147 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം; വിവിയൻ റിച്ചാര്‍ഡ്സിനെപ്പോലും പിന്നിലാക്കി യശസ്വി ജയ്സ്വാള്‍

ബംഗ്ലാദേശി പേസര്‍ ഹസന്‍ മഹ്മൂദ് ഇന്ത്യയുടെ തലയരിഞ്ഞപ്പോഴും തളരാതെ പൊരുതിയ ജയ്സ്വാള്‍ 118 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ സഹിതമാണ് 56 റണ്‍സടിച്ചത്.

First Time In 147 Years: Yashasvi Jaiswal creates this unique record vs Bangladesh in 1st Test

ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ബംഗ്ലാദേശിന്‍റെ യുവ പേസര്‍ ഹസന്‍ മഹ്മൂദിന് മുന്നില്‍ ഇന്ത്യയുടെ വിഖ്യാതമായ മുന്‍നിരക്ക് മുട്ടുവിറച്ചപ്പോള്‍ പാറപോലെ ഉറച്ചു നിന്നത് യുവതാരം യശസ്വി ജയ്സ്വാളായിരുന്നു. 56 റണ്‍സെടുത്ത ജയ്സ്വാള്‍ ഇന്ത്യയെ 100 കടത്തിയശേഷം ക്രീസ് വിട്ടെങ്കിലും സ്വന്തമാക്കിയത് ഇതിഹാസ താരങ്ങളെപ്പോലും പിന്നിലാക്കുന്ന റെക്കോര്‍ഡാണ്.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ആദ്യ 10 ഹോം ടെസ്റ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് ജയ്സ്വാള്‍ ബംഗ്ലാദേശിനെതിരെ 56 റണ്‍സ് നേടിയതിലൂടെ സ്വന്തം പേരിലാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ 10 ഹോം ടെസ്റ്റുകളില്‍ 750 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററാണ് യശസ്വി. 1935ല്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ ജോര്‍ജ് ഹെഡ്‌ലി ആദ്യ 10 ഹോം ടെസ്റ്റുകളില്‍ നിന്ന് 747 റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡാണ് യശസ്വി ഇന്ന് പിന്നിലാക്കിയത്. നാട്ടില്‍ കളിച്ച പത്ത് ടെസ്റ്റുകളില്‍ 755 റണ്‍സാണ് നിലവില്‍ യശസ്വിയുടെ പേരിലുള്ളത്.

സെഞ്ചുറികളില്‍ ധോണിയ്ക്കൊപ്പം, സച്ചിനുശേഷം മറ്റാര്‍ക്കുമില്ലാത്ത അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി അശ്വിന്‍

ജാവേദ് മിയാന്‍ദാദ്(743), ഡേവിഡ് ഹൂട്ടണ്‍(743), വിവിയന്‍ റിച്ചാര്‍ഡ്സ്(680) എന്നിവരാണ് ജയ്സ്വാളിന് പിന്നിലുള്ളത്. ബംഗ്ലാദേശി പേസര്‍ ഹസന്‍ മഹ്മൂദ് ഇന്ത്യയുടെ തലയരിഞ്ഞപ്പോഴും തളരാതെ പൊരുതിയ ജയ്സ്വാള്‍ 118 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ സഹിതമാണ് 56 റണ്‍സടിച്ചത്. നാലു വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഇന്ത്യയെ റിഷഭ് പന്തിനൊപ്പം 62 റണ്‍സ് കൂട്ടുകെട്ടിലൂടെ യശസ്വി കരകയറ്റുകയായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1084 റണ്‍സടിച്ച യശസ്വിയാണ് നിലവില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. 76 റണ്‍സ് കൂടി സ്വന്തമാക്കാനായാല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യൻ ബാറ്ററെന്ന അജിങ്ക്യാ രഹാനെയുടെ റെക്കോര്‍ഡ്(1159 റണ്‍സ്) യശസ്വിയുടെ പേരിലാവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios