വെടിക്കെട്ട് ഫിഫ്റ്റി; ദുലീപ് ട്രോഫിയില്‍ ശ്രേയസിന്‍റെ ടീമിന്‍റെ രക്ഷകനായി സഞ്ജു സാംസണ്‍

ദേവ്ദത്ത് പടിക്കല്‍(50), കെ എസ് ഭരത്(52) റിക്കി ഭൂയി(56)എന്നിവരും ഇന്ത്യ ഡിക്കായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിന് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

Duleep Trophy, India B vs India D Live Updates Sanju Samson, Shreyas Iyer

അനന്തപൂര്‍: ദുലീപ് ട്രോഫി മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡിക്കായി വെടിക്കെട്ട് അര്‍ധസെഞ്ചുറുയുമായി മലയാളി താരം സഞ്ജു സാംസണ്‍. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന സഞ്ജുവിന്‍റെയും അര്‍ധസെഞ്ചുറികള്‍ നേടി പുറത്തായ ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലിന്‍റെയും ശ്രീകര്‍ ഭരതിന്‍റെയും ബാറ്റിംഗ് കരുത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഡി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെന്ന നിലയിലാണ്. 83 പന്തില്‍ 89 റണ്‍സുമായി സഞ്ജുവും 26 റണ്‍സോടെ സാരാൻശ് ജെയിനും ക്രീസില്‍.

ദേവ്ദത്ത് പടിക്കല്‍(50), കെ എസ് ഭരത്(52) റിക്കി ഭൂയി(56)എന്നിവരും ഇന്ത്യ ഡിക്കായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിന് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയട്ടും ശ്രേയസിന് അക്കൗണ്ട് തുറക്കാനായില്ല. ശ്രേയസ് പുറത്തായശേഷം ആറാമനായിട്ടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ആദ്യം റിക്കി ഭൂയിക്കൊപ്പവും പിന്നീട് സാരാന്‍ശ് ജെയിനൊപ്പവും മികച്ച കൂട്ടുകെട്ടുയര്‍ത്തിയ സഞ്ജു ഇന്ത്യ ഡിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ സാരാന്‍ശ് ജെയിനൊപ്പം 81 റണ്‍സ് സഞ്ജു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 10 ഫോറും മൂന്ന് സിക്സും പറത്തിയാണ് സഞ്ജു 89 റണ്‍സെടുത്തത്. ഇന്ത്യ ബി ക്കായി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി.

ഇന്ന് നടക്കുന്ന മറ്റൊരു മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ശാശ്വത് റാവത്തിന്‍റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ സിക്കെതിരെ ഇന്ത്യ എ ഭേദപ്പെട്ട നിലയിലെത്തി. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയിലാണ്. 122 റണ്‍സുമായി ശാശ്വത് റാവത്തും 16 റണ്‍സോടെ ആവേശ് ഖാനും ക്രീസില്‍. 44 റണ്‍സെടുത്ത ഷംസ് മുലാനിയാണ് ഇന്ത്യ എക്കായി ബാറ്റിംഗില്‍ തിളങ്ങിയ മറ്റൊരു താരം. ഇന്ത്യ സിക്കായി അന്‍ഷുല്‍ കാംബോജ് മൂന്നും വിജയ്കുമാര്‍ വൈശാഖ് രണ്ടും വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios