IND vs SA : ദുരന്തം ക്യാപ്റ്റന്‍സി! റിഷഭ് പന്തിനെ പരിഹസിച്ച് ക്രിക്കറ്റ് ലോകം; സഞ്ജു ടീമിലെത്തണമെന്ന് ആവശ്യം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ അവിചാരിതമായാണ് താരത്തെ തേടി ക്യാപ്റ്റന്‍സി എത്തിയത്. നേരത്തെ, മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ കെ എല്‍ രാഹുലിനെയാണ് ക്യാപ്റ്റനാക്കി നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാഹുലിനും പരിക്കേറ്റതോടെ പന്തിനെ നായകനാക്കുകയായിരുന്നു.
ദില്ലി: ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി പറയപ്പെടുന്ന താരമാണ് റിഷഭ് പന്ത് (Rishabh Pant). ഐപിഎല്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ (Delhi Capitals) താരം കൂടിയാണ് പന്ത്. എന്നാല്‍ ഐപിഎല്ലിനിടെ തന്നെ താരത്തിന്റെ ക്യാപ്റ്റന്‍സി (Captaincy) വിമര്‍ശിക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍സി മാത്രമല്ല, റിവ്യൂ എടുക്കുന്നതിലും പന്തിന് മികവ് കാണിക്കാനായില്ല. പ്ലേ ഓഫില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോല്‍ക്കാനുണ്ടായ കാരണം താരത്തിന്റെ മോശം തീരുമാനങ്ങളായിരുന്നുവെന്ന് വിമര്‍ശനമുണ്ടായി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ അവിചാരിതമായാണ് താരത്തെ തേടി ക്യാപ്റ്റന്‍സി എത്തിയത്. നേരത്തെ, മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ കെ എല്‍ രാഹുലിനെയാണ് ക്യാപ്റ്റനാക്കി നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാഹുലിനും പരിക്കേറ്റതോടെ പന്തിനെ നായകനാക്കുകയായിരുന്നു. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലായിരുന്നു നായകനായുള്ള പന്തിന്റ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി 211 റണ്‍സ് നേടിയിട്ടും ഇന്ത്യക്ക് സ്‌കോര്‍ പ്രതിരോധിക്കാനായില്ല. നായകന്റെ പരാജയമാണിതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. തന്റെ ബൗളര്‍മാരെ വിശ്വാസത്തിലെടുക്കാന്‍ പന്തിനായില്ലെന്നും ബൗളിംഗ് മാറ്റങ്ങള്‍ മറ്റും ഫലം കണ്ടില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ചാഹലിനെ ഉപയോഗിച്ച രീതിയാണ് ഏറെ വിമര്‍ശിക്കപ്പെട്ടത്. നാലാം ഓവറില്‍ തന്നെ ചാഹലിനെ പന്തെറിയാന്‍ ഏല്‍പ്പിച്ചു. ആ ഓവറില്‍ 16 ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. പിന്നീട് ചാഹലിനെ ഉപയോഗിച്ചത് എട്ടാം ഓവറിലും. ആറ് റണ്‍സ് മാത്രമാണ് ആ ഓവറില്‍ ചാഹല്‍ നല്‍കിയത്. പിന്നീട് ചാഹലിന് ഉപയോഗിച്ചത് പോലുമില്ല. ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് ഉറപ്പായിരിക്കെ അവസാന ഓവര്‍ എറിയാന്‍ താരമെത്തി. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി റാസി വാന്‍ ഡര്‍ ഡസ്സന്‍ വിജയം പൂര്‍ത്തിയാക്കി.
ചാഹലിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പന്തിന് നല്‍കുന്ന ഉപദേശം. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി കളിക്കുന്ന ചാഹലിനെ സഞ്ജു മനോഹരമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. പലരും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വാഴ്ത്തുന്നുമുണ്ട്. പന്തിനേക്കാള്‍ എത്രയോ മികച്ചതാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെന്നാണ് ആരാധകര്‍ പറയുന്നത്.
പന്തിന്റെ വിമര്‍ശിച്ചും സഞ്ജുവിനെ പ്രകീര്‍ത്തിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ചില ട്വീറ്റുകള്‍ കാണാം....