സഹീര്‍ ഖാനെയല്ല, ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസത്തെ ബൗളിംഗ് കോച്ചാക്കണമെന്ന് ഗംഭീര്‍
ബൗളിംഗ് കോച്ചായി ഗംഭീര്‍ മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിന്‍റെ പേര് നിര്‍ദേശിച്ചുവെന്നും എന്നാല്‍ സഹീര്‍ ഖാനെയോ ലക്ഷ്മിപതി ബാലാജിയെയോ ബൗളിംഗ് പരിശീലകനാക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുംബൈ: ഗൗതം ഗംഭീര്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ ആരൊക്കെയാകും സഹപരിശീലകരെന്ന കാര്യത്തില്‍ ആകാംക്ഷ തുടരുകയാണ്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി ആരെത്തുമെന്നാണ് ആകാംക്ഷയേറ്റുന്ന കാര്യം. മുഖ്യ പരിശീലകന്‍റെ കാര്യത്തിലെന്ന പോലെ സഹപരിശീലകരായും ഇന്ത്യക്കാര്‍ തന്നെ മതിയെന്നാണ് ബിസിസിഐ നിലപാടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബൗളിംഗ് കോച്ചായി ഗംഭീര്‍ മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിന്‍റെ പേര് നിര്‍ദേശിച്ചുവെന്നും എന്നാല്‍ സഹീര്‍ ഖാനെയോ ലക്ഷ്മിപതി ബാലാജിയെയോ ബൗളിംഗ് പരിശീലകനാക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ബൗളിംഗ് പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍ണി മോര്‍ക്കലിനെ പരിഗണിക്കണമെന്ന നിര്‍ദേശം ഗംഭീര്‍ മുന്നോട്ടുവെച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
ദ്രാവിഡിനെയല്ല, ഗംഭീറിന്‍റെ പകരക്കാരനാവാന്‍ കൊല്‍ക്കത്ത പരിഗണിക്കുന്നത് മറ്റൊരു ഇതിഹാസ താരത്തെ
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് പരിശീലകനായിരുന്നു മോർക്കല്‍. ലോകകപ്പിന് പിന്നാലെ മോര്‍ക്കല്‍ പാക് ടീമിന്‍റെ ബൗളിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇപ്പോൾ കുംടുംബത്തോടൊപ്പം ഓസ്ട്രേലിയയില്‍ കഴിയുന്ന മോര്‍ക്കലുമായി ബിസിസിഐ അധികൃതര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. താൻ കരിയറില്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറായാണ് മോര്‍ക്കലിനെ ഗംഭീര്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. ഗംഭീര്‍ കൊല്‍ക്കത്ത നായകനായിരുന്നപ്പോള്‍ 2014-2016 സീസണില്‍ മോര്‍ക്കല്‍ കൊല്‍ക്കത്തക്കായി കളിച്ചിട്ടുമുണ്ട്.
ദക്ഷിണാഫ്രിക്കക്കായി 86 ടെസ്റ്റുകളിലും 117 ഏകദിനങ്ങളിലും 44 ടി20 മത്സരങ്ങളിലും മോര്‍ക്കല്‍ കളിച്ചിട്ടുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സില്‍ മോര്‍ക്കലും ഗംഭീറും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും ലഖ്നൗവിന്‍റെ ബൗളിംഗ് കോച്ചാണ് മോര്‍ക്കല്‍. എന്നാല്‍ മോര്‍ക്കലിനെ ബൗളിംഗ് കോച്ചാക്കണമെങ്കില്‍ വിദേശ പരിശീലകരെ വേണ്ടെന്ന ബിസിസിഐയുടെ നയം മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്. നേരത്തെ ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കൻ മുന്‍ താരം ജോണ്ടി റോഡ്സിനെ പരിഗണിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക