കൊവിഡില്‍ വലയുന്ന ഇന്ത്യക്ക് 37 ലക്ഷം രൂപ; സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും കൂടുതല്‍ കൊവിഡ് സഹായം കണ്ടെത്തുന്നു. 

Covid 19 Cricket Australia donates USD 50000 to india

സിഡ്‌നി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. 50,000 അമേരിക്കന്‍ ഡോളറിന്‍റെ(ഏകദേശം 37 ലക്ഷത്തോളം രൂപ) പ്രാഥമിക സഹായം യുനിസെഫ് ഇന്ത്യ വഴി നല്‍കി.  

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കാനും ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനും വാക‌്‌സിന്‍ വിതരണത്തിനും ഈ തുക ഉപയോഗിക്കും. യുനിസെഫ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും കൂടുതല്‍ കൊവിഡ് സഹായം ഇന്ത്യക്കായി കണ്ടെത്തുന്നുണ്ട്. 

ഓസ്‌ട്രേലിയക്കാരും ഇന്ത്യക്കാരും തമ്മില്‍ സവിശേഷ ആത്മബന്ധമുണ്ട്. രണ്ടു കൂട്ടരുടേയും ക്രിക്കറ്റിനോടുള്ള അഭിവേശം ഈ സൗഹൃദത്തിന്‍റെ കേന്ദ്രമാണ്. പാറ്റ് കമ്മിന്‍സും ബ്രെറ്റ് ലീയും ഇന്ത്യയോട് കാണിച്ച സ്‌നേഹവും സംഭാവനയും ആകര്‍ഷിച്ചതായും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ താല്‍ക്കാലിക ചീഫ് എക്‌സിക്യുട്ടീവ് നിക്ക് ഹോക്ക്‌ലി വ്യക്തമാക്കി. 

ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച ആദ്യ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന കമ്മിന്‍സ് 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിന്‍(ഏകദേശം 40 ലക്ഷത്തോളം രൂപ) സഹായവും പ്രഖ്യാപിച്ചിരുന്നു. 

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1 കോടി രൂപ), ഡല്‍ഹി കാപിറ്റല്‍സിന്‍റെ ശിഖര്‍ ധവാന്‍(20 ലക്ഷം രൂപ), സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ശ്രീവാത്‌സ് ഗോസ്വാമി(90,000 രൂപ) എന്നിവരും കൊവിഡ് സഹായം പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായം കൈമാറിയിട്ടുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios