റിഷഭ് പന്തിന്റെ കാര്യത്തില്‍ പിഴച്ചു, സഞ്ജുവാണ് വേണ്ടിയിരുന്നത്! മലയാളി താരത്തെ പിന്തുണച്ച് മുന്‍ പാക് താരം
സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാമായിരുന്നുവെന്നാണ് കനേരിയ പറയുന്നത്.
കറാച്ചി: അടുത്തകാലത്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. പകരം റിഷഭ് പന്ത്, വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവരെയാണ് സെലക്റ്റര്‍മാര്‍ പരിഗണിച്ചത്. ഫോമില്‍ അല്ലാതിരുന്നിട്ടും പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതില്‍ കടുത്ത വിമര്‍ശങ്ങള്‍ ഉയരുന്നുണ്ട്. അതിനിടെ സഞ്ജുവിനുള്ള പിന്തുണ വര്‍ധിക്കുകയം ചെയ്യുന്നു.
ഇപ്പോള്‍ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാമായിരുന്നുവെന്നാണ് കനേരിയ പറയുന്നത്. ''സഞ്ജുവിനെ പോലെ ഒരു താരത്തെ ലോകകപ്പിലേക്ക് പരിഗണിക്കാത്തത് അയാളുടെ കഴിവിനോട് ചെയ്യുന്ന അനീതിയാണ്. തീര്‍ച്ചയായും അദ്ദേഹം ലോകകപ്പ് ടീമില്‍ ഉണ്ടാവേണ്ട താരമാണ്. ടീമില്‍ ഇടം നേടാതിരിക്കാന്‍ മാത്രം എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്? ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ നാട്ടില്‍ നടക്കുന്ന ടി20 പരമ്പരയിലും സഞ്ജുവിന് അവസരം നല്‍കിയില്ല. ഞാന്‍ എന്തായാലും പന്തിനേക്കാള്‍ പ്രാധാന്യം സഞ്ജുവിനാണ് നല്‍കുന്നത്.'' കനേരിയ പറയുന്നു.
സ്റ്റാന്‍ഡ് ബൈ താരമായി ഉമ്രാന്‍ മാലിക്കിനേയും തിരിഞ്ഞെടുക്കാമായിരുന്നുവെന്ന് കനേരിയ കൂട്ടിചേര്‍ത്തു. ''സ്റ്റാന്‍ഡ് ബൈ താരമായി ഉമ്രാന്‍ മാലിക്കിനേയും ഉള്‍പ്പെടുത്താമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അതിവേഗ ബൗളര്‍മാര്‍ക്കെതിരെ പരിശീലനം നടത്താനുള്ള അവസരം ലഭിക്കുമായിരുന്നു.'' കനേരിയ പറഞ്ഞു.
രോഹിത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോമിലെത്തുന്നതിനെ കുറിച്ചും കനേരിയ തന്റെ യുട്യൂബ് ചാനലില്‍ സംസാരിച്ചു. ''വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ കോലിക്കൊപ്പം കെ എല്‍ രാഹുലും വിരാട് കോലിയും ഫോമിലെത്തേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ഏഷ്യാ കപ്പ് പോലെ ദുരവസ്ഥയാവും ഇന്ത്യക്ക്.'' മുന്‍ പാക് താരം കൂട്ടിചേര്‍ത്തു.
ദിനേശ് കാര്‍ത്തികിന് സ്വപ്‌നസാക്ഷാത്കാരം; സന്തോഷം പങ്കുവച്ച് താരം, ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം
ഇന്ത്യ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
സ്റ്റന്‍ഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍.