'അന്ന് വിവാഹത്തിന് തൊട്ടടുത്തെത്തി, പക്ഷ..' ഇപ്പോഴും സിംഗിളായി തുടരാനുള്ള കാരണം വെളിപ്പെടുത്തി മിതാലി രാജ്
2009ല്‍ ഞാനും ഇങ്ങനെ തന്നെയായിരുന്നു ചിന്തിച്ചത്. എന്തായാലും ലോകകപ്പ് കൂടി കളിച്ചശേഷം കുടുംബ ജീവിതത്തിലേക്ക് കടക്കാമെന്നായിരുന്നു അന്ന് ഞാന്‍ കരുതിയത്.
മുംബൈ: വിവാഹം കഴിക്കാതെ സിംഗിളായി തുടരാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ത്യൻ ക്യാപ്റ്റനായിരിന്ന കാലത്ത് വിവാഹ ആലോചനകള്‍ പലതും വന്നിരുന്നുവെന്നും ഒരിക്കല്‍ വിവാഹത്തിന് അടുത്തെത്തിയെങ്കിലും ക്രിക്കറ്റ് ഉപേക്ഷിച്ചാലെ വിവാഹം കഴിക്കാനാവൂ എന്ന് വരൻ പറഞ്ഞതിനാല്‍ പിന്‍മാറുകയായിരുന്നുവെന്നും 41കാരിയായ മിതാലി രണ്‍വീര്‍ അലഹബാദിയയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു. എനിക്ക് 25 വയസായിരുന്നു അപ്പോൾ പ്രായം. വിവാഹം കഴിഞ്ഞാൽ ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളുടെയും കുടുംബത്തിന്‍റെയും കാര്യങ്ങള്‍ നോക്കണമെന്നായിരുന്നു വരന്‍റെ ആവശ്യം. ക്രിക്കറ്റില്‍ തുടരാന്‍ തീരുമാനിച്ച താന്‍ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും മിതാലി രാജ് പറഞ്ഞു.
എന്‍റെയൊക്കെ തുടക്കകാലത്ത് ക്രിക്കറ്റ് കരിയറാക്കുക എന്നത് ഒരു മധ്യവര്‍ഗ കുടുംബത്തിന് ചിന്തിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ഒരു പ്രായം വരെയൊക്കെ പല പെണ്‍കുട്ടികളും ക്രിക്കറ്റില്‍ തുടരും. അത് കഴിഞ്ഞാല്‍ വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളും കുടുംബവുമായി പോകും. 2009ല്‍ ഞാനും ഇങ്ങനെ തന്നെയായിരുന്നു ചിന്തിച്ചത്. എന്തായാലും ലോകകപ്പ് കൂടി കളിച്ചശേഷം കുടുംബ ജീവിതത്തിലേക്ക് കടക്കാമെന്നായിരുന്നു അന്ന് ഞാന്‍ കരുതിയത്.
എന്നാല്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതോടെ എനിക്ക് കിട്ടിയ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും എന്‍റെ ജീവിതം മാറ്റി മറിച്ചു. അഭിനന്ദനങ്ങൾ ഒരു കായിക താരത്തിന്‍റെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിന്‍റെ തെളിവായിരുന്നു അത്. അതോടെ എന്‍റെ ചിന്തകളും തീരുമാനവും മാറി. ഇത്രയൊക്കെ ത്യാഗം സഹിച്ച് ഞാനിവിടെ വരെ എത്തി. പിന്നെന്തിനാണ് ഞാന്‍ തിടുക്കപ്പെട്ട് വിവാഹം കഴിച്ച് കരിയര്‍ ഇല്ലാതാക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. ആ സമയം ഞാന്‍ അമ്മയെ വിളിച്ചു പറഞ്ഞു, ഒരു രണ്ട് വര്‍ഷം കൂടി എനിക്ക് ക്രിക്കറ്റില്‍ തുടരണമെന്നും, ഇപ്പോള്‍ വിവാഹം വേണ്ടെന്നും.
1997ല്‍ 13-ാം വയസില്‍ ലോകകപ്പിനുള്ള സീനീയര്‍ ക്യാംപിലെത്തിയപ്പോള്‍ എനിക്ക് ക്രിക്കറ്റില്‍ തുടരണമെന്ന് തോന്നിയിരുന്നില്ല. ആദ്യമായിട്ടായിരുന്നു ഞാന്‍ ഒറ്റക്ക് യാത്ര ചെയ്യുന്നത്. അമ്മയെ വിളിച്ച് ഞാന്‍ വീട്ടിലേക്ക് തിരികെ വരികയാണെന്ന് പറഞ്ഞു. ഇന്ത്യൻ ടീമിലെത്തിയിട്ടും കുറെക്കാലം പീരിയ്ഡ്സ് അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകളൊക്കെ സപ്പോര്‍ട്ട് സ്റ്റാഫിനോട് പോലും പറയാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും മിതാലി രാജ് പറഞ്ഞു.
അണ്ടർ 19 ഏഷ്യാ കപ്പ്: ആവേശം അൽപ്പം കൂടിപ്പോയി, വിക്കറ്റ് ആഘോഷത്തിനിടെ നേപ്പാൾ താരത്തിന് പരിക്ക്
പതിമൂന്നാം വയസില്‍ ക്രിക്കറ്റ് മതിയാക്കണമെന്ന് ആഗ്രഹിച്ച മിതാലി രാജ് പക്ഷെ രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖമായി മാറിയെന്നതാണ് വിസ്മയം. ഇന്ത്യക്കായി 12 ടെസ്റ്റും 232 ഏകദിനങ്ങളിലും 89 ടി20 മത്സരങ്ങളിലും കളിച്ച മിതാലി രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ച ഒരേയൊരു താരം കൂടിയാണ്. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ 155 ഏകദിനങ്ങളില്‍ 89 വിജയങ്ങള്‍ സ്വന്തമാക്കിയ മിതാലി 2017ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചു. 2022ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിതാലി രാജ് നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മെന്‍ററാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക