ഷമി എന്റെ ടീമിലെ നാലാം പേസര്‍ മാത്രം; ടി20 ലോകകപ്പിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം
ടി20യ്ക്കുള്ള ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര.
ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി ടി20 ലോകകപ്പാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര്ക്ക് ശേഷം ടീം പൂര്‍ണമായും ലോകകപ്പിനുളള ഒരുക്കങ്ങളിലേക്ക് തിരിയും. ടൂര്‍ണമെന്റിന് മുമ്പ് മികച്ച ടീമിനെ തന്നെ ഇന്ത്യ തയ്യറാക്കേണ്ടതുണ്ട്. ഇതിനിടെ ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര. മുഹമ്മദ് ഷമി ടീമിലെത്തുമോ എന്നുള്ളതിനെ കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുന്നുണ്ട്.
ഒറ്റനോട്ടത്തില്‍ ഷമി ഒരിക്കലും ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം കണ്ടെത്തില്ലെന്നാണ് ചോപ്ര തന്റെ യുട്യുബ് ചാനലില്‍ പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഷമി ഒരിക്കലും ടീമിലേക്കുള്ള ഓട്ടോമാറ്റിക് ചോയ്‌സല്ല. അദ്ദേഹത്തെ ടീമില്‍ കാണാന്‍ പലരും ആഗ്രഹിക്കുന്നുണ്ടാവും. മാത്രമല്ല, യുഎഇയില്‍ (ഇത്തവണ ടി20 ലോകകപ്പിന്റെ വേദിയും യുഎഇയാണ്.) കഴിഞ്ഞ ഐപിഎല്‍ നടന്നപ്പോള്‍ അദ്ദേഹത്തിന് പഞ്ചാബ് കിംഗ്‌സിനായി മികച്ച പ്രകടനം നടത്താനായിരുന്നു. എങ്കിലും പറയട്ടെ പരിക്കിന് ശേഷം ആ പഴയ ഒഴുക്ക് തിരിച്ചുപിടിക്കാന്‍ ഷമിക്കായിട്ടില്ല. മറ്റ് ഫോര്‍മാറ്റുകളെ പോലെ ഷമിക്ക് അനായാസം കടന്നുവരാന്‍ കഴിയാത്ത ഫോര്‍മാറ്റാണ് ടി20. എന്നാല്‍ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും പൂര്‍ത്തിയാക്കാനുള്ള ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഷമി ടി20 ടീമിലുമെത്തും.
ഷമി മുമ്പും ടി20 മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ അസാധാരണ പ്രകടനമൊന്നും ഷമിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തില്‍ കൂടുതല്‍ ഐപിഎല്‍ ടീമുകള്‍ താല്‍പര്യം കാണിക്കാത്തത്. ഇന്ത്യന്‍ ടീമിലേക്ക് ഒരു താമസവും കൂടാതെ ഉള്‍പ്പെടുത്താവുന്ന താരങ്ങള്‍ ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍ എന്നിവരാണ്. ഇവര്‍ തന്നെയാണ് എന്റെ ആദ്യത്തെ മൂന്ന് ചോയ്‌സും. നാലാമനായി ഞാന്‍ ഷമിയെ പരിഗണിക്കും. അവര്‍ക്ക് ശേഷം ടി നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരെ പരിഗണിക്കാാം.'' ചോപ്ര വ്യക്തമാക്കി.
ബുമ്ര, ഭുവനേശ്വര്‍ എന്നിവരില്ലാതെ ഒരു ടി20 ടീമിനെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി 12 ടി20 മത്സരങ്ങല്‍ കളിച്ചിട്ടുള്ള 12 വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്.