'ഒട്ടും സ്വാര്‍ത്ഥയില്ലാത്ത ഇന്നിംഗ്‌സ്'! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിരാശപ്പെടുത്തിയ രോഹിത്തിന് പരിഹാസം
സ്വാര്‍ത്ഥതയില്ലാത്ത ഇന്നിംഗ്‌സാണ് രോഹിത് കളിച്ചതെന്നും അടുത്ത താരത്തിന് അവസരം നല്‍കാനാണ് രോഹിത് പെട്ടന്ന് മടങ്ങിയതെന്നും ചില ക്രിക്കറ്റ് ആരാധകര്‍ പരിഹാസത്തോടെ പറയുന്നു.
സെഞ്ചൂറിയന്‍: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം രാജ്യന്തര ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മയ്ക്ക് നിരാശയായിരുന്നു ഫലം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് റണ്‍സ് മാത്രം നേടിയ രോഹിത് പുറത്താവുകയായിരുന്നു. റബാദയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ നന്ദ്രേ ബര്‍ഗര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ രോഹിത്തിന് സാധിച്ചിട്ടില്ല. 14.22 മാത്രമാണ് രോഹിത്തിന്റെ ശരാശരി. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പെട്ടന്ന് പുറത്താക്കിയതിന് പിന്നാലെ താരത്തെ ട്രോളുകയാണ് ക്രിക്കറ്റ് ആരാധകര്‍. സ്വാര്‍ത്ഥതയില്ലാത്ത ഇന്നിംഗ്‌സാണ് രോഹിത് കളിച്ചതെന്നും അടുത്ത താരത്തിന് അവസരം നല്‍കാനാണ് രോഹിത് പെട്ടന്ന് മടങ്ങിയതെന്നും ചില ക്രിക്കറ്റ് ആരാധകര്‍ പരിഹാസത്തോടെ പറയുന്നു. വട പാവിനെ ബര്‍ഗര്‍ വിഴുങ്ങിയെന്നാണ് മറ്റൊരു ആരാധകന്റെ പരിഹാസം. രോഹിത്തിനെ പുറത്താക്കാനുള്ള ക്യാച്ചെടുത്തത് ബര്‍ഗറായിരുന്നു. രോഹിത്തിനെതിരെ വന്ന ചില ട്രോളുകള്‍ വായിക്കാം...
റെക്കോര്‍ഡോടെയാണ് റബാദ രോഹിത്തിനെ പുറത്താക്കിയത്. രാജ്യന്തര ക്രിക്കറ്റില്‍ 13-ാം തവണയാണ് റബാദ രോഹിത്തിനെ മടക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ രോഹിത്തിനെ പുറത്താക്കിയ താരവും റബാദ തന്നെ. ന്യൂസിലന്‍ഡ് ക്യാപറ്റന്‍ ടിം സൗത്തിയാണ് രോഹിത്തിനെ കൂടുതല്‍ തവണ പുറത്താക്കിയ രണ്ടാമത്തെ താരം. 12 തവണ സൗത്തി, രോഹിത്തിനെ മടക്കി. എയ്‌ഞ്ചോലോ മാത്യൂസ് (10), നതാന്‍ ലിയോണ്‍ (9), ട്രെന്റ് ബോള്‍ട്ട് (8) എന്നിവരും പട്ടികയിലുണ്ട്. റബാദയ്‌ക്കെതിരെ ടെസ്റ്റില്‍ 17.3 മാത്രമാണ് രോഹിത്തിന്റെ ശരാശരി. ഏകദിനത്തില്‍ 26.2. ടി20യില്‍ അത് 26 റണ്‍സ് മാത്രം.
ടെസ്റ്റില്‍ മാത്രം ആറ് തവണയാണ് റബാദ രോഹിത്തിനെ മടക്കിത്. ടെസ്റ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ പേസറും റബാദ തന്നെ.