എന്‍റെ ഫേവറൈറ്റ് സഞ്ജുവിന്‍റെ സെഞ്ചുറി; ഐപിഎല്ലിലെ മികച്ച ഇന്നിങ്‌സിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം
ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു. ഏഴ് മത്സരങ്ങളില്‍ 46.16 ശരാശരിയില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ ഒരു സെഞ്ചുറിയും ഉള്‍പ്പെടും.
ദില്ലി: ഐപിഎല്‍ നിര്‍ത്തിവച്ചതിലൂടെ ഒരു വലിയ നഷ്ടമുണ്ടായിരിക്കുന്നത് മലയാളിയും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണ് തന്നെയാണ്. മികച്ച ഫോമില്‍ സ്ഥിരതയോടെ കളിച്ചുവരുമ്പോഴാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ ഉപേക്ഷിക്കുന്നത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു. ഏഴ് മത്സരങ്ങളില്‍ 46.16 ശരാശരിയില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ ഒരു സെഞ്ചുറിയും ഉള്‍പ്പെടും.
മൂന്ന് സെഞ്ചുറികളാണ് ഈ ഐപിഎല്‍ സീസണിലുണ്ടായത്. സഞ്ജുവിന് പുറമെ രാജസ്ഥാന്റെ തന്നെ ജോസ് ബട്‌ലര്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരും സെഞ്ചുറി നേടി. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച ഇന്നിങ്‌സ് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കുഴങ്ങും. സഞ്ജു, പടിക്കല്‍ എന്നിവര്‍ക്ക് പുറമെ ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവരെല്ലാം മികച്ച പ്രകടനം നടത്തിയവരാണ്.
എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം റിതീന്ദര്‍ സിംഗ് സോധിക്ക് ബോധിച്ചത് സഞ്ജുവിന്റെ ഇന്നിങ്‌സാണ്. റിതീന്ദര്‍ പറയുന്നതിങ്ങനെ... ''ടി20യില്‍ സെഞ്ചുറി അടിച്ചെടുക്കുക എളുപ്പമുള്ള കാര്യമല്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കണം. നിലയുറപ്പിക്കാനുള്ള സമയം പോലും കിട്ടില്ല. വേഗത്തില്‍ സിംഗിളും ഡബ്ബിളും ഓടിയെടുക്കണം. ഇതിനിടെ സിക്‌സും ഫോറും നേടണം. അതുകൊണ്ടുന്നെ ഇന്ത്യന്‍ താരത്തിന്റെ ഇന്നിങ്‌സ് തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ധവാന്‍, പ്രിഥ്വി, പടിക്കല്‍ തുടങ്ങിയവരുടെ ഇന്നിംഗ്‌സുകള്‍ മികച്ചതായിരുന്നു.
ഒരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ സഞ്ജുവിന്റെ ഇന്നിങ്‌സ് പറയും. പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ 119 റണ്‍സാണ് എന്റെ ഫേവറൈറ്റ്. '' റിതീന്ദര്‍ പറഞ്ഞു. പഞ്ചാബിനെതിരായ മത്സരത്തില്‍ 12 ഫോറും അഞ്ച് സിക്‌സുമടക്കം 119 രണ്‍സാണ് സഞ്ജു നേടിയത്. അവസാന പന്തില്‍ സിക്‌സടിച്ച് ജയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കി മടങ്ങി.