ENG vs IND : ഇംഗ്ലണ്ടിനെതിരെ ടി20 കളിക്കാന്‍ സഞ്ജു സാംസണും? നിർണായക സൂചന പുറത്ത്
അയർലന്‍ഡിനെതിരായ ടി20 പരമ്പര കളിച്ച ടീം ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ തുടരും എന്ന് റിപ്പോർട്ട്
ലണ്ടന്‍: അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ യുവനിരയെ ഇംഗ്ലണ്ടിന് എതിരായ ആദ്യ ടി20യില്‍(ENG vs IND T20Is 2022) നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. ടെസ്റ്റ് ടീം ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തിന്‍റെ തിരക്കിലായതാണ് യുവനിരയ്ക്ക് ഒരിക്കല്‍ക്കൂടി അവസരം നല്‍കാനുള്ള കാരണം. ഈ ടെസ്റ്റിന് ശേഷമായിരിക്കും രോഹിത് ശർമ്മയുള്‍പ്പടെയുള്ള(Rohit Sharma) റഗുലർ താരങ്ങള്‍ ടി20 സ്ക്വാഡിനൊപ്പം ചേരുക എന്നുമാണ് റിപ്പോർട്ട്. ഇതോടെ അയർലന്‍ഡില്‍ തിളങ്ങിയ സഞ്ജു സാംസണ്(Sanju Samson) ഇംഗ്ലണ്ടില്‍ കളിക്കാനുള്ള അവസരം ലഭിച്ചേക്കും.
'അയർലന്‍ഡിനെതിരായ ടി20 പരമ്പര കളിച്ച ടീം ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ തുടരും. രണ്ടാം ടി20 മുതല്‍ രോഹിത് ശർമ്മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ഉള്‍പ്പടെയുള്ള താരങ്ങള്‍ സ്ക്വാഡിനൊപ്പം ചേരും. എങ്കിലും അയർലന്‍ഡിലുള്ള യുവതാരങ്ങളില്‍ മിക്കവരും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര അവസാനിക്കും വരെ സ്ക്വാഡിനൊപ്പം തുടരും' എന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ജൂലൈ ഒന്ന് മുതലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ അഞ്ചാം ടെസ്റ്റ്. ഇതേ ദിവസം തന്നെ ടി20 ടീം ഡെർബിഷെയറുമായി ടി20 പരിശീലന മത്സരം കളിക്കും. മൂന്നാം തിയതി രണ്ടാം പരിശീലന മത്സരവും നടക്കും. ഇതിന് ശേഷം ഏഴാം തിയതിയാണ് ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടി20 നടക്കുക. അതേസമയം ടെസ്റ്റ് മത്സരം അഞ്ചാം തിയതി വരെയെങ്കിലും നീളും. ഇതിനാല്‍ ആദ്യ ടി20ക്ക് മുമ്പ് വളരെ കുറച്ച് വിശ്രമം മാത്രമേ ടെസ്റ്റ് ടീമിനൊപ്പമുള്ള സീനിയർ താരങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. ഇതാണ് അയർലന്‍ഡ് പരമ്പരയിലെ താരങ്ങളെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്ക് പരിഗണിക്കാന്‍ കാരണം.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഞ്ചാം ടെസ്റ്റിന് ശേഷം മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമാണ് കളിക്കുക. ജൂലൈ 9, 10 തിയതികളിലാണ് രണ്ടും മൂന്നും ടി20കള്‍. ജൂലൈ 12, 14, 17 തിയതികളിലാണ് ഏകദിന മത്സരങ്ങള്‍. അടുത്തിടെ അവസാനിച്ച അയർലന്‍ഡ് പര്യടനത്തിലെ രണ്ട് ടി20കളും പുതു നായകന്‍ ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ ടീം ഇന്ത്യ വിജയിച്ചിരുന്നു. ദീപക് ഹൂഡയായിരുന്നു രണ്ട് മത്സരങ്ങളില്‍ 151 റണ്‍സുമായി പരമ്പരയുടെ താരം. രണ്ടാം ടി20യില്‍ ഹൂഡ 57 പന്തില്‍ 104 റണ്‍സ് അടിച്ചുകൂട്ടി. അതേസമയം രണ്ടാം ടി20യില്‍ മാത്രം അവസരം ലഭിച്ച സഞ്ജു 42 പന്തില്‍ 77 റണ്‍സ് നേടി.
ENG vs IND : ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നിർണായകം ആ രണ്ട് താരങ്ങള്‍: ഗ്രെയിം സ്വാന്‍