പിച്ചിലെ ഭൂതം തിരിച്ച് കൊത്തി, കൂടെ ഉത്തരവാദിത്വമില്ലായ്മയും; ഇന്ത്യന്‍ തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍
28 റണ്‍സിന്‍റെ വിജയവുമായി ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ലീഡ് എടുത്തപ്പോള്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് എന്തൊക്കെയെന്ന് പരിശോധിക്കാം
ഹൈദരാബാദ്: ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയിട്ടും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് ദയനീയ തോല്‍വി. ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ കൈപ്പിടിയിലിരുന്ന മത്സരം കളഞ്ഞുകുളിച്ച് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു രോഹിത് ശര്‍മ്മയും സംഘവും. 28 റണ്‍സിന്‍റെ വിജയവുമായി ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ലീഡ് എടുത്തപ്പോള്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് എന്തൊക്കെയെന്ന് പരിശോധിക്കാം.
1. മുതലാക്കാനാവാതെ പോയ ലീഡ്
ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സിന്‍റെ മികച്ച ലീഡ് നേടിയിട്ടും ഇന്ത്യക്ക് മുതലാക്കാനായില്ല. രണ്ടാം ഇന്നിംഗ്സില്‍ 420 എന്ന കൂറ്റന്‍ സ്കോറാണ് ഇംഗ്ലണ്ട് സെഞ്ചുറിവീരന്‍ ഓലീ പോപിന്‍റെയും വാലറ്റത്തിന്‍റെ പോരാട്ടത്തിലും അടിച്ചുകൂട്ടിയത്. ബുമ്ര നാലും അശ്വിന്‍ മൂന്നും ജഡേജ രണ്ടും അക്സര്‍ ഒന്നും വിക്കറ്റ് നേടിയിട്ടും ടീമിന് ഗുണം ചെയ്തില്ല.
2. ഓലീ പോപ്പിന്‍റെ ക്ലാസിക്
ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് തലവേദനയായത് ഓലീ പോപിന്‍റെ മാരക സെഞ്ചുറിയായിരുന്നു. വണ്‍ഡൗണായി ക്രീസിലെത്തിയ ഓലീ പോപ് അവസാനക്കാരനായി പുറത്താകുമ്പോള്‍ 278 പന്തില്‍ 196 റണ്‍സ് നേടിയിരുന്നു. 47 റണ്‍സെടുത്ത ബെന്‍ ഡക്കെറ്റാണ് ഇംഗ്ലണ്ടിന്‍റെ രണ്ടാമത്തെ ടോപ് സ്കോറര്‍ എന്നോര്‍ക്കുക.
3. ഫീല്‍ഡിംഗ് പിഴവുകള്‍
സെഞ്ചുറി പിന്നിട്ട ശേഷം ഓലീ പോപിന്‍റെ രണ്ട് ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്. അക്സര്‍ പട്ടേലും കെ എല്‍ രാഹുലുമാണ് കൈയഴിഞ്ഞ് ഇംഗ്ലീഷ് ബാറ്ററെ സഹായിച്ചത്. വീണുകിട്ടിയ അവസരങ്ങള്‍ മുതലാക്കിയ പോപ് ഇന്ത്യക്ക് മേല്‍ വന്‍ സ്കോര്‍ പടുത്തുയര്‍ത്തി.
4. ദയനീയ ബാറ്റിംഗ്
231 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. യശസ്വി ജയ്‌സ്വാള്‍ (15), ശുഭ്‌മാന്‍ ഗില്‍ (0), രോഹിത് ശര്‍മ്മ (39), അക്സര്‍ പട്ടേല്‍ (17), കെ എല്‍ രാഹുല്‍ (22), രവീന്ദ്ര ജഡേജ (2), ശ്രേയസ് അയ്യര്‍ (13), കെ എസ് ഭരത് (28), രവിചന്ദ്രന്‍ അശ്വിന്‍ (28), മുഹമ്മദ് സിറാജ് (12), ജസ്പ്രീത് ബുമ്ര (6*) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍. ഒരേ ഓവറിലാണ് ജയ്സ്വാളും ഗില്ലും വിക്കറ്റ് തുലച്ചത്. ഇത് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയും സമ്മര്‍ദവുമായി.
5. പിച്ചിലെ കെണി
ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സിലെ അവസാന ഓവറുകളില്‍ തന്നെ പിച്ച് കൃത്യമായ സൂചന കാട്ടിയിരുന്നു. ടോം ഹാര്‍ട്‌ലിയെ മടക്കിയ അശ്വിന്‍റെ പന്ത് ഒട്ടും ബൗണ്‍സ് ചെയ്തില്ല. ഈ മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ആതിഥേയരുടെ 9 വിക്കറ്റുകളും പിഴുതത് സ്പിന്നര്‍മാരായിരുന്നു. രവീന്ദ്ര ജഡേജ മാത്രം റണ്ണൗട്ടായി. ഏഴ് വിക്കറ്റുകളാണ് സ്പിന്നര്‍ ടോം ഹാര്‍ട്‌ലി രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം