'ഞാനായിരുന്നെങ്കില്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു'; ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനവുമായി ശാസ്ത്രി
ഷമിയുടെ സാന്നിധ്യം ഫലത്തില്‍ മാറ്റമുണ്ടാക്കുമായിരുന്നുവെന്ന് ശാസ്ത്രി പ്രതികരിച്ചു.
മുംബൈ: 2023 നവംബറില്‍ ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. അടുത്തിടെ ബംഗാളിനായി രഞ്ജി ട്രോഫി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയ ഷമി സയ്യിദ് മുഷ്താഖ് ടി20യില്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ കളിച്ചു. ഇപ്പോല്‍ വിജയ് ഹസാരെയിലും കളിച്ചുകൊണ്ടിരിക്കുന്ന ഷമി ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായുള്ള ടീമില്‍ അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു. നേരത്തെ, ഷമി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇടം പിടിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിനിടെ അദ്ദേഹത്തിന്റെ ഇടങ്കാലില്‍ നേരിയ നീര്‍ക്കെട്ടുണ്ടെന്നും ഫിറ്റ്‌നെസ് തെളിയിച്ചില്ലെന്നും വാര്‍ത്തകള്‍ വന്നു.
ഇപ്പോള്‍ ഷമിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഷമിയുടെ സാന്നിധ്യം ഫലത്തില്‍ മാറ്റമുണ്ടാക്കുമായിരുന്നുവെന്ന് ശാസ്ത്രി പ്രതികരിച്ചു. ശാസ്ത്രിയുടെ വാക്കുകള്‍.... ''ഷമിയുടെ പരിക്കുമായി ബന്ധപ്പെട്ട് ആശയവിനിമയം ഒന്നും നടക്കുന്നില്ല. അദ്ദേഹം എവിടെയാണ്? എത്ര നാളായി എന്നറിയില്ല ഷമി എന്‍സിഎയില്‍ ഇരിക്കുന്നു. എന്തുകൊണ്ടാണ് എന്‍സിഎ ശരിയായ ആശയവിനിമയം നടത്താതത്. ഞാനായിരുന്നെങ്കില്‍ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തുമായിരുന്നു.'' ശാസ്ത്രി പറഞ്ഞു.
ശാസ്ത്രി തുടര്‍ന്നു. ''ഷമിയെ ടീമിന്റെ ഭാഗമായി നിലനിര്‍ത്തുകയും അതോടൊപ്പം അദ്ദേഹത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുമായിരുന്നു. ഇനി മൂന്ന് ടെസ്റ്റുകള്‍ക്ക് ശേഷം കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായാല്‍ ഷമിയെ വിട്ടയക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല, ഓസ്‌ട്രേലിയയില്‍ ലഭ്യമായ ഏറ്റവും മികച്ച ഫിസിയോയെ കാണിച്ച് ഷമിയുടെ പരിക്കിനെ കുറിച്ച് കാര്യമായ പരിശോധനയും നടത്തുമായിരുന്നു.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.
നേരത്തെ മൂന്ന് ടെസ്റ്റുകള്‍ക്ക് ശേഷം തന്നെ ഷമിയെ ഓസ്‌ട്രേലിയയിലേക്ക് അയക്കില്ലെന്ന് ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അതിങ്ങനെ... ''അദ്ദേഹത്തിന്റെ കാലില്‍ ഇപ്പോഴും നീര്‍ക്കെട്ടുണ്ട്. പരിക്കിന് ശേഷം തുടര്‍ച്ചയായി കളിച്ചതുകൊണ്ട് സംഭവിച്ചതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഓസ്‌ട്രേലിയയിലേക്ക് അയക്കാന്‍ ആവില്ല.'' ബിസിസിഐ കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മധ്യപ്രദേശിനെതിരായ ബംഗാളിന്റെ രഞ്ജി ട്രോഫി മത്സരത്തില്‍ ഷമി 43 ഓവര്‍ ബൗള്‍ ചെയ്തു. ഇതിനെത്തുടര്‍ന്ന്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഒമ്പത് മത്സരങ്ങളിലും ഷമി കളിച്ചു. എന്നിരുന്നാലും, മെല്‍ബണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് മൂന്ന് ദിവസം മുമ്പ് ഷമിയെ അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു.