അക്കാര്യത്തില്‍ ദ്രാവിഡ് ഒരു തീരുമാനമാക്കി! രാഹുല്‍ വിക്കറ്റ് കീപ്പറാവേണ്ട; കോലിയുടെ അഭാവത്തില്‍ പുതിയ തന്ത്രം
കോലി ടീമിലില്ലാത്തത് കൊണ്ടുതന്നെ മധ്യനിരയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. കോലിയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. വ്യാഴാഴ്ച്ച, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും വിരാട് കോലി പിന്മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് കോലിയുടെ പിന്മാറ്റം. നേരത്തെ, പരിക്കിനെ തുടര്‍ന്ന് മുഹമ്മദ് ഷമിയേയും ആദ്യ രണ്ട് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
കോലി ടീമിലില്ലാത്തത് കൊണ്ടുതന്നെ മധ്യനിരയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. കോലിയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രോഹിത്തും കോലിയും കഴിഞ്ഞാല്‍ ടീമിലെ സീനിയര്‍ താരം കെ എല്‍ രാഹുല്‍ തന്നെയാണ് അതിന് പ്രാപ്തനായ താരം. അതിനുള്ള സൂചനയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയത്. അതിന്റെ ആദ്യ പടിയായി രാഹുലിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്.
ദ്രാവിഡ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പരമ്പരയുടെ ദൈര്‍ഘ്യം പരിഗണിച്ചാണ് രാഹുലിനെ ബാറ്ററായി മാത്രം കളിപ്പിക്കുന്നതെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു. അങ്ങനെ വന്നാല്‍ കെ എസ് ഭരത് വിക്കറ്റ് കീപ്പറാനായേക്കും. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ ഭരത് സെഞ്ചുറി നേടിയിരുന്നു. സ്ഥാനമുറപ്പിക്കുന്ന പ്രകടനമാണ് ഭരത് പുറത്തെടുത്തത്. ധ്രുവ് ജുറലാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ആദ്യമായിട്ടാണ് താരത്തിന് ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയസ്വാള്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രിത് ബുമ്ര, ആവേഷ് ഖാന്‍.