സഞ്ജു ഔട്ടല്ലെന്ന് സിദ്ദു! വ്യത്യസ്ത അഭിപ്രായവുമായി സംഗക്കാര; ക്രിക്കറ്റ് വിദഗ്ധരുടെ കാഴ്ച്ചപ്പാട് ഇങ്ങനെ
തീരുമാനത്തെ മാനിക്കുന്നുവെന്നാണ് രാജസ്ഥാന്‍ ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര വ്യക്തമാക്കിയത്. അത് ഔട്ടല്ല എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിംഗ് സിദ്ദുവിന്റെ വാദം.
ദില്ലി: ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ വിവാദ പുറത്താകലില്‍ വ്യത്യസ്ത അഭിപ്രായം പങ്കുവച്ച് ക്രിക്കറ്റ് വിദഗ്ധര്‍. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തിലാണ് സഞ്ജു പുറത്താവുന്നത്. ലോംഗ് ഓണിലേക്ക് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കയ്യിലൊതുക്കുകയായിരുന്നു. എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്നാണ് ഒരുവാദം. ഇല്ലെന്ന് മറ്റൊരു വാദം.
ഇതിനിടെയാണ് മുന്‍ താരങ്ങളും പരിശീലകരുമൊക്കെ അഭിപ്രായം പങ്കുവെക്കുന്നത്. അത് ഔട്ടല്ല എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിംഗ് സിദ്ദുവിന്റെ വാദം. അദ്ദേഹം വിശീദകരിക്കുന്നതിങ്ങനെ... ''ഫീല്‍ഡറുടെ കാല് രണ്ട് തവണ ബൗണ്ടറി ലൈനില്‍ തൊട്ടു. നമുക്കത് കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയും. അത് ഔട്ടല്ല. ഈ തീരുമാനം അംപയര്‍ മനപൂര്‍വം എടുത്തതല്ല. എല്ലാം മത്സരത്തിന്റെ ഭാഗമാണ്. ആരേയും തെറ്റുകാരായി മുദ്ര കുത്താന്‍ കഴിയില്ല. എങ്കിലും തീരുമാനം മത്സരത്തിന്റെ ഗതിയെ മാറ്റിമറിച്ചു.'' സിദ്ദു വ്യക്തമാക്കി.
തീരുമാനത്തെ മാനിക്കുന്നുവെന്നാണ് രാജസ്ഥാന്‍ ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര വ്യക്തമാക്കിയത്. ''റിപ്ലേകളേയും വിവിധ ആംഗിളുകളേയും ആശ്രയിച്ചാണ് ഔട്ടാണോ അല്ലെയോ എന്ന് കരുതാന്‍ പറ്റൂ. ചില വീക്ഷണകോണില്‍ ഫീല്‍ഡര്‍ ബൗണ്ടറി ലൈനില്‍ തൊട്ടതായി കാണാം. മൂന്നാം അംപയര്‍ക്ക് വിധിക്കാന്‍ പ്രയാസമുള്ള ഒന്നായിരുന്നു ആ ക്യാച്ച്. മത്സരമാകട്ടെ നിര്‍ണായക ഘട്ടത്തിലും. എന്നാല്‍ അത്തരത്തില്‍ സംഭവിച്ചു. ആശയക്കുഴപ്പം തീര്‍ക്കാന്‍ അംപയര്‍മാരുമായി സംസാരിക്കേണ്ടി വരും. അംപയറെടുത്ത തീരുമാനത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും മാനിച്ചേ പറ്റൂ.'' സംഗക്കാര പറഞ്ഞു.
മുന്‍ രാജസ്ഥാന്‍ ക്യാപ്റ്റനും ഡല്‍ഹിയുടെ ബാറ്റിംഗ് കോച്ചുമൊക്കെയായിരുന്ന ഷെയ്ന്‍ വാട്‌സണ്‍ പറയുന്നതിങ്ങനെ... ''ബൗണ്ടറി വ്യക്തമല്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ടി വി അംപയര്‍ കാണിച്ച ഒരു സുപ്രധാന കോണില്‍ ഫീല്‍ഡര്‍ ക്യാച്ചെടുക്കുന്നത് വ്യക്തമായി കാണാം. വീഡിയോയില്‍ താരം ബൗണ്ടറി ലൈനില്‍ തൊട്ടിട്ടില്ലെന്ന് കാണാം. ഷായ് ഹോപ്പ് ഒരു തകര്‍പ്പന്‍ ക്യാച്ച് കയ്യിലൊതുക്കിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'' വാട്‌സണ്‍ പറഞ്ഞു.
മത്സരം 20 റണ്‍സിനാണ് കാപിറ്റല്‍സ് ജയിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.