'നീ നിന്‍റെ പണിയെടുക്ക്', പിന്നാലെ നടുവിനിട്ടൊരു അടിയും, കോണ്‍സ്റ്റാസിന് ജയ്സ്വാളിന്‍റെ മറുപടി

പരസ്പരം കൊണ്ടും കൊടുത്തും തന്നെയാണ് അ‍ഞ്ചാം ദിനവും ഇരു ടീമിലെയും താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്നത്.

Do Your Job: Yashasvi Jaiswal responds to Sam Konstas comments In Melbourne Test Day 5

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റ് ഇരുടീമിലെയും താരങ്ങളുടെ വാക്പോര് കൊണ്ടുകൂടി ശ്രദ്ധേയമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ബുമ്രക്കെതിരെ തകര്‍ത്തടിച്ച സാം കോണ്‍സ്റ്റാസും ദേഹത്തിടിച്ച വിരാട് കോലിയും മത്സരത്തിന് പോരാട്ടച്ചൂട് പകര്‍ന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ വിരാട് കോലി പുറത്തായപ്പോള്‍ കാണികളോട് ആര്‍പ്പുവിളിക്കാന്‍ ആംഗ്യം കാട്ടി കോൺസ്റ്റാസും പ്രതികരിച്ചു. പിന്നാലെ ഓസ്ട്രേലിയയുടെ  രണ്ടാം ഇന്നിംഗ്സില്‍ കോണ്‍സ്റ്റാസിനെ ക്ലീന്‍ ബൗൾഡാക്കിയ ജസ്പ്രീത് ബുമ്ര കോലി പുറത്തായപ്പോള്‍ ഓസീസ് യുവതാരം കാണിച്ച ആംഗ്യം കാട്ടി കാണികളോട് ആര്‍പ്പുവിളിക്കാന്‍ പറ‍ഞ്ഞു.

പരസ്പരം കൊണ്ടും കൊടുത്തും തന്നെയാണ് അ‍ഞ്ചാം ദിനവും ഇരു ടീമിലെയും താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്നത്. യശസ്വി ജയ്സ്വാള്‍ ഗാര്‍ഡ് എടുക്കുന്നതിനിടെ സില്ലി പോയന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോണ്‍സ്റ്റാസ് നിരന്തരം യശസ്വിയെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആദ്യമൊന്നും കാര്യമാക്കാതിരുന്ന യശസ്വി പിന്നീട് കോണ്‍സ്റ്റാസിനോട് നീ നിന്‍റെ പണിയെടുക്കെന്ന് വിളിച്ചുപറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. അമ്പയറോട് ഇവനെന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് യശസ്വി ചോദിക്കുകയും ചെയ്തു. ഇതിനുശേഷം റിഷഭ് പന്തിനോടും കോണ്‍സ്റ്റാസ് വാക്കുകള്‍ കൊണ്ട് ശല്യം ചെയ്യുന്നതിനെക്കുറിച്ച് യശസ്വി ചര്‍ച്ച ചെയ്തിരുന്നു.

യശസ്വിയുടെ വാക്കുകള്‍ കേട്ട് സ്ലിപ്പില്‍ നിന്ന് സ്റ്റീവ് സ്മിത്ത് എത്തി യശസ്വിയോട് എന്താണ് പ്രശ്നമെന്നും ചോദിച്ചു. പിന്നാലെ നഥാന്‍ ലിയോണിന്‍റെ പന്ത് കവറിലൂടെ അടിക്കാനായി യശസ്വി ആഞ്ഞടിച്ചെങ്കിലും പന്ത് കോണ്‍സ്റ്റാസിന്‍റെ നടുവിലാണ് കൊണ്ടത്. പന്ത് കൊണ്ട് വേദനിച്ചെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ചിരിച്ചുകൊണ്ടായിരുന്നു എന്നിട്ടും കോണ്‍സ്റ്റാസ് നിന്നത്. വാക് പോരില്‍ പിടിച്ചുനിന്നെങ്കിലും ഓസ്ട്രേലിയയുടെ കളി മികവിനും തന്ത്രങ്ങള്‍ക്കും മുമ്പില്‍ വീണുപോയ ഇന്ത്യ മെല്‍ബണ്‍ ടെസ്റ്റില്‍ 184 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. തോല്‍വിയോടെ അഞ്ച് മത്സര പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ അവസാന ടെസ്റ്റ് അടുത്തമാസം അഞ്ചിന് സിഡ്നിയില്‍ തുടങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios