കുറ്റക്കാർ താരങ്ങളല്ല, ബിസിസിഐ; ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയുടെ കാരണവുമായി ഡാരന്‍ സമി
ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ അല്ലാതെയുള്ള മറ്റ് വിദേശ ട്വന്‍റി 20 ലീഗുകളില്‍ കളിക്കാത്തത് തിരിച്ചടിയാകുന്നു എന്നാണ് ഡാരന്‍ സമിയുടെ പക്ഷം
മുംബൈ: ട്വന്‍റി 20 ലോകകപ്പിലെ തോല്‍വിയില്‍ ടീം ഇന്ത്യ വലിയ വിമർശനമാണ് കേള്‍ക്കുന്നത്. സ്‍ക്വാഡ് സെലക്ഷനാണ് ഏറെപ്പേരും വിമർശിക്കുന്നത്. സഞ്ജു സാംസണെ പോലുള്ള വെടിക്കെട്ട് ബാറ്റർമാർ പുറത്തിരിക്കുമ്പോള്‍ ഓസ്ട്രേലിയയിലെ ലോകകപ്പില്‍ തുഴയുകയായിരുന്നു പല പ്രമുഖരും എന്നാണ് ഒരു പഴി. അർഷ്‍ദീപ് സിംഗിനെ പോലെ വിശ്വസ്തരായ ബൗളർമാർ ടീമിനില്ലാതെ പോയി എന്നും പലരും കുറ്റപ്പെടുത്തുന്നു. വെസ്റ്റ് ഇന്‍ഡീസിന് രണ്ട് ലോകകപ്പ്(2012, 2016) നേടിക്കൊടുത്ത നായകനായ ഡാരന്‍ സമി ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി പറയുന്നത് മറ്റൊന്നാണ്.
ഐപിഎല്‍ അല്ലാതെയുള്ള മറ്റ് വിദേശ ട്വന്‍റി 20 ലീഗുകളില്‍ കളിക്കാത്തത് ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നു എന്നാണ് ഡാരന്‍ സമിയുടെ പക്ഷം. ഇന്ത്യയിലെ ആക്ടീവ് ക്രിക്കറ്റർമാർ ആർക്കും വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ അനുമതിയില്ല.
ഇന്ത്യക്ക് പാളിയത് അവിടെ
'ലോകത്തെ വിവിധ ടി20 ലീഗുകളില്‍ കളിക്കുന്ന താരങ്ങള്‍ ലോകകപ്പില്‍ മികവ് കാട്ടി. ലോകത്തെ ഏറ്റവും വലിയ ടി20 ലീഗുള്ള ഇന്ത്യയുടെ കാര്യം നോക്കുക. ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റ് ആഗോള ലീഗുകളില്‍ കളിക്കുന്ന താരങ്ങളുടെയത്ര പരിചയസമ്പത്തില്ല. അലക്സ് ഹെയ്ല്‍സ്, ക്രിസ് ജോർദാന്‍ എന്നിവർ ഓസ്ട്രേലിയയിലെ ബിഗ് ബാഷില്‍ കളിക്കുന്നവരാണ്. അതിനാല്‍ ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ട് കപ്പുയർത്തിയതില്‍ യാദൃച്ഛികതയില്ല.ഇംഗ്ലണ്ടാണ് ടൂർണമെന്‍റില്‍ പങ്കെടുത്ത ഏറ്റവും മികച്ച ടീം, അവർ ചാമ്പ്യന്‍മാരാവുകയും ചെയ്തു. എല്ലാ സമ്മർദ മത്സരങ്ങളിലും ഏറ്റവും മികച്ച ഓൾറൗണ്ട് ടീം ഞങ്ങളുടേയാണെന്ന് അവർ തെളിയിച്ചു. സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ ഇംഗ്ലണ്ടിന് എപ്പോഴും സാധിക്കുന്നു'.
2016ലെ ഓവർ വച്ച് സ്റ്റോക്സിനെ അളക്കരുത്...
'ഇന്ത്യക്കെതിരെ സെമിയിലും പാകിസ്ഥാനെതിരെ ഫൈനലിലും ഇംഗ്ലണ്ട് മേധാവിത്വം കാട്ടുന്നത് നമ്മള്‍ കണ്ടു. ഫൈനലില്‍ 137 റണ്‍സ് മാത്രമേ പിന്തുടരേണ്ടതുണ്ടായിരുന്നുള്ളൂ. അത് അവർ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള പക്വത ഇംഗ്ലണ്ട് ബാറ്റിംഗ് നിരയ്ക്കുണ്ട്. ബെന്‍ സ്റ്റോക്സിന്‍റെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ട്. സമ്മർദത്തെ സ്പോഞ്ച് പോലെ ഒപ്പിയെടുക്കുകയും അത് പിഴിഞ്ഞുകളയുകയും ചേസിംഗില്‍ സ്റ്റോക്സ് ചെയ്തു. ഇതാദ്യമായല്ല കലാശപ്പോരില്‍ സ്റ്റോക്സ് ഫോമിലേക്കുയരുന്നത്. ടീമിന്‍റെ ഹീറോയായി മാറാന്‍ സ്റ്റോക്സിന് കഴിയുന്നു. 2016 ലോകകപ്പിലെ ഒരു മോശം ഓവറിന്‍റെ പേരിലല്ല, മൂന്ന് ഫോർമാറ്റിലേയും വിസ്മയ പ്രകടനങ്ങളുടെ പേരിലാണ് സ്റ്റോക്സ് ഓർമ്മിക്കപ്പെടുന്നത്' എന്നും ഡാരന്‍ സമി ഐസിസിയോട് കൂട്ടിച്ചേർത്തു.