'നെറ്റ്‌സില്‍ എറിയുന്നത് പോലെയല്ല, ബാബര്‍ അസമിനെതിരെ പന്തെറിയുന്നത്'; ഹാര്‍ദിക്കിനെതിരെ ഗംഭീറിന്റെ വിമര്‍ശനം
പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഹാര്‍ദിക്കിന് സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കി.
ദില്ലി: ടി20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയുടെ (Team India) പ്രധാന ആശങ്ക ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) മോശം ഫോമാണ്. പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഹാര്‍ദിക്കിന് സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കി. ഇത്തവണ ഐപിഎല്ലില്‍ (IPL 2021) മുംബൈ ഇന്ത്യന്‍സിനായി (Mumbai Indians) ഒരിക്കല്‍ പോലും ഹാര്‍ദിക് പന്തെടുത്തിട്ടില്ലെന്നുള്ളതും ശ്രദ്ധേയം.
'ഒന്നും എളുപ്പമല്ല'; ടി20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്
പന്തെറിയാതിരിക്കുമ്പോള്‍ ഹാര്‍ദിക്കിന് ഇന്ത്യയുടെ പ്ലയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പില്ല. മുന്‍ ഇന്ത്യന്‍ താരം ഗംഭീറിനും ഹാര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെ... ''ഹാര്‍ദിക്കിന് ഇന്ത്യയുടെ പ്ലയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ രണ്ട് സന്നാഹ മത്സരങ്ങളിലും പന്തെറിയേണ്ടതുണ്ട്. നെറ്റ്‌സില്‍ മാത്രം പന്തെറിഞ്ഞിട്ട് കാര്യമില്ല. ബാബര്‍ അസം പോലെ ഒരു ലോകോത്തര താരത്തിനെതിരെ ലോകകപ്പില്‍ പന്തെറിയുന്നതും നെറ്റ്‌സില്‍ പരിശീലിക്കുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. നെറ്റ്‌സിലും സന്നാഹ മത്സരത്തിലും അദ്ദേഹം 100 ശതമാനം കായികക്ഷമതയോടെ പന്തെറിയണം. 115-120 കിലോമീറ്ററില്‍ പന്തെറിഞ്ഞിട്ട് കാര്യമില്ല. ഞാനാണ് ക്യാപ്റ്റനെങ്കില്‍ ടീമില്‍ കളിപ്പിക്കില്ല.'' ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. സ്റ്റാന്‍ഡ് ബൈ താരമായിരുന്ന ഷാര്‍ദുല്‍ ഠാക്കൂറിനെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്‌സര്‍ പട്ടേലാണ് വഴി മാറിയത്. ഹാര്‍ദിക്കിന് പന്തെറിയാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.
സന്നാഹ മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെയാണ് ഇന്ത്യ നേരിടുക. ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.