ബിസിസിഐ കാണുന്നുണ്ടോ; ഫിഫ ലോകകപ്പില്‍ വരെ സഞ്ജു സാംസണെ പിന്തുണച്ച് ബാനറുകള്‍
ആദ്യ ഏകദിനത്തില്‍ 38 പന്തില്‍ 36 റണ്‍സുമായി ഭേദപ്പെട്ട പ്രകടനവുമായി തിളങ്ങിയിട്ടും രണ്ടാം മത്സരത്തില്‍ താരത്തെ പുറത്തിരുത്തുകയായിരുന്നു
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പ് വേദിയിലും. സഞ്ജുവിന് പിന്തുണയുമായാണ് നിരവധി ആരാധകര്‍ ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനത്തിയത്. ഈ ചിത്രങ്ങള്‍ സഞ്ജുവിന്‍റെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. സച്ചിനും ധോണിയും കോലിയും കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ സഞ്ജുവിനാണ് എന്ന് ആരാധകര്‍ വാദിക്കുന്നു. സഞ്ജുവിനെ ഒഴിവാക്കിയതില്‍ നായകന്‍ ശിഖര്‍ ധവാനെയും പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണെയും ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
ആദ്യ ഏകദിനത്തില്‍ 38 പന്തില്‍ 36 റണ്‍സുമായി ഭേദപ്പെട്ട പ്രകടനവുമായി തിളങ്ങിയിട്ടും രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണെ പുറത്തിരുത്തുകയായിരുന്നു. ശ്രേയസ് അയ്യരുമായി ചേർന്ന് സഞ്ജു ഉയർത്തിയ 94 റൺസിന്‍റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായിരുന്നു. രണ്ടാം ഏകദിനത്തില്‍ സഞ്ജുവിന് പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ കളിപ്പിച്ചപ്പോള്‍ മോശം ഫോമിലുള്ള റിഷഭ് പന്തിന് വീണ്ടും അവസരം നല്‍കിയതും ആരാധകരെ ചൊടിപ്പിച്ചു.
രണ്ടാം ഏകദിനത്തില്‍ നിന്ന് സഞ്ജുവിനെ മാറ്റി നിര്‍ത്തിയതില്‍ ശിഖര്‍ ധവാന്‍ വിശദീകരണം നല്‍കിയിരുന്നു. 'കുറച്ച് താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നു. എങ്കിലും ടീം ശക്തമാണ്. ഞങ്ങളുടെ ബെഞ്ച് കരുത്ത് ശക്തമാണ്. ഒരു ആറാം ബൗളര്‍ വേണമെന്നുള്ളതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കുന്നത്. പകരം ദീപക് ഹൂഡ കളിക്കും. യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണ് ന്യൂസിലന്‍ഡ് പര്യടനം. ശുഭ്മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്തു. ഉമ്രാന്‍ മാലിക്കിന്‍റെ ബൗളിംഗും പ്രശംസനീയമാണ്. ടീമിന്‍റെ പദ്ധതികള്‍ക്കനുസരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്' എന്നുമായിരുന്നു ഹാമില്‍ട്ടണില്‍ ധവാന്‍റെ വാക്കുകള്‍.
ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം മഴ മുടക്കിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തിനിടെയും രണ്ട് തവണ മഴയെത്തിയതോടെ കളി ഉപേക്ഷിക്കുകയായിരുന്നു. ഒരുവേള മത്സരം 27 ഓവറാക്കി ചുരുക്കിയിരുന്നു. എന്നാല്‍ ഇന്ത്യ 12.5 ഓവറില്‍ ഒരു വിക്കറ്റിന് 89 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴയെത്തി. പിന്നീട് മത്സരം പുനരാരംഭിക്കാനുള്ള സാധ്യതകള്‍ അടഞ്ഞു. ശുഭ്മാന്‍ ഗില്‍ (42 പന്തില്‍ 45), സൂര്യകുമാര്‍ യാദവ് (34) എന്നിവരായിരുന്നു ക്രീസില്‍. ശിഖര്‍ ധവാന്‍റെ (3) വിക്കറ്റാണ് ടീം ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പിന്നിലാണ്. അവസാന ഏകദിനം ബുധനാഴ്ച്ച് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും.
എന്തുകൊണ്ട് സഞ്ജു രണ്ടാം ഏകദിനത്തില്‍ നിന്ന് പുറത്തായി? കാരണം വിശദീകരിച്ച് ശിഖര്‍ ധവാന്‍