കൊവിഡ് 19: ഐപിഎല്ലിന്റെ ഭാവി ശനിയാഴ്ച അറിയാം
ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്താനിടയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തല്‍.
മുംബൈ: കൊവിഡ് 19 ആശങ്ക പടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി നിര്‍ണായക ഐപിഎല്‍ ഭരണസമിതി യോഗം ശനിയാഴ്ച മുംബൈയില്‍ നടക്കും. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ തയാറാവുകയാണെങ്കില്‍ മാത്രം മത്സരങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് നിര്‍ണായക ഭരണസമിതി യോഗം ചേരുന്നത്.
ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കാണമെന്ന് കര്‍ണാടക സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്താനിടയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തല്‍. ശനിയാഴ്ച ചേരുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലിന് പുറമെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും പങ്കെടുക്കും.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് 19 ആശങ്കക്കിടയിലും വിരമിച്ച താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന റോഡ് സേഫ്റ്റി സീരീസീന് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് ലോകവ്യാപകമായി കായിക മത്സരങ്ങള്‍ മാറ്റിവെക്കുകയോ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ വാണിജ്യ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഐപിഎല്ലുമായി മുന്നോട്ട് പോവാനാണ് ബിസിസിഐയുടെ തീരുമാനം.