സഞ്ജു സാംസണ്‍ എങ്ങനെയാണ് ഐപിഎല്ലിലെ മാസ്റ്റര്‍ ബ്ലാസ്റ്ററാകുന്നത്? കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ ഇതിഹാസം
സഞ്ജുവിന്റെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം. ടി20 ക്രിക്കറ്റ് വേണ്ട കരുത്ത് സഞ്ജുവിനുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ചെന്നൈ: ഐപിഎല്ലില്‍ ഇതുവരെ മത്സരങ്ങളില്‍ സ്ഥിരയാര്‍ന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്. റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു 471 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജുവിന്റെ സ്ഥിരത ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഐപിഎല്ലിലുടനീളം ഈ ഫോം തുടരുകയാണെങ്കില്‍ ലോകകപ്പില്‍ സഞ്ജുവിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാക്കേണ്ടി വരും.
ഇപ്പോള്‍ സഞ്ജുവിന്റെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. ''ഡല്‍ഹി കാപിറ്റല്‍സിനെതിരെ 46 പന്തില്‍ 86 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ഗംഭീരമായി കളിക്കുന്നുണ്ടായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കളിച്ചത് പോലെ മത്സരങ്ങള്‍ ജയിച്ചുകൊണ്ട് സഞ്ജു തന്റെ മൂല്യം കാണിക്കുന്നു. പേസും സ്പിന്നും സമര്‍ത്ഥമായി കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നു. അതുകൊണ്ടുതന്നെ ഈ ടൂര്‍ണമെന്റിലെ മാസ്റ്റര്‍ ബ്ലാസ്റ്ററാണ് അദ്ദേഹം. എന്നിരുന്നാലും, ഡല്‍ഹിക്കെതിരെ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയാതിരുന്നത് സഞ്ജുവിന് നിരാശയുണ്ടാക്കിയിരിക്കാം.'' ഹെയ്ഡന്‍ പറഞ്ഞു.
സഞ്ജുവിന്റെ ടി20 ശൈലിയെ കുറിച്ചും ഹെയ്ഡന്‍ പറഞ്ഞു. ''ടി20 ക്രിക്കറ്റ് കളിക്കാന്‍ കരുത്ത് വളരെ പ്രധാനമാണ്. അവനത് വേണ്ടുവോളമുണ്ട്. എങ്കിലും ശ്രദ്ധേയമായത് സഞ്ജുവിന്റെ സമര്‍പ്പണമാണ്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് കുറച്ച് ഭാഗ്യം ആവശ്യമായിരുന്നു, പ്രത്യേകിച്ച് കളിയുടെ അവസാന ഭാഗത്ത്.'' ഹെയ്ഡന്‍ പറഞ്ഞുനിര്‍ത്തി.
സഞ്ജുവിന്റെ ഈ സീസണിലെ ഫോമിനെ കുറിച്ച് രാജസ്ഥാന്‍ ഡയറ്കറ്റര്‍ കുമാര്‍ സംഗക്കാരയും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. സംഗ പറഞ്ഞതിങ്ങനെ... ''ഈ സീസണില്‍ സഞ്ജുവിന് വലിയ മാറ്റമുണ്ടായി. താന്‍ ബാറ്റ് ചെയ്യേണ്ട രീതിയെക്കുറിച്ച് അവനിപ്പോള്‍ വ്യക്തതയുണ്ട്. മുമ്പ്, മത്സരത്തിന്റെ ചില ഘട്ടങ്ങളില്‍ അദ്ദേഹത്തിന് ഏകാഗ്രത നഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ സീസണുകളില്‍ അതിനെ കുറിച്ച് ഞങ്ങള്‍ സംസാരിക്കുമായിരുന്നു. ഇത്തവണ അത് മാറ്റി. മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുന്നതിന് പകരം വിശ്രമമെടുക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ചും സഞ്ജുവിനിപ്പോള്‍ അറിയാം. ബാക്കിയുള്ളത് അവന്റെ അസാധാരണമായ കഴിവാണ്.'' സംഗക്കാര വ്യക്തമാക്കി.