ടെസ്റ്റ് ക്രിക്കറ്റിൽ 147 വർഷത്തിനിടെ ആദ്യം; ചരിത്രനേട്ടം സ്വന്തമാക്കി നിതീഷ് കുമാറും വാഷിംഗ്ടൺ സുന്ദറും

ഓസ്ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും നിതീഷ് ഇന്ന് അടിച്ചെടുത്തു.

First Time In 147 Years Test History: Nitish Kumar Reddy, Washington Sundar Achieves unique Record

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ടാമതിറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറിയും ഒമ്പതാമനായി ഇറങ്ങിയ വാഷിംഗ് സുന്ദര്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എട്ടാമതും ഒമ്പതാമതും ഇറങ്ങുന്ന രണ്ട് ബാറ്റര്‍മാരും 150 പന്തുകളിലേറെ നേരിടുന്നത്. വാഷിംഗ്ടന്‍ സുന്ദര്‍ 162 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 176 പന്തുകളില്‍ 105 റണ്‍സുമായി ക്രീസിലുണ്ട്.

കന്നി ടെസ്റ്റ് സെഞ്ചുറി നേടിയതോടെ മറ്റൊരു നേട്ടവും നിതീഷ് കുമാര്‍ റെഡ്ഡി സ്വന്തമാക്കി. ഓസ്ട്രേലിയയില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്ററെന്ന റെക്കോര്‍ഡാണ് 21കാരനായ നിതീഷ് പേരിലാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18 വയസും 256 ദിവസവും), റിഷഭ് പന്ത് (21 വയസും 92 ദിവസവും) എന്നിവരാണ് നിതീഷിനെക്കാള്‍ വേഗത്തില്‍(21 വയസും 216 ദിവസവും) ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ഇന്ത്യൻ താരങ്ങള്‍.

നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും പോരാട്ടം; മെല്‍ബണില്‍ തല ഉയര്‍ത്തി ഇന്ത്യ

ഓസ്ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും നിതീഷ് ഇന്ന് അടിച്ചെടുത്തു. 2008ല്‍ അഡ്‌ലെയ്ഡില്‍ 87 റണ്‍സടിച്ച അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് നിതീഷ് ഇന്ന് മറികടന്നത്. ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ട്രാവിസ് ഹെഡിന് പിന്നാലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്താനും നിതീഷിനായി.

നാലു കളികളില്‍ നാലു ഇന്നിംഗ്സുകളില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്ന നിതീഷ് പരമ്പരയിലാകെ 284 റണ്‍സടിച്ചാണ് റണ്‍വേട്ടയില്‍ വിരാട് കോലി, രോഹിത് ശര്‍മ, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷെയ്ന്‍ തുടങ്ങിയ ബാറ്റര്‍മാരെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. നാലു ടെസ്റ്റില്‍ 409 റണ്‍സടിച്ച ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് മാത്രമാണ് ഇനി നിതീഷിന് മുന്നിലുള്ളത്. 275 റണ്‍സടിച്ചിട്ടുള്ള യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ താരങ്ങളില്‍ നിതീഷിന് പിന്നില്‍ രണ്ടാമത്. കെ എല്‍ രാഹുല്‍(259) മൂന്നാമതും വിരാട് കോലി(162) നാലാമതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios