'ശരിക്കും ഡിഫന്‍സ് മിനിസ്റ്റർ', പവർപ്ലേയില്‍ വീണ്ടും രാഹുലിന്‍റെ 'ടെസ്റ്റ്' കളി, വിമർശനവുമായി ആരാധകര്‍

പവര്‍ പ്ലേ കഴിഞ്ഞപ്പോള്‍ 36ല്‍ 24 പന്തും നേരിട്ടത് രാഹുലായിരുന്നെങ്കിലും അടിച്ചത് കമിന്‍സിനെതിരെ നേടിയ ഒരേയൊരു സിക്സ് മാത്രമായിരുന്നു.

Fans slam LSG captain KL Rahul for his lack of Intent in power plays vs SRH in IPL 2024

ഹൈദരാബാദ്: ഐപിഎല്ലില്‍ മെല്ലെപ്പോക്കിന്‍റെ പേരില്‍ ഏറെ പഴി കേട്ടിട്ടുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും 'ടെസ്റ്റ്' കളിച്ചതിനെ വിമര്‍ശിച്ച് ആരാധകര്‍. പവര്‍ പ്ലേയില്‍ ബാറ്റിംഗിനിറങ്ങിയിട്ടും രാഹുല്‍ 33 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായതാണ് ആരാധകരെ ചൊടിപ്പിച്ചത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ലഖ്നൗവിന് വിജയം അനിവാര്യമായ മത്സരത്തില്‍ മുന്നില്‍ നിന്ന് നയിക്കേണ്ട ക്യാപ്റ്റന്‍ തന്നെ ഡിഫന്‍സിലായതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയത്.

പാറ്റ് കമിന്‍സ് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്ത് മനോഹരമായൊരു ലോഫ്റ്റഡ് ഷോട്ടിലൂടെ ലോംഗ് ഓഫിന് മുകളിലൂടെ സിക്സിന് പറത്തിയ രാഹുല്‍ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ക്വിന്‍റണ്‍ ഡി കോക്ക് പുറത്തായതോടെ രാഹുല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആദ്യ എട്ട് പന്തില്‍ 11 റണ്‍സെടുത്ത രാഹുല്‍ പിന്നീട് സ്റ്റോയ്നിസിനെ കൂടി നഷ്ടമായതോടെ പൂര്‍ണമായും പ്രതിരോധത്തിലായി.

എടാ മോനെ...'ആവേശം' അടക്കാനാവാതെ രംഗണ്ണനായി സുനില്‍ നരെയ്ന്‍; മുഖത്ത് പക്ഷെ ഒരേയൊരു ഭാവം

പവര്‍ പ്ലേ കഴിഞ്ഞപ്പോള്‍ 36ല്‍ 24 പന്തും നേരിട്ടത് രാഹുലായിരുന്നെങ്കിലും അടിച്ചത് കമിന്‍സിനെതിരെ നേടിയ ഒരേയൊരു സിക്സ് മാത്രമായിരുന്നു. ഇതോടെ സീസണിലെ ഏറ്റവും ചെറിയ പവര്‍ പ്ലേ സ്കോര്‍(27-2) എന്ന നാണക്കേടും ലഖ്നൗ സ്വന്തമാക്കി. നാലാമനായി ഇറങ്ങിയ ക്രുനാല്ഡ പാണ്ഡ്യയാണ് ലഖ്നൗവിന്‍റെ സ്കോര്‍ ബോര്‍ഡ് അല്‍പമെങ്കിലും ചലിപ്പച്ചത്. രണ്ടാം ഓവറില്‍ കമിന്‍സിനെതിരെ സിക്സ് അടിച്ച രാഹുല്‍ അടുത്ത ബൗണ്ടറി നേടുന്നത് കമിന്‍സ് എറിഞ്ഞ പത്താം ഓവറിലെ ആദ്യ പന്തിലാണ്.  ആ ഓവറിലെ അവസാന പന്തില്‍ കമിന്‍സിന് വിക്കറ്റ് സമ്മാനിച്ച് രാഹുല്‍ പുറത്താവുകയും ചെയ്തു.

രാഹുലിന്‍റെ ടെസ്റ്റ് കളിയോടെ 10 ഓവര്‍ കഴിഞ്ഞപ്പോള്‍ ലഖ്നൗ നേടിയത് 57 റണ്‍സ് മാത്രമായിരുന്നു. ആദ്യ പത്തോവറിലെ 60 പന്തില്‍ 33 ഉം നേരിട്ടതാകട്ടെ രാഹുലും. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ട് ചെയ്യും മുമ്പ് പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ചിരുന്ന രാഹുല്‍ ലോകകപ്പ് ടീമിലിടം കിട്ടാതിരുന്നതോടെ വീണ്ടും ലഖ്നൗവിന്‍റെ ഡിഫന്‍സ് മിനിസ്റ്ററായെന്നാണ് ആരാധകര്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios