ലാബുഷെയ്നിന് വീണ്ടും കണ്‍കഷൻ ഭാഗ്യം, എട്ടാമനായി ഇറങ്ങി അടിച്ചത് 80 റണ്‍സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ
93 പന്തില്‍ എട്ട് ബൗണ്ടറികളടക്കം 80 റണ്‍സുമായി ലാബുഷെയ്ന്‍ പുറത്താകാതെ നിന്നപ്പോള്‍ ആഷ്ടണ്‍ ആഗര്‍ 69 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നു.
ബ്ലൂഫൊണ്ടെയ്ന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഓസ്ട്രേലിയയെ എട്ടാമനായി ഇറങ്ങി അവിശ്വസനീയ ജയം സമ്മാനിച്ച് മാര്‍നസ് ലാബുഷെയ്ന്‍. 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ പതിനേഴാം ഓവറില്‍ 113-7 എന്ന സ്കോറില്‍ തകര്‍ച്ചയിലായിരുന്നപ്പോഴാണ് ലാബുഷെയ്ന്‍ ക്രീസിലെത്തിയത്. കാഗിസോ റബാദയുടെ പന്ത് തലയില്‍ കൊണ്ട ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ക്രീസ് വിട്ടപ്പോഴാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി മാര്‍നസ് ലാബുഷെയ്ന്‍ ക്രീസിലെത്തിയത്.
തുടക്കം മുതല്‍ തകര്‍ത്തടിക്കാനുള്ള ആവേശത്തില്‍ വിക്കറ്റുകള്‍ നഷ്ടമായ ഓസീസിനെ എട്ടാമനായി ക്രീസിലിറങ്ങിയ ലാബുഷെയ്നും ആഷ്ടണ്‍ ആഗറും ചേര്‍ന്ന് താങ്ങി നിര്‍ത്തി. പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 113 റണ്‍സടിച്ച ഇരുവരും ചേര്‍ന്ന് തോല്‍വിമുഖത്തു നിന്ന് ഓസ്ട്രേലിയയെ അവിശ്വസനീയ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. 93 പന്തില്‍ എട്ട് ബൗണ്ടറികളടക്കം 80 റണ്‍സുമായി ലാബുഷെയ്ന്‍ പുറത്താകാതെ നിന്നപ്പോള്‍ ആഷ്ടണ്‍ ആഗര്‍ 69 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ ദക്ഷിണാഫ്രിക്ക 49 ഓവറില്‍ 222ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 40.2 ഓവറില്‍ 225-7. ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി. രണ്ടാം ഏകദിനം നാളെ ബ്ലൂഫൊണ്ടെയ്നില്‍ നടക്കും.
ഡേവിഡ‍് വാര്‍ണര്‍(0), ട്രാവിസ് ഹെഡ്(33), മിച്ചല്‍ മാര്‍ഷ്(17), ജോഷ് ഇംഗ്ലിസ്(1),അലക്സ് കാരി(3), മാര്‍ക്കസ് സ്റ്റോയ്നിസ്(17) എന്നിവര്‍ മടങ്ങിയശേഷമായിരുന്നു ലാബുഷെയ്നിന്‍റെയും ആഗറിന്‍റെയും അവിശ്വസനീയ കൂട്ടുകെട്ട് പിറന്നത്. നേരത്തെ ക്യാപ്റ്റന്‍ തെംബാ ബാവുമയുടെ(114*) അപരാജിത സെഞ്ചുറിയുടെ കരുത്തിലാണഅ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. 19 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രവും 32 റണ്‍സെടുത്ത മാര്‍ക്കോ ജാന്‍സണും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയുള്ളു.
ഓസീസിനായി ഹേസല്‍വുഡ് മൂന്ന് വിക്കറ്റെടുത്തു. ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന ലാബുഷെയ്ന്‍ ദക്ഷിണാഫ്രിക്കക്കെതിരായ പ്രകടനത്തോടെ സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 2019ലെ ആഷസില്‍ സ്റ്റീവ് സ്മിത്തിന്‍റെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ടെസ്റ്റില്‍ അരങ്ങേറിയ ലാബുഷെയ്ന്‍ പിന്നീട് ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബാറ്ററായി ഉയര്‍ന്നു. ഇപ്പോഴിതാ വീണ്ടുമൊരു കണ്‍കഷനിലൂടെ ലാബുഷെയ്ന്‍ ഏകദിന ടീമിലും സ്ഥിരാംഗമാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക