കാലംതെറ്റിയുള്ള തീരുമാനം; രോഹിത് ശര്‍മ്മയെയും വിരാട് കോലിയെയും ട്വന്‍റി 2 0 കളിപ്പിക്കുന്നതിനെതിരെ മുന്‍താരം
അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ടീമിലൂടെയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും മുന്‍ നായകന്‍ വിരാട് കോലിയും തിരികെ എത്തുന്നത്
കൊല്‍ക്കത്ത: സീനിയര്‍ താരങ്ങളായ രോഹിത് ശർമ്മയെയും വിരാട് കോലിയെയും ട്വന്‍റി 20 ടീമിലേക്ക് തിരികെ വിളിച്ച സെലക്ടർമാരെ വിമർശിച്ച് ഇന്ത്യന്‍ മുൻ താരം ദീപ്ദാസ് ഗുപ്ത. തീരുമാനം യുവതാരങ്ങളോടുള്ള അനീതിയാണെന്നും ദീപ്‌ദാസ് ഗുപ്ത പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും മുന്‍ നായകന്‍ വിരാട് കോലിയും ടീം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരികെ എത്തുന്നത്. 2022ലെ ലോകകപ്പ് സെമി തോൽവിക്ക് ശേഷം ഇരുവരും ടി20 കളിച്ചിരുന്നില്ല. മടങ്ങിവരവോടെ ഇതോടെ രോഹിത്തും കോലിയും ഈവർഷത്തെ ട്വന്‍റി 20 ലോകകപ്പിലും കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. സെലക്ടർമാരുടെ ഈ തീരുമാനത്തേയാണ് മുൻതാരം ദീപ്ദാസ് ഗുപ്ത ചോദ്യം ചെയ്യുന്നത്. കോലിയും രോഹിത്തും വിട്ടുനിന്ന സമയത്താണ് യുവാക്കളായ തിലക് വർമ്മയും റിങ്കു സിംഗും യശസ്വി ജയ്സ്വാളുമെല്ലാം ഇന്ത്യൻ ടീമിലേക്ക് എത്തിയത്. സീനിയര്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയുള്ള സെലക്ടര്‍മാരുടെ പുതിയ നീക്കത്തില്‍ ഒട്ടും സംതൃപ്തനല്ല ദീപ്‌ദാസ് ഗുപ്ത
'ഇന്ത്യൻ ക്രിക്കറ്റിന്‍റെ യാത്ര ശരിയായ ദിശയിലായിരുന്നു. എന്നാൽ രോഹിത്തും കോലിയും ടീമിലേക്ക് തിരിച്ചെത്തുമ്പോൾ ടീം ഇന്ത്യയുടെ ദിശ തെറ്റിയെന്ന് തോന്നുന്നു. യുവതാരങ്ങൾക്ക് വീണ്ടും അവസരം നഷ്ടമാവും. വെസ്റ്റ് ഇൻഡീസിലെയും അമേരിക്കയിലെയും പിച്ചുകളുടെ സ്വഭാവം പരിഗണിച്ചാണ് ലോകകപ്പ് ടീം തെരഞ്ഞെടുക്കേണ്ടത്' എന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു. ഇതേസമയം മുൻനായകൻമാരായ സുനിൽ ഗാവസ്കറും സൗരവ് ഗാംഗുലിയും സൂപ്പര്‍ താരങ്ങളായ കോലിയും രോഹിത്തും ഈ വർഷത്തെ ലോകകപ്പിൽ കളിക്കണമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ്. രോഹിത്താണ് ലോകകപ്പിൽ ഇന്ത്യയെ നയിക്കേണ്ടതെന്നും ഗാംഗുലി ആവർത്തിക്കുന്നു.
2024 ജൂൺ 1 മുതൽ 29 വരെ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ട്വന്‍റി 20 ലോകകപ്പ് നടക്കുക. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലും കാലിടറിയതിന്‍റെ കണക്ക് ടീം ഇന്ത്യക്ക് വീട്ടാനുണ്ട്. 2013ന് ശേഷം ഐസിസി കിരീടമില്ല എന്ന പഴിയും മറികടക്കണം.
Read more: ഓവര്‍റേറ്റഡ് എന്ന് പറഞ്ഞത് ഐപിഎല്‍ മാത്രം കണ്ടല്ലേ; 'സഞ്ജു സാംസണ്‍ ബോയി'യെ പിന്തുണച്ച് അശ്വിന്‍