നോ നാലോ വിക്കറ്റ് വീണാല്‍ അക്സര്‍ പട്ടേലിനെ നേരത്തെ ഇറക്കേണ്ടിവരും.
കാരണം, ഹാര്‍ദ്ദിക്കിനെയും നേരത്തെ ഇറക്കാനാവാത്തതിനാല്‍ വേറെ വഴിയില്ലാതാവും. അതുകൊണ്ടാണ് തന്‍റെ പ്ലേയിംഗ് ഇലവനില്‍ റിഷഭ് പന്തിന് ഇടം നല്‍കുന്നതെന്നും ഗൗതം ഗംഭീര്‍ സീ ടിവിയോട് പറഞ്ഞു. പ്ലേയിംഗ് ഇലവനില്‍ മൂന്ന് പേസറുണ്ടാവണമെന്നും ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ടീമിലെത്തിയ മുഹമ്മദ് ഷമിയാവണം ടീമിന്‍റെ ആദ്യ ചോയ്സെന്നും ഗംഭീര്‍ പറഞ്ഞു. ഭുവനേശ്വര്‍ കുമാറോ അര്‍ഷ്ദീപ് സിംഗോ ഇവരില്‍ ഒരാളും ഡെത്ത് ഓവറില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുന്ന ഹര്‍ഷല്‍ പട്ടേലും ആവണം പ്ലേയിംഗ് ഇലവനില്‍ കളിക്കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.
ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോര് വെള്ളത്തിലാകുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