വിജയ് ഹസാരെ കളിക്കാത്തത് സഞ്ജുവിന് പണിയായി, സൂര്യയുമില്ല! ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രവചിച്ച് മുന്‍ താരം
രോഹിത് ഓപ്പണറാവുമെന്ന് ആകാശ് ഉറപ്പ് പറഞ്ഞു. 2023 ഏകദിന ലോകകപ്പ് ഉള്‍പ്പെടെ 14 ഇന്നിംഗ്‌സുകള്‍ കളിച്ച രോഹിത് 54 ശരാശരിയില്‍ 754 റണ്‍സാണ് നേടിയത്.
ദില്ലി: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ താരവും നിലവില്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര. ടി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരില്ലാത്ത ടീമിനെയാണ് ആകാശ് പുറത്തുവിട്ടത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടീമിലിടം പിടിച്ച്. രോഹിത്താണ് ടീമിനെ നയിക്കുക. ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനളും ഇന്ത്യ കളിക്കും. ചാംപ്യന്‍സ് ട്രോഫിക്കുള്ള അതേ തന്നെയായിരിക്കും ഏകദിന പരമ്പരയിലും കളിക്കുക.
രോഹിത് ഓപ്പണറാവുമെന്ന് ആകാശ് ഉറപ്പ് പറഞ്ഞു. 2023 ഏകദിന ലോകകപ്പ് ഉള്‍പ്പെടെ 14 ഇന്നിംഗ്‌സുകള്‍ കളിച്ച രോഹിത് 54 ശരാശരിയില്‍ 754 റണ്‍സാണ് നേടിയത്. അതില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും നേടി. സഹ ഓപ്പണറായി രണ്ട് പേരെ ആകാശ് തിരഞ്ഞെടുക്കുന്നുണ്ട്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് സഹ ഓപ്പണര്‍മാര്‍. അവസാന 12 ഏകദിന ഇന്നിംഗ്‌സില്‍ 411 റണ്‍സ് മാത്രമാണ് ഗില്ലിന്റെ സമ്പാദ്യം. ജയ്‌സ്വാള്‍ ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയില്ലെങ്കിലും ടെസ്റ്റിലും ടി20യിലും തകര്‍പ്പന്‍ ഫോമിലാണ്. പിന്നാലെ വിരാട് കോലി ടീമിലെത്തും.
വിജയ് ഹസാരെ കളിക്കാത്തതുകൊണ്ടാണ് സഞ്ജുവിനെ ടീമിലെടുക്കാത്തതെന്ന് ആകാശ് വ്യക്തമാക്കി. സൂര്യകുമാറിന് വിനയായത് വിജയ് ഹസാരെയിലെ മോശം പ്രകടനമാണ്. പകരം മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ വരും. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും കെ എല്‍ രാഹുലും. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ. മൂന്ന് സ്പിന്നര്‍മാരേയും ആകാശ് ടീമില്‍ ഉള്‍പ്പെടുത്തി. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. ദുബായില്‍ മൂന്ന് സ്പിന്നര്‍മാര്‍ വേണമെന്നും ആകാശ് തന്റെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു. നാല് പേസര്‍മാരാണ് ആകാശിന്റെ ടീമില്‍. ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നീ പേസര്‍മാരെയാണ് ആകാശ് തിരഞ്ഞെടുത്തത്.
ആകാശ് ചോപ്രയുടെ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാജവ്, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.