ENG vs IND : ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നിർണായകം ആ രണ്ട് താരങ്ങള്‍: ഗ്രെയിം സ്വാന്‍

കൊവിഡ് ബാധിതനായ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ കളിക്കുന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല

ENG vs IND 5th Test Jasprit Bumrah and Virat Kohli will be the key players for Team India says Graeme Swann

എഡ്‍ജ്‍ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍(ENG vs IND 5th Test) ടീം ഇന്ത്യക്ക് നിർണായകം മുന്‍ നായകന്‍ വിരാട് കോലിയും(Virat Kohli) പേസർ ജസ്പ്രീത് ബുമ്രയുമെന്ന്(Jasprit Bumrah) ഇംഗ്ലീഷ് മുന്‍ സ്പിന്നർ ഗ്രെയിം സ്വാന്‍(Graeme Swann). 'വമ്പന്‍മാരായ ഇരുവർക്കുമെതിരെ കളിക്കുക എളുപ്പമല്ല. ജോ റൂട്ട് ഇപ്പോള്‍ കളിക്കുന്ന സമാന സ്വാതന്ത്ര്യത്തോടെയാണ് കോലി കളിക്കുന്നതെങ്കില്‍ നമുക്കൊരു ബാറ്റിംഗ് വിരുന്ന് കാണാം. ബുമ്ര ലൈനും ലെങ്തും കണ്ടെത്തിയാല്‍ നേരിടാന്‍ ഇംഗ്ലണ്ട് പ്രയാസപ്പെടുമെന്നും' സ്വാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

മത്സരത്തില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണ് എന്ന് ഗ്രെയിം സ്വാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. ഇന്ത്യ ഒരേയൊരു സന്നാഹമത്സരം മാത്രമാണ് കളിച്ചത്. തണുപ്പന്‍ മട്ടിലായിരിക്കും ഇന്ത്യ ഇറങ്ങുന്നത്. കെ എല്‍ രാഹുലിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മത്സരം നഷ്ടമാവാന്‍ സാധ്യതയുണ്ട്. തീര്‍ച്ചയായും ഇതൊക്കെ വലിയ പോരായ്മയാണ്. ന്യൂസിലന്‍ഡിനെ വൈറ്റ് വാഷ് ചെയ്ത ഇംഗ്ലണ്ടിന് അതിനാല്‍ മുന്‍തൂക്കമുണ്ട്' എന്നുമാണ്' സ്വാന്നിന്‍റെ വാക്കുകള്‍. 

കൊവിഡ് ബാധിതനായ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ കളിക്കുന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. ഇന്ന് രാവിലെ നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റ് രോഹിത്തിന് നിർണായകമാണ്. കൊവിഡ് സ്ഥിരീകരിച്ച ജൂണ്‍ 25 മുതല്‍ ഐസൊലേഷനില്‍ തുടരുകയാണ് താരം. ഇതിന് ശേഷം നടത്തിയ എല്ലാ കൊവിഡ് പരിശോധനയിലും താരം പോസിറ്റീവായിരുന്നു. ഇതിനാല്‍ ബിർമിംഗ്ഹാമിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യാന്‍ ക്യാപ്റ്റന് കഴിഞ്ഞിരുന്നില്ല. ഇന്നത്തെ ഫിറ്റ്നസ് ടെസ്റ്റിലും ഹിറ്റ്മാന്‍ പരാജയപ്പെട്ടാല്‍ പേസർ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ക്യാപ്റ്റനായേക്കും എന്നും ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. 

എഡ്‍ജ്ബാസ്റ്റണില്‍ രോഹിത് ശർമ്മ കളിക്കാനുള്ള സാധ്യത തള്ളാതെയായിരുന്നു ഇന്നലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍. മത്സരത്തിന്  ഇനിയും 36 മണിക്കൂറുകള്‍ ബാക്കിയുണ്ടെന്നും അതിനാല്‍ രോഹിത് കളിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് ദ്രാവിഡ് ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. രോഹിത്തിന് കളിക്കാവാതെ വന്നാല്‍ ബുമ്ര സ്വാഭാവികമായും ക്യാപ്റ്റനാകും എന്ന റിപ്പോർട്ടുകളോടും ദ്രാവിഡ് പ്രതികരിച്ചു. 'ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് വരുന്നതാണ് ഇക്കാര്യത്തില്‍ ഉചിതം. രോഹിത്തിന്‍റെ കാര്യത്തില്‍ വ്യക്തത വന്നാല്‍ ഓദ്യോഗിക പ്രഖ്യാപനമുണ്ടാകും. രോഹിത്തിന് കളിക്കാനാകുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് മെഡിക്കല്‍ സംഘമാണ്' എന്നുമായിരുന്നു ദ്രാവിഡിന്‍റെ വാക്കുകള്‍. 

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ജൂലൈ 1 മുതല്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്താണ് ബെന്‍ സ്റ്റോക്സും സംഘവും ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. രോഹിത് ശർമ്മയുടെ കൊവിഡിനൊപ്പം ആരെ ഓപ്പണറാക്കും എന്ന തലവേദനയും ഇന്ത്യന്‍ ടീമിനുണ്ട്. 

ENG vs IND : രോഹിത് ശർമ്മ പുറത്തായിട്ടില്ല? കളിക്കുമെന്ന് നേരിയ പ്രതീക്ഷ; ഏറ്റവും പുതിയ റിപ്പോർട്ട്

Latest Videos
Follow Us:
Download App:
  • android
  • ios