ഡെത്ത് ഓവറില്‍ അല്ലേലേ തല്ലുമാല, കൂടാതെ ബുമ്രയുടെ പരിക്കും; ലോകകപ്പിന് മുമ്പ് തലപെരുത്ത് ടീം മാനേജ്‌മെന്‍റ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര കളിക്കുന്നില്ല

death over bowling is already a threat Jasprit Bumrah injury another headache for Team India ahead T20 World Cup 2022

കാര്യവട്ടം: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഫൈനലിലെത്താതെ പുറത്തായതിന് പ്രധാന കാരണം ഡെത്ത് ഓവറിലെ തല്ലുമാലയായിരുന്നു. ആര് പന്തെറിഞ്ഞാലും എതിര്‍ ബാറ്റര്‍മാര്‍ അടിച്ചുപറത്തുന്ന കാഴ്‌ച. ഏഷ്യാ കപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങിയപ്പോഴും ഇന്ത്യന്‍ ടീമിന്‍റെ ദുരവസ്ഥ മാറിയില്ല. സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഒഴികെയുള്ള ബൗളര്‍മാരെല്ലാം ദയനീയമായി ബാറ്റര്‍മാര്‍ക്ക് പന്ത് എറിഞ്ഞുകൊടുത്തിരുന്നു, തല്ല് വാങ്ങി വലഞ്ഞുകൊണ്ടിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഈ ദയനീയാവസ്ഥ മാറണമെന്ന് ഏവരും കൊതിക്കുമ്പോഴാണ് അടുത്ത തലവേദന എത്തിയിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര കളിക്കുന്നില്ല. ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമായ ബുമ്രയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുകയാണ് ടീം മാനേജ്‌മെന്‍റും ബിസിസിഐയുടെ മെഡിക്കല്‍ സംഘവും. അതിനുവേണ്ടിയുള്ള വിശ്രമം കൂടിയാണ് ഇന്നത്തെ മത്സരത്തില്‍ ബുമ്രയ്‌ക്ക് നല്‍കിയിരിക്കുന്നത്. പക്ഷേ ബുമ്രയുടെ പരിക്കിന്‍റെ ആഴം ഇപ്പോള്‍ വ്യക്തമല്ല. ഇന്നലെ പരിശീലനത്തിനിടെ നടുവേദന അനുഭവപ്പെട്ടു എന്നുമാത്രമാണ് ട്വിറ്ററിലൂടെ ബിസിസിഐ അറിയിച്ചിരിക്കുന്നത്. ടോസ് വേളയില്‍ കൂടുതല്‍ വിവരങ്ങള്‍ നായകന്‍ രോഹിത് ശര്‍മ്മയും പുറത്തുവിട്ടില്ല. 

പരിക്കിന്‍റെ നീണ്ട ഇടവേളയ്ക്ക് ശേഷം ഓസീസിനെതിരായ ടി20യില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുമ്രക്ക് വേണ്ട മികവിലേക്ക് ഉയരാനായിരുന്നില്ല. ബുമ്രക്കൊപ്പം പരിക്ക് മാറി തിരിച്ചെത്തിയ പേസര്‍ ഹര്‍ഷല്‍ പട്ടേലും മോശം പ്രകടനമാണ് പരമ്പരയില്‍ പുറത്തെടുത്തത്. എന്നാല്‍ പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ താളം കണ്ടെത്താന്‍ ഇരുവര്‍ക്കും സമയം നല്‍കണമെന്ന് വാദിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ രംഗത്തെത്തിയിരുന്നു. ഇതോടെ ഇരു താരങ്ങളുടേയും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനം നിര്‍ണായമായി എന്നിരിക്കേയാണ് ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജസ്പ്രീത് ബുമ്രയെ വീണ്ടും പരിക്ക് പിടികൂടിയിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ച പേസര്‍ ഭുവനേശ്വറിന് പകരം ആദ്യ ടി20 കളിക്കുന്ന പേസര്‍ അര്‍ഷ്‌ദീപ് സിംഗിന്‍റേയും മത്സരത്തില്‍ ബുമ്രയുടെ പകരക്കാരനായ ദീപക് ചാഹറിന്‍റേയും പ്രകടനം ഇനി ഇന്ത്യക്ക് നിര്‍ണായകമാണ്. ദീപക് ചാഹര്‍ പവര്‍പ്ലേയിലും അര്‍ഷ്‌ദീപ് ഡെത്ത് ഓവറിലും മുമ്പ് മികവ് കാട്ടിയിട്ടുള്ളത് മാത്രമാണ് നിലവില്‍ ഇന്ത്യന്‍ പേസര്‍മാരില്‍ പ്രതീക്ഷയായുള്ളത്. ഡെത്ത് ഓവറുകളില്‍ അടിവാങ്ങുന്നത് ഹര്‍ഷല്‍ പട്ടേല്‍ അവസാനിപ്പിക്കേണ്ടതും ഈ പരമ്പരയില്‍ നിര്‍ണായകമാണ്. 

ഗ്രീന്‍ഫീല്‍ഡ് നീലക്കടല്‍; കാര്യവട്ടത്ത് ടോസ് വീണു, ബുമ്രയില്ല! വമ്പന്‍ മാറ്റങ്ങളുമായി ടീം ഇന്ത്യ

Latest Videos
Follow Us:
Download App:
  • android
  • ios