ഇനിയും ദിനേശ് കാര്‍ത്തിക് വേണോ? സഞ്ജു സാംസണ് അവസരം നല്‍കൂ! മലയാളി താരത്തെ പിന്തുണച്ച് മുന്‍ ഓപ്പണര്‍
2024 ടി20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ ഇപ്പോള്‍ തന്നെ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ പറയുന്നത്. അതിന് ചില നിര്‍ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്.
ബംഗളൂരു: ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടി20 ലോകകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ വലിയ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ചില സീനിയര്‍ താരങ്ങളുടെ സ്ഥാനം തെറിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രല്ല ക്യാപ്റ്റന്‍സി വിഭജനവും ചര്‍ച്ചയിലുണ്ട്. ടി20 ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിക്കാനാണ് സാധ്യത. അതോടൊപ്പം ടി20 ടീമിന്റെ ഡയറക്റ്ററായി മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ കൊണ്ടുവരുമെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
2024 ടി20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ ഇപ്പോള്‍ തന്നെ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ പറയുന്നത്. അതിന് ചില നിര്‍ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്. ഉത്തപ്പയുടെ വിശദീകരിക്കുന്നതിങ്ങനെ... ''അടുത്ത ലോകകപ്പില്‍ ആരൊക്കെ കാണുമെന്ന് എനിക്ക് പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ രണ്ട് വര്‍ഷം ബാക്കിനില്‍ക്കെ ചില യുവതാരങ്ങളെ ഇന്ത്യ വളര്‍ത്തികൊണ്ടുവരേണ്ടതുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ ആ സാഹചര്യം മുതലാക്കുന്ന താരങ്ങള്‍ ഇന്ത്യക്ക് വേണം. കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്ന താരങ്ങള്‍ ഇന്ത്യക്കുണ്ട്. ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ അവസരം ലഭിക്കാതിരുന്നു റിഷഭ് പന്ത് അടുത്ത തവണയും ടീമില്‍ വേണം. ടോപ് ത്രീയിലാണ് അദ്ദേഹത്തെ കളിപ്പിക്കേണ്ടത്.'' ഉത്തപ്പ പറഞ്ഞു.
മലയാളി താരം സഞ്ജു സാംസണെ കുറിച്ചും ഉത്തപ്പ സംസാരിച്ചു. ''ദിനേശ് കാര്‍ത്തിക് വരും ലോകകപ്പില്‍ കളിക്കില്ലെന്ന് ഉറപ്പാണ്. അദ്ദേഹത്തിന് പകരക്കാരന്‍ വേണം. സഞ്ജുവിന് അത് കഴിയും. രാഹുല്‍ ത്രിപാദി, ദീപക് ഹൂഡ എന്നിവര്‍ക്കും ആ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കും. മൂവര്‍ക്കും അവസരം നല്‍കിയാല്‍ മാത്രമെ ലക്ഷ്ണമൊത്ത ഫിനിഷറായി വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.'' ഉത്തപ്പ വ്യക്താക്കി.
ബൗളര്‍മാരെ കുറിച്ച് ഉത്തപ്പ പറയുന്നതിങ്ങനെ.. ''ഉമ്രാന്‍ മാലിക്കിനെ മിനുക്കിയെടുത്താല്‍ മികച്ചൊരു പേസറെ ഇന്ത്യക്ക് ലഭിക്കും. അടുത്ത ലോകകപ്പില്‍ അവന്‍ ടീമില്‍ വേണം. മാത്രമല്ല, റ്വിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ശരിയായ രീതിയില്‍ ഇപ്പോഴും ഉപയോഗിച്ചിട്ടില്ല. അവന്‍ മികച്ച ഫോമിലാണ്. പരിക്കുകളിലൂടെ കടന്നുപോയപ്പോള്‍ ചെറിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. എന്നാല്‍ ടീമിന് മുതല്‍കൂട്ടാകാന്‍ കുല്‍ദീപിന് സാധിക്കും.'' ഉത്തപ്പ വ്യക്തമാാക്കി.
ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിമര്‍ശനമുണ്ടായി. സീനിയര്‍ താരങ്ങള്‍ യുവാക്കള്‍ക്കായി വഴിമാറണമെന്നും അഭിപ്രായമുണ്ടായി.