ആ രാത്രിയിലല്ലാതെ മറ്റെന്നായിരുന്നു ഉറക്കമിളക്കേണ്ടത്? ഒരുപാട് മാനങ്ങളുണ്ട് രോഹിത്, ടി20 ലോകകപ്പ് നേട്ടത്തിന്
വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ വന്നു. ദിവസങ്ങളായി മനസിനെ പറഞ്ഞു പഠിപ്പിച്ചതും കരുതിവച്ചതുമെല്ലാം മറന്നു. ഇന്നും തോല്‍ക്കുകയാണെങ്കില്‍ എങ്ങനെയാണ് ഇനിയീ മുറിവുണക്കുക എന്ന് പേടിച്ചുകൊണ്ടാണ് ഓരോ ബോളും കണ്ടത്.
ഇന്ത്യന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് നേട്ടം ആരാധകരെ സംബന്ധിച്ചിടത്തോളം വേനല്‍മഴയായിരുന്നു. ഐസിസി കിരീടമില്ലാതെ 11 വര്‍ഷങ്ങള്‍... പലഭാഗത്ത് നിന്നും വിമര്‍ശനം. ഇതിനിടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ട് ഫൈനലും ഒരു ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യ തോറ്റു. ഇതില്‍ ആരാധകരെ ഏറെ വേദനിപ്പിച്ചത് 2023ല്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ സ്വന്തം മണ്ണില്‍ ഓസ്‌ട്രേിയയോടേറ്റ തോല്‍വിയാണ്. എന്നാല്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തി. ഒരൊറ്റ കിരീടം, ഇതിനപ്പുറത്തേക്കൊന്നും ആരാധകര്‍ സ്വപ്‌നം കണ്ടിരുന്നില്ല. രോഹിത് കപ്പുയര്‍ത്തിയപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു വികാരം. ആ നിമിഷങ്ങളുടെ കുറിച്ച് എഴുതുകാണ് ടീം ഇന്ത്യയുടെ ആരാധികയായ ശില്‍പ നിരവില്‍പുഴ...
2023, നവംബര്‍ 19.
ഹൃദയം തകര്‍ന്നന്ന് ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് കരയുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചൊരു കാര്യമുണ്ടായിരുന്നു. ഇനിയെങ്കിലും ഇത്ര വൈകാരികമായി ക്രിക്കറ്റിനെ കാണരുതെന്ന്. ഇത് വെറുമൊരു സ്പോര്‍ട് ആണെന്ന്, ജയവും തോല്‍വിയും ഒരുപോലെ സ്വീകരിക്കാന്‍ തയ്യാറാവണം എന്ന്. അതിന് കഴിയില്ലെങ്കില്‍ ഇനിയും ഇത് കാണാന്‍ പോവരുതെന്ന്..!
ഏഴ് മാസങ്ങള്‍ കഴിഞ്ഞു, വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ വന്നു. ദിവസങ്ങളായി മനസിനെ പറഞ്ഞു പഠിപ്പിച്ചതും കരുതിവച്ചതുമെല്ലാം മറന്നു. ഇന്നും തോല്‍ക്കുകയാണെങ്കില്‍ എങ്ങനെയാണ് ഇനിയീ മുറിവുണക്കുക എന്ന് പേടിച്ചുകൊണ്ടാണ് ഓരോ ബോളും കണ്ടത്. അവസാന നാലോവറുകളില്‍ ഓരോ ബോളും വന്ന് പതിച്ചത് നെഞ്ചിലാണ്. ചെറുപ്പം തൊട്ട് കണ്ടും കേട്ടും അറിഞ്ഞ സകലദൈവങ്ങളെയും വിളിച്ചു കരഞ്ഞു. ഈ ഒരൊറ്റ ഫൈനലെങ്കിലും നേടിത്തരണേ എന്നുള്ളുരുകി ആഗ്രഹിച്ചു. ഇന്ത്യയിലങ്ങോളമിങ്ങോളം ഇന്നീ നട്ടപ്പാതിരക്ക് നനഞ്ഞ കണ്ണുകളോടെ ഹൃദയത്തില്‍ നിന്നൊരു വലിയ ഭാരമെടുത്തുവച്ച ആത്മസംതൃപ്തിയോടെ, ഉറക്കമിളച്ചിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെപ്പോലെ, ഇന്നെന്നല്ല ഈ ആയുഷ്‌കാലം മുഴുവന്‍ അതിവൈകാരികമായി മാത്രമേ ക്രിക്കറ്റിനെ നോക്കി കാണാന്‍ കഴിയൂ എന്ന തിരിച്ചറിവോടെ ആണിതെഴുതുന്നത്. എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ് മനസിലുള്ളത് എഴുതി ഫലിപ്പിക്കേണ്ടത് എന്നറിയില്ല. എഴുതിയത് വെട്ടി തിരുത്തി ഭംഗിയാക്കാതെ, അടുക്കും ചിട്ടയുമില്ലാതെ വികാരങ്ങള്‍ അണപൊട്ടി ഒഴുകാന്‍ ഒരു വഴിയൊരുക്കുക മാത്രമാണിന്ന്..!
രോഹിത് ശര്‍മ
ഒരു മനുഷ്യനെ ഇത്രകണ്ട് ആരാധിക്കാന്‍ കഴിയുമെന്ന്, സ്‌നേഹിക്കാന്‍ കഴിയുമെന്ന് ഞാനറിയുന്നത് ഇയാളിലൂടെയാണ്. വിമര്‍ശനങ്ങളും ക്രൂരമായ കളിയാക്കലുകളും ഒക്കെയായി തുടങ്ങി ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററുകളിലൊരാളായി, വൈറ്റ് ബോള്‍ ക്യാപ്റ്റന്മാരിലൊരാളായി ഇന്നിവിടെ എത്തിനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കൊപ്പം ആ റോളര്‍ കോസ്റ്റര്‍ ജേര്‍ണിയില്‍ ഞങ്ങളുമുണ്ടായിരുന്നു. ഏകദിനത്തിലെ മൂന്ന് ഇരട്ട സെഞ്ചുറികള്‍, നിരവധി ഐപിഎല്‍ ട്രോഫികള്‍, നിസാരമായി എതിര്‍ ടീമിന്റെ മുനയൊടിച്ചു കളഞ്ഞ എത്രയോ പവര്‍പ്ലേ ഇന്നിങ്സുകള്‍, എക്കാലവും ത്രസിപ്പിച്ചിരുന്ന നൂറായിരം പുള്‍ ഷോട്ടുകള്‍, കാത്തിരുന്നു കണ്ട പ്രസ് മീറ്റുകള്‍, ഗ്രീന്‍ഫീല്‍ഡില്‍ നിങ്ങളെ തൊട്ടടുത്ത് നിന്ന് കണ്ടുമതിയാവാതെ കണ്ണ് നിറച്ചു രോഹിത് രോഹിത് എന്നലമുറയിട്ട നിമിഷങ്ങള്‍..! ഇതെല്ലാമുണ്ടായിട്ടും 2019 ഏകദിന വേള്‍ഡ് കപ്പില്‍ 5 സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടും തന്റെ കൈകളില്‍ കണ്ണ് ചേര്‍ത്ത് കരഞ്ഞു കൊണ്ടിരുന്ന നിങ്ങളുടെ മുഖം, 2023ല്‍ സ്വപ്നതുല്യമായൊരു വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് ഫൈനലില്‍ മാത്രം തോല്‍വിയേറ്റുവാങ്ങി പവലിയനിലേക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിങ്ങള്‍ കയറിച്ചെല്ലുന്ന മുഖം, ഓരോ ദിവസമുറങ്ങാന്‍ കിടക്കുമ്പോഴും ഹൃദയത്തില്‍ ബാക്കിയായത് അവയാണ്. ഇന്ന്, അതിന് പകരമായി മുറിവ് വച്ചുണക്കാന്‍ നിങ്ങള്‍ കപ്പുയര്‍ത്തുന്ന ഈ രാത്രിയുണ്ട് രോഹിത്.., നിങ്ങളുണ്ടാക്കാത്ത എത്രയോ മുറിവുകള്‍ നിങ്ങളെനിക്ക് മരുന്നുവച്ചുണക്കി തന്നിട്ടുണ്ട്..!
വിരാട് കോലി
എങ്ങനെയാണ് നിങ്ങളോട് നന്ദി പറയുക? മലിംഗയെ ഒരോവറില്‍ 24 റണ്‍സ് അടിച്ച, 40 ഓവറില്‍ ജയിക്കേണ്ടിയിരുന്ന നിര്‍ണായകമായൊരു മാച്ച് തന്റെ ബാറ്റിന്‍ മുനമ്പില്‍ താങ്ങിയെടുത്തു പ്രസന്റേഷന്‍ സെറിമണിയില്‍ വികാരാധീനനായ ആ നിമിഷമാണ് നിങ്ങളെ ഹൃദയത്തിലേക്ക് എടുത്തു വക്കുന്നത്. പിന്നീട് ഒരു തിരിച്ചെടുക്കലുണ്ടായിട്ടില്ല, നാളിന്നോളം. One day at a time അതാണെന്റെ രീതി എന്ന് കോലി ഇടയ്ക്കിടെ പറയാറുണ്ട്. ഭാവിയില്‍ മാത്രം ജീവിക്കുന്ന ഇമോഷണല്‍ ജീവിയായ ഞാന്‍ വലം കയ്യില്‍ ടാറ്റൂ ചെയ്തു വക്കാന്‍ അന്നേ തീര്‍ച്ചയാക്കി വച്ചതാണത്. കെട്ട കാലം വരുമ്പോള്‍ ഈ ടാറ്റൂ നോക്കി മുന്നിലേക്ക് നടക്കണമെന്ന് നിങ്ങളാണെനിക്ക് പഠിപ്പിച്ചു തന്നത്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലങ്ങളായി ഈ രാജ്യത്തിന്റെ സ്വപ്നങ്ങളുടെ ഭാരം ബാറ്റില്‍ കൊണ്ടുനടന്ന മഹാനായൊരു മനുഷ്യനെ ഞങ്ങളിന്ന് തോളിലേറ്റുകയാണ് എന്ന് പറഞ്ഞതോര്‍മ്മയില്ലേ? ഇന്നീ രാജ്യം മുഴുവന്‍ ഉറങ്ങാതെ ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ നിങ്ങളെ കൊണ്ടുനടക്കുകയാണ്, ബാര്‍ബഡോസിലെ മൈദാനത്തിലൂടെ മാത്രമല്ല. വാങ്കഡേയില്‍, ചെപ്പോക്കില്‍, ഈഡന്‍ ഗാര്‍ഡനില്‍, ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ ചിന്നസ്വാമിയില്‍. ക്യാപ്റ്റന്‍ കഴിഞ്ഞ കളി അവസാനിക്കുമ്പോള്‍ 'Probably, he is saving it for the finals' എന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ കാത്തിരുന്നു വിരാട്, ഒരു മോശം ടൂര്‍ണമെന്റിന്റെ എല്ലാ കറയും കഴുകി കളയാന്‍ ഇന്ന് രക്ഷകനായി നിങ്ങളെത്തുമെന്ന്..! നന്ദി, എല്ലാ വിജയങ്ങള്‍ക്കും, കണ്ണഞ്ചിപ്പിക്കുന്ന നിങ്ങളുടെ കവര്‍ ഡ്രൈവുകള്‍ക്കും, ഫീല്‍ഡില്‍ നിങ്ങള്‍ കാണിച്ച അഗ്രസീവ്നെസിനും, അങ്ങനെയങ്ങനെ ഒരുപാട് നിമിഷങ്ങള്‍ക്ക്..!
ജസ്പ്രീത് ബുമ്ര
ടൂര്‍ണമെന്റിലെ താരം, ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ഒരുപാട് വര്‍ഷങ്ങളായി തോല്‍വിയുടെ പടുകുഴിയിലേക്ക് വീഴേണ്ടിയിരുന്ന എത്രയോ മാച്ചുകള്‍ എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അനായാസമായി തിരിച്ചു പിടിച്ച മാന്ത്രികവിദ്യ ഞങ്ങളൊരു കാലവും മറക്കില്ല. നിര്‍ണായകമായ എത്രയെത്ര വിക്കറ്റുകള്‍, എതിര്‍ ബാറ്ററുടെ ആത്മവിശ്വാസം പാടെ തകര്‍ത്തു കളയുന്ന മെയ്ഡനുകള്‍, കിറുകൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന യോര്‍ക്കറുകള്‍..! ഇന്നീ മാച്ചിലും ക്ലാസനും മില്ലറും നിലയുറപ്പിച്ച വേളയില്‍ തന്നെ വെറും 4 റണ്‍സ് വഴങ്ങിയ പതിനാറാം ഓവര്‍..! ഈ രാത്രി, ഈ വേള്‍ഡ് കപ്പ് മറ്റാരേക്കാളും നിങ്ങളര്‍ഹിക്കുന്നു. Bhoom bhoom എന്നിനിയും ഹൃദയം പൊട്ടുമാറ് വിളിച്ചു പറയാന്‍, എത്ര ലോ ടോട്ടലാണെങ്കിലും ഡിഫന്‍ഡ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ബുമ്രയുടെ നാലോവര്‍ ഉണ്ടല്ലോ എന്നാശ്വസിക്കാന്‍ ഇനിയുമവസരങ്ങള്‍ ഉണ്ടാവട്ടെ..!
