ഒരു മാറ്റവുമില്ല! കപ്പ് തന്നിട്ടും കോലിയെ തഴഞ്ഞ് മഞ്ജരേക്കറുടെ 'അറുബോറന്‍' ട്വീറ്റ്; വായടപ്പിച്ച് ആരാധകര്‍
ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ആരാധക പ്രതികരണങ്ങളുടെ ചൂട് അറിയുകയാണ്
ബാര്‍ബഡോസ്: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ടീം ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ഫൈനലിലെ താരം അര്‍ധസെഞ്ചുറിവീരന്‍ വിരാട് കോലിയായിരുന്നു. ആദ്യം ബാറ്റ് ചെയ്യവെ 34-3 എന്ന നിലയില്‍ തുടക്കം തകര്‍ന്ന ഇന്ത്യയെ 59 പന്തില്‍ 76 റണ്‍സുമായി മികച്ച സ്കോറിലേക്ക് എത്തിച്ചത് കോലിയായിരുന്നു. എന്നിട്ടും കോലിയെ തഴഞ്ഞ് ഇന്ത്യന്‍ ടീമിന് അഭിനന്ദനം ട്വീറ്റ് ചെയ്‌ത മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ആരാധകരുടെ രൂക്ഷപ്രതികരണത്തിന്‍റെ ചൂട് അറിയുകയാണ്.
'രോഹിത് ശര്‍മ്മ, രാഹുല്‍ ദ്രാവിഡ്, അജിത് അഗാര്‍ക്കര്‍ എന്നിവരാണ് ഇന്ത്യയുടെ കരുത്ത്. ഒടുവില്‍ അവര്‍ വിജയിച്ചുകാണിച്ചതില്‍ സന്തോഷം. ഇതാദ്യമല്ല ബൗളര്‍മാര്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, അക‌്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവര്‍ക്കും ഒരേയൊരു ജസ്പ്രീത് ബുമ്രയ്ക്കും കയ്യടിക്കാം'... എന്നുമായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റുകള്‍. എന്നാല്‍ ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട വിരാട് കോലിയെ മഞ്ജരേക്കര്‍ മറന്നത് ആരാധകരെ ചൊടിപ്പിച്ചു.
ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ വിരാട് കോലിയുടെ പേര് നിങ്ങള്‍ പറഞ്ഞുപോലുമില്ല, എന്തൊരു ഈഗോയാണിത് എന്ന ചോദ്യത്തോടെയാണ് ആരാധകര്‍ സഞ്ജയ് മഞ്ജരേക്കറെ വിമര്‍ശിക്കുന്നത്. 'എന്തൊരു മോശം പെരുമാറ്റമാണ് മഞ്ജരേക്കറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആദ്യം കോലിയെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് തഴഞ്ഞു, ഇപ്പോള്‍ കോലിക്ക് ക്രഡിറ്റും നല്‍കുന്നില്ല. വിരാടിന്‍റെ പേര് പരാമര്‍ശിക്കാതെ മഞ്ജരേക്കര്‍ നാടകം കളിക്കുന്നു. എന്തൊരു ആത്മവഞ്ചകനാണ് മഞ്ജരേക്കര്‍. വിരാട് കോലി ഇതിഹാസമാണ്. എക്കാലവും അദേഹം ഇതിഹാസമായിരിക്കും'- എന്നുമായിരുന്നു മഞ്ജരേക്കര്‍ക്ക് ഒരു ആരാധകന്‍റെ മറുപടി.
സഞ്ജയ് മഞ്ജരേക്കറുടെ ആകെ കരിയറിനെക്കാള്‍ വലുതാണ് വിരാട് കോലിയുടെ ഐപിഎല്‍ കരിയര്‍ എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ പ്രതികരണം. ട്വിറ്ററില്‍ വ്യാപക വിമര്‍ശനമാണ് മഞ്ജരേക്കര്‍ ഇപ്പോള്‍ നേരിടുന്നത്. ഇതാദ്യമായല്ല സഞ്ജയ് മഞ്ജരേക്കര്‍ ആരാധകരാല്‍ വിമര്‍ശിക്കപ്പെടുന്നത്. മുമ്പും ടീമിനെയും താരങ്ങളെയും കുറിച്ചുള്ള സഞ്ജയ് മഞ്ജരേക്കറുടെ പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഏഴ് ഇന്നിംഗ്‌സുകളിലാകെ 75 റണ്‍സ് മാത്രം നേടിയ കോലിയാണ് ഫൈനലില്‍ തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി ഇന്ത്യയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണായകമായത്.
Read more: ഫൈനലിന് മുമ്പ് രോഹിത് ശര്‍മ്മ സഹതാരങ്ങളോട് പറഞ്ഞത് ഒറ്റക്കാര്യം; ആ ഉപദേശത്തില്‍ കപ്പ് ഇങ്ങുപോന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം