2023ലെ മികച്ച ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെ തെരഞ്ഞെടുത്ത് ക്രിക് ഇന്‍ഫോ, ടെസ്റ്റ് ടീമിൽ 2 ഇന്ത്യക്കാർ മാത്രം
ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് ആണ് ഇടം നേടിയത്. ഹാരി ബ്രൂക്ക് അഞ്ചാമതും വിക്കറ്റ് കീപ്പറായി ടോം ബ്ലണ്ടലും ഇടം നേടിയ ടീമിലെ ബാറ്റിംഗ് നിരയില്‍ ഒറ്റ ഇന്ത്യന്‍ താരം പോലുമില്ല.
മുംബൈ: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ടീമില്‍ ഇടം നേടിയത്. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സാണ് ടീമിന്‍റെ നായകന്‍.
ഓപ്പണര്‍മാരായി ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡുമാണ് ടെസ്റ്റ് ടീമില്‍ ഇടം നേടിയത്. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററാണ് ഖവാജ. 55.6 ശരാശരിയില്‍ 1168 റണ്‍സാണ് ഖവാജ അടിച്ചെടുത്തത്. 45.1 ശരാശരിയില്‍ ഹെഡ് 902 റണ്‍സ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് ഹെഡ് ടെസ്റ്റ് ടീമിന്‍റെ ഓപ്പണറായത്.
ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് ആണ് ഇടം നേടിയത്. ഹാരി ബ്രൂക്ക് അഞ്ചാമതും വിക്കറ്റ് കീപ്പറായി ടോം ബ്ലണ്ടലും ഇടം നേടിയ ടീമിലെ ബാറ്റിംഗ് നിരയില്‍ ഒറ്റ ഇന്ത്യന്‍ താരം പോലുമില്ല. സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലിടം നേടിയ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് 2023ലെ ടെസ്റ്റ് ടീമിലെ ഇന്ത്യന്‍ സാന്നിധ്യങ്ങളിലൊന്ന്. 281 റണ്‍സും 33 വിക്കറ്റുമാണ് ജഡേജ ഈ വര്‍ഷം നേടിയത്.
സ്പെഷലിസ്റ്റ് സ്പിന്നറായി ഇന്ത്യയുടെ ആര്‍ അശ്വിനും ടെസ്റ്റ് ടീമിലെത്തി. 16.4 പ്രഹരശേഷിയില്‍ അശ്വിന്‍ 40 വിക്കറ്റ് വീഴ്ത്തിയിരുന്നു. ടെസ്റ്റ് ടീമിന്‍റെ നായകനായ പാര്റ് കമിന്‍സ് 32 വിക്കറ്റുകള്‍ വീഴ്ത്തി. പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ടീമിലെത്തിയ മറ്റൊരു ഓസീസ് താരം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്റ്റുവര്‍ട്ട് ബ്രോഡാണ് 2023ലെ ടെസ്റ്റ് ടീമിലെ മൂന്നാം പേസര്‍.
ടെസ്റ്റ് ടീമില്‍ രണ്ടു ഇന്ത്യക്കാരെ ഉള്ളൂവെങ്കിലും ഏകദിന ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളുണ്ട്. ക്യാപ്റ്റനായി രോഹിത് ശര്‍മ, സഹ ഓപ്പണറായി ശുഭ്മാന്‍ ഗില്‍, മൂന്നാം നമ്പറില്‍ വിരാട് കോലി എന്നിവരാണ് ഏകദിന ടീമിലുള്ളത്. നാലാം നമ്പറില്‍ ട്രാവിസ് ഹെഡ്, അഞ്ചാം നമ്പറില്‍ ഡാരില്‍ മിച്ചല്‍, വിക്കറ്റ് കീപ്പറായ ഹെന്‍റിച്ച് ക്ലാസന്‍ എന്നിവര്‍ ടീമിലെത്തിയപ്പോള്‍ പേസറായി മാര്‍ക്കോ യാന്‍സന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരും സ്പിന്നര്‍മാരായി ആദം സാംപയും കുല്‍ദീപ് യാദവും ടീമിലെത്തി.
'അവര്‍ ഒന്നും ജയിച്ചിട്ടില്ല', ഇന്ത്യൻ ടീം ഒരിക്കലും പ്രതീക്ഷക്കൊത്ത് ഉയരാത്തവരെന്ന് മൈക്കല്‍ വോണ്‍
ടി20 ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരും അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവുമാണ് ടി20 ടീമിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. ടി20 ടീമിന്‍റെ നായകന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഫാഫ് ഡൂപ്ലെസിയാണ്. ഗ്ലെന്‍ മാക്സ്‌വെല്‍, ഹെന്‍റിച്ച് ക്ലാസന്‍, സിക്കന്ദര്‍ റാസ, ഡാനിയേല്‍ സാംസ്, റാഷിദ് ഖാന്‍, ഷഹീന്‍ അഫ്രീദി, നേഥന്‍ എല്ലിസ് എന്നിവരാണ് ടി20 ടീമിലുള്ളത്.