ഐപിഎല്ലിനിടെ വാതുവയ്‌പ്; അഞ്ചംഗ സംഘം പിടിയില്‍, ലക്ഷങ്ങള്‍ കണ്ടെത്തി

സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചിലും അറസ്റ്റും

Cricket betting racket busted in Hanamkonda while IPL 2022

ഹനംകോണ്ട: ഐപിഎല്ലിനിടെ(IPL 2022) തെലങ്കാനയിലെ ഹനംകോണ്ടയില്‍ വാതുവയ്‌പ്‌(cricket betting racket) സംഘം പിടിയില്‍. ഒരു വായുവയ്‌പുകാരനടക്കം അഞ്ച് പേരാണ് ഞായറാഴ്‌ച പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും 10.3 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 

കീര്‍ത്തി യശ്വന്ത്(23), അണ്ണമനേനി ശ്രാവണ്‍(27), പലാകുര്‍ത്തി മഹേഷ് ഗൗഡ്(22), പുരാമണി പവന്‍(21), പലാകുര്‍ത്തി സുരേഷ് ഗൗഡ്(19) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ്ലിക്കേഷന്‍ വഴി യശ്വന്താണ് ക്രിക്കറ്റ് വാതുവയ്‌പ് നടത്തിയത് എന്ന് വാറങ്കൽ പൊലീസ് കമ്മീഷണര്‍ തരുണ്‍ ജോഷി വ്യക്തമാക്കി. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചിലും അറസ്റ്റും. ഒരു വര്‍ഷത്തോളമായി ഇവര്‍ വാതുവയ്‌പ് നടത്തിയിരുന്നതായും പൊലീസ് പറയുന്നു. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഞായറാഴ്‌ച ഫൈനലായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ്: 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ്: 18.1 ഓവറില്‍ 133-3.43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. സിക്സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്‍റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. 

35 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.

IPL 2022 : രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വി; ആര്‍ അശ്വിനെ പൊരിച്ച് വീരേന്ദര്‍ സെവാഗ്, ടീമിന് രൂക്ഷവിമര്‍ശനം
 

Latest Videos
Follow Us:
Download App:
  • android
  • ios