സൂര്യകുമാര്‍ യാദവ്
ആവനാഴിയില്‍ മറ്റാര്‍ക്കും പയറ്റാനാവാത്ത ഷോട്ടുകള്‍ അനവധിയുണ്ടെങ്കിലും ഫൈനലില്‍ പതറിയ നിങ്ങളെ കാത്തിരിക്കുന്ന മൂര്‍ച്ചയേറിയ ട്രോളുകളും പരിഹാസങ്ങളുമൊക്കെ കാണേണ്ടി വരുന്നതോര്‍ത്തു നെഞ്ച് വിങ്ങിയിട്ടുണ്ട്. അപ്പോഴാണ് മില്ലര്‍ ലോങ്ങ് ഓഫിലേക്ക് അടിച്ചു പറത്തിയ ബോളിനെ ഒരു മജീഷ്യനെ പോലെ ബൗണ്ടറി ലൈനില്‍ നിന്നും കൈപ്പിടിയിലൊതുക്കി നിങ്ങള്‍ തിരിച്ചെത്തുന്നത്. ആ ഒരൊറ്റ ക്യാച്ചില്‍ നിങ്ങള്‍ കയ്യിലാക്കിയത് മില്ലറിന്റെ വിക്കറ്റ് മാത്രമായിരുന്നില്ല, 13 വര്‍ഷമായി കാത്തിരുന്നൊരു ലോകകപ്പ് കൂടിയാണ്.
ഹര്‍ദിക് പാണ്ഡ്യ
പല കാരണങ്ങള്‍ കൊണ്ട് ഞാനിയാളെ വെറുത്തിട്ടുണ്ട്, വീണ്ടും സ്‌നേഹിച്ചിട്ടുണ്ട്, വീണ്ടും വെറുത്തിട്ടുണ്ട്, എങ്കിലുമാരാധനയോടെ മാത്രമേ നാളിന്നോളം നോക്കി കണ്ടിട്ടുള്ളൂ. കഴിഞ്ഞ ഐപിഎല്‍ നിങ്ങള്‍ക്കെത്ര ഹൃദയഭേദകമായിരുന്നിരിക്കും എന്നൂഹിക്കാം. തിരിച്ചുവരവുകള്‍ ഒരു കലയാണെങ്കില്‍ അതിലേറ്റവും നല്ലൊരു കലാകാരനാണ് നിങ്ങളെന്നെത്രയോ വട്ടം തെളിയിച്ചതാണ്. അവസാന ഓവറില്‍ കോടിക്കണക്കിന് കണ്ണുകള്‍ നിങ്ങളെ ഉറ്റുനോക്കുകയാണെന്നറിഞ്ഞു കൊണ്ടുതന്നെ വെറും 8 റണ്‍സ് വഴങ്ങി, മില്ലറിനെയും റബാഡയെയും പവലിയനിലേക്ക് തിരിച്ചയച്ച രണ്ട് വിക്കറ്റുകളുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമ്പോള്‍ ഞങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അവസാനം പൊട്ടിക്കരഞ്ഞ ഹര്‍ദിക്, നിങ്ങളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് കവിളില്‍ രോഹിത് തന്ന ആ ചുംബനമുണ്ടല്ലോ, അത് ഞങ്ങളുടേത് കൂടിയാണെന്നറിയുക..!
അക്സര്‍ പട്ടേല്‍
നിര്‍ണായകമായൊരു അവസരം വന്നപ്പോള്‍, താനൊരു മികച്ച ഓള്‍റൗണ്ടര്‍ ആണെന്ന് വീണ്ടും അടിവരയിട്ടു കൊണ്ട് നിങ്ങള്‍ ബാറ്റ് ചെയ്തു തകര്‍ന്നു തരിപ്പണമാകേണ്ടിയിരുന്ന ഒരു മാച്ചിനെ തിരിച്ചു പിടിക്കുകയുണ്ടായി. നന്ദി..!
നന്ദി.., കുല്‍ദീപ്, പന്ത്, ദൂബെ, ജഡേജ, ടീമിന്റെ ഭാഗമായിരുന്ന ഓരോരുത്തരും, സപ്പോര്‍ട്ടിങ് സ്റ്റാഫുകളും..!
വര്‍ഷങ്ങളോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്മതിലായി നിലകൊണ്ട രാഹുല്‍ ദ്രാവിഡ്, ഒടുവില്‍ നിങ്ങളര്‍ഹിക്കുന്ന ഒരു ലോകകപ്പ് കോച്ചിന്റെ രൂപത്തില്‍ കയ്യിലെത്തുമ്പോള്‍, ഇമോഷണലായി നിങ്ങളതുയര്‍ത്തുന്നത് കണ്ട് ഞങ്ങളും കരയുകയാണ്..!
കാത്തിരുന്നു വിജയം കണ്ട നമ്മള്‍ ഓരോരുത്തരുടേതുമാണ്. ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതല്ലെങ്കിലും ഇത് പോലൊരു രാത്രിയല്ലാതെ മറ്റേതാണ് ഉറക്കമിളക്കേണ്ടത്., അല്ലെ?