ENG vs NZ : 39ലും എന്നാ ഒരിതാ; വിന്‍റേജ് ജിമ്മി ആന്‍ഡേഴ്‌സണെ വാഴ്‌ത്തിപ്പാടി ക്രിക്കറ്റ് ലോകം
നാല് വിക്കറ്റ് നേട്ടത്തില്‍ വലിയ പ്രശംസയാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ഇതിഹാസ പേസര്‍ക്ക് ലഭിച്ചത്
ലോര്‍ഡ്‌സ്: മുപ്പത്തിയൊമ്പതാം വയസില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് സെലക്‌ടര്‍മാര്‍ അയാളെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കുമ്പോള്‍ ആരും ഇത്ര വിസ്‌മയം പ്രതീക്ഷിച്ചുകാണില്ല. ക്രിക്കറ്റിന്‍റെ തറവാട് മുറ്റമായ ലോര്‍ഡ്‌സില്‍( Lord's) ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ(ENG vs NZ 1st Test) ഒന്നാംദിനം തന്‍റെ ട്രേഡ്‌മാര്‍ക്ക് ലൈനും ലെങ്‌തും സ്വിങ്ങുമായി വിക്കറ്റുകള്‍ വാരുകയായിരുന്നു ജിമ്മി ആന്‍ഡേഴ്‌സണ്‍(James Anderson). നാല് വിക്കറ്റ് നേട്ടത്തില്‍ വലിയ പ്രശംസയാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ഇതിഹാസ പേസര്‍ക്ക് ലഭിച്ചത്.
ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വില്‍ യങ്ങിനെ സ്ലിപ്പില്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചാണ് ജിമ്മി ആന്‍ഡേഴ്‌സണ്‍ തുടങ്ങിയത്. ഒരോവറിന്‍റെ ഇടവേളയില്‍ സഹ ഓപ്പണര്‍ ടോം ലാഥമിനെയും ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചു. തന്‍റെ ആദ്യ സ്‌പെല്ലില്‍ 36 പന്തുകള്‍ക്കിടെ അഞ്ച് മെയ്‌ഡന്‍ ഓവറുകള്‍ ജിമ്മി എറിഞ്ഞപ്പോള്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് കീശയിലാക്കി. പിന്നാലെ കെയ്‌ല്‍ ജാമീസണ്‍, ടിം സൗത്തി എന്നിവരെയും ജിമ്മി തന്‍റെ സ്റ്റൈലില്‍ പുറത്താക്കി. ലാഥം(1), യങ്(1), ജാമീസണ്‍(6), സൗത്തി(26) എന്നിങ്ങനെയാണ് ആന്‍ഡേഴ്‌സണിന് മുന്നില്‍ കീഴടങ്ങിയവരുടെ സ്‌കോറുകള്‍.
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലീഷ് പേസാക്രമണത്തിന് മുന്നില്‍ കാലിടറിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ 40 ഓവറില്‍ 132 റണ്‍സില്‍ പുറത്ത്. വിന്‍റേജ് ജിമ്മി ആന്‍ഡേഴ്‌സണിന്‍റെയും അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സിന്‍റേയും നാല് വിക്കറ്റ് പ്രകടനമാണ് കിവികളെ തകര്‍ത്തത്. ജിമ്മി 16 ഓവറില്‍ 66 റണ്‍സിനും പോട്ട് 9.2 ഓവറില്‍ 13നുമാണ് നാല് വിക്കറ്റ് വീതം വീഴ്‌ത്തിയത്. നായകന്‍ ബെന്‍ സ്റ്റോക്‌സും വെറ്ററന്‍ സ്റ്റുവര്‍ട്ട് ബ്രോഡും ഓരോ വിക്കറ്റ് നേടി. 50 പന്തില്‍ പുറത്താകാതെ 42* റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് ടോപ് സ്‌കോറര്‍. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 22 പന്തില്‍ 2 റണ്‍സെടുത്ത് മടങ്ങി.
ENG vs NZ : ന്യൂജന്‍ മാറ്റി പോട്ടിനും വിന്‍റേജ് ജിമ്മിക്കും 4 വിക്കറ്റ് വീതം; കിവീസ് 132ല്‍ പുറത്ത്