IPL 2022 : മൊഹസിന്‍ ഖാന്‍! ശ്രദ്ധിക്കണം ഇവനെ; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസറെ പുകഴ്ത്തി ക്രിക്കറ്റ് ലോകം
അഞ്ച് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ ഈ ഇടം കൈയന്‍ പേസര്‍ നേടിക്കഴിഞ്ഞു. 5.35 ഇക്കണോമിയാണ് താരം പന്തെറിയുന്നത്. ഗുജറാത്തിനെതിരെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ മൊഹ്‌സിന്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
മുംബൈ: ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ കൂറ്റന്‍ തോല്‍വിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവരില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 13.5 ഓവറില്‍ 82ന് എല്ലാവരും പുറത്തായി. 62 റണ്‍സിന്റെ ജയത്തോടൊപ്പം പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു ഗുജറാത്ത്. എന്നാല്‍ ലഖ്‌നൗ നിരയിലെ ഒരു പേസറുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മൊഹസിന്‍ ഖാനാണ് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം പുറത്തെടുത്തിരിക്കുന്നത്. അടിസ്ഥാന വിലയ്ക്കാണ് താരത്തെ ലഖ്‌നൗ ടീമിലെത്തിച്ചത്. മാത്രമല്ല, കളിക്കാന്‍ അവസരം ലഭിച്ചത് ഏറെ വൈകിയും. എങ്കിലും റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചതോടെ താരം ശ്രദ്ധിക്കപ്പെട്ടു. ഗുജറാത്തിനെതിരായ മത്സരം മാത്രമല്ല, മുന്‍ മത്സരങ്ങളിലും താരം റണ്‍സ് വിട്ടുകൊടുത്തിരുന്നില്ല. സീസണിലൊന്നാകെ 21 ഓവര്‍ എറിഞ്ഞപ്പോള്‍ രണ്ട് സിക്‌സ് മാത്രമാണ് താരം വഴങ്ങിയത്.
അഞ്ച് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ ഈ ഇടം കൈയന്‍ പേസര്‍ നേടിക്കഴിഞ്ഞു. 5.35 ഇക്കണോമിയാണ് താരം പന്തെറിയുന്നത്. ഗുജറാത്തിനെതിരെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ മൊഹ്‌സിന്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. എങ്കിലും ടീം പരാജയപ്പെട്ടു.
49 പന്തില്‍ 63 റണ്‍സുമായി പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ബാറ്റര്‍മാരില്‍ തിളങ്ങിയത്. വുദ്ധിമാന്‍ സാഹ (5), മാത്യൂ വെയ്ഡ് (10), ഹാര്‍ദിക് പാണ്ഡ്യ (11), ഡേവിഡ് മില്ലര്‍ (26) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ തെവാട്ടിയ (22) പുറത്താവാതെ നിന്നു. മൊഹസിന് പുറമെ ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ദീപക് ഹൂഡ (27), ക്വിന്റണ്‍ ഡി കോക്ക് (11), ആവേഷ് ഖാന്‍ ഖാന്‍ (12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. കെ എല്‍ രാഹുല്‍ (8), കരണ്‍ ശര്‍മ (4), ക്രുനാല്‍ പാണ്ഡ്യ (5), ആയുഷ് ബദോനി (8), മാര്‍കസ് സ്‌റ്റോയിനിസ് (2), ജേസണ്‍ ഹോള്‍ഡര്‍ (1) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. റാഷിദ് ഖാന്‍ നാല് വിക്കറ്റെടുത്തു.